Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയെ പന്തു തട്ടി; ഡൽഹിക്ക് 11 റൺസ് ജയം

pant-batting ഡൽഹി താരം ഋഷഭ് പന്ത് മുംബൈയ്ക്കെതിരെ സിക്സർ നേടുന്നു

ന്യൂഡൽഹി∙ സബാഷ് ഡൽഹി!  ജയിച്ചാൽ പ്ലേ ഓഫിൽ എത്തുമായിരുന്ന മൽസരത്തിൽ ഡൽഹിയോട് 11 റൺസിനു തോറ്റു മുംബൈ പുറത്തായി. അമിത ആത്മവിശ്വാസത്തിൽ വിക്കറ്റുകൾ വഴിക്കുവഴിയെ വലിച്ചെറിച്ചെറിഞ്ഞ മുംബൈയ്ക്ക് മൽസരം തോറ്റതിനു സ്വയം പഴിക്കുകയേ നിവൃത്തിയുള്ളു. സ്കോർ: ഡൽഹി 20 ഓവറിൽ 4–174, മുംബൈ 19.3 ഓവറിൽ 163ന് പുറത്ത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അമിത് മിശ്ര, ഹർഷൽ പട്ടേൽ, ലാമിച്ചെനെ എന്നിവരാണ് മുംബൈയ്ക്കു ജയം നിഷേധിച്ചത്. 

ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ഡൽഹി വേഗത്തിൽ റൺ നേടാനാണ് ശ്രദ്ധിച്ചത്. ഒൻപത് ഓവറുകൾക്കിടെ മാക്സ്‌വെല്ലിന്റെയും (22) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടേതും (6) ഉൾപ്പെടെ മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും അതിനോടകം ഡൽഹി 75 റൺസ് നേടിയിരുന്നു.

അയ്യർക്കു പിന്നാലെയെത്തിയ പന്ത് അടിതുടങ്ങാൻ വൈകിയില്ല. പന്തിനോപ്പം വിജയ് ശങ്കറും ചേർന്നതോടെ മുംബൈ ബോളർമാർ കണക്കിനു തല്ലുവാങ്ങി. 44 പന്തിൽ നാലുവീതം ഫോറും സിക്സുമടിച്ച് 64 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. അവസാന ഓവറുകളിലെ വിജയ് ശങ്കറിന്റെ(43*) ബാറ്റിങും ഡൽഹി സ്കോർ ഉയർത്തുന്നതിൽ നിർണായകമായി.

മറുപടി ബാറ്റിങിൽ മുംബൈയ്ക്ക് ആദ്യ ഓവറിൽത്തന്നെ സൂര്യകുമാർ യാദവിനെ നഷ്ടമായി. സന്ദീപ് ലാമിച്ചെനെയ്ക്കെതിരെ അനാവശ്യ ഷോട്ടിനു ശ്രമിച്ച യാദവിനെ വിജയ് ശങ്കർ ബൗണ്ടറിക്കരികിൽ പിടികൂടി. മറുവശത്ത് എവിൻ ലൂയിസ് തകർത്തടിച്ചതോടെ മുംബൈ സ്കോർ ബോർഡും കുതിച്ചു. പവർപ്ലേ അവസാനിച്ചപ്പോൾ 1–57 എന്ന നിലയിലായിരുന്നു മുംബൈ. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നാണ്. അമിത് മിശ്രയ്ക്കെതിരെയും ലാമിച്ചെനെയ്ക്കെതിരെയും അനാവശ്യ ഷോട്ടുകളുതിർത്ത് മുംബൈ ബാറ്റ്സ്മാൻമാർ കൂടാരം കയറി. 10 ഓവർ പിന്നിട്ടപ്പോൾ 5–80 എന്ന നിലയിലായി മുംബൈ. 

ആറാം വിക്കറ്റിൽ ഹാർദിക്– രോഹിത് സഖ്യം ഒത്തുചേർന്നതോടെ മുംബൈ വീണ്ടും പ്രതീക്ഷയിലായി. എന്നാൽ 14–ാം ഓവറിൽ മികച്ചൊരു ക്യാച്ചിലൂടെ ബോൾട്ട് രോഹിതിനെ മടക്കി. തൊട്ടടുത്ത ഓവറിൽ മിശ്രയ്ക്കെതിരെ മുന്നോട്ടിറങ്ങി കളിച്ച ഹാർദികും സ്റ്റംപിങ്ങിലൂടെ പുറത്തായി. മുംബൈ 7–127. 

31 പന്തിൽ 53 റൺസാണ് മുംബൈയ്ക്കു വിജയത്തിനായി വേണ്ടിയിരുന്നത്. പ്രതീക്ഷകൾ അവസാനിച്ചിടത്തുനിന്ന് വമ്പൻ അടികളിലൂടെ ബെൻ കട്ടിങ് മുംബൈയെ മൽസരത്തിലേക്കു തിരികെയെത്തിച്ചു. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 18 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സിക്സടിച്ച കട്ടിങ് (37) രണ്ടാം പന്തിൽ പുറത്തായതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു.  ‌