റാഷിദ് മാജിക്കിന് അഭിനന്ദന പ്രവാഹം

കൊൽക്കത്ത ∙ മാസ്മരിക പ്രകടനത്തോടെ സൺറൈസേഴ്സ് ഹൈദരാബാദിനെ ഐപിഎൽ ഫൈനലിലെത്തിച്ച അഫ്ഗാനിസ്ഥാന്റെ പത്തൊൻപതുകാരൻ റാഷിദ് ഖാന് അഭിനന്ദന പ്രവാഹം. ഹൈദരാബാദ് റണ്ണെടുക്കാൻ വിഷമിച്ചപ്പോൾ ക്രീസിലെത്തിയ റാഷിദ് ആഞ്ഞടിച്ച് പത്തു പന്തിൽ 34 റൺസെടുത്ത് ആദ്യം ടീമിനെ മികച്ച സ്കോറിലെത്തിച്ചു. പിന്നീടു തന്റെ ലെഗ് സ്പിൻ മാജിക്കിലൂടെ നാല് ഓവറിൽ വെറും 19 റൺസ് വഴങ്ങി കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മൂന്നു പ്രമുഖ ബാറ്റ്സ്മാൻമാരെ പുറത്താക്കി ടീമിനു ഫൈനലിലേക്കു വഴിതുറന്നു. ഫീൽഡിലും തിളങ്ങിയ റാഷിദ് രണ്ടു മികച്ച ക്യാച്ചുമെടുത്തു. ഒരു റണ്ണൗട്ടിനു കളമൊരുക്കുകയും ചെയ്തു. 

അവിസ്മരണീയമായ ഓൾറൗണ്ട് പ്രകടനത്തിലൂടെ ഐപിഎൽ രണ്ടാം ക്വാളിഫയറിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട റാഷിദ് തനിക്കു ലഭിച്ച അവാർഡ് തന്റെ ജന്മനാടായ ജലാലാബാദിൽ കഴിഞ്ഞ ദിവസം ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന സ്ഫോടനത്തിൽ മരിച്ചവർക്കായി സമർപ്പിച്ചു. റാഷിദിനെ രാഷ്ട്രത്തിന്റെ സമ്പത്തെന്നു വിശേഷിപ്പിച്ചായിരുന്നു അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി അഭിനന്ദിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ ടാഗ് ചെയ്തായിരുന്നു ഗനിയുടെ പ്രതികരണം. റാഷിദ് അഫ്ഗാനിസ്ഥാന്റെ അഭിമാനമാണെന്നും ഗനി പറഞ്ഞു.  ‘ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 സ്പിന്നർ’ എന്നാണ് റാഷിദിനെ ഇന്ത്യയുടെ സൂപ്പർ താരം സച്ചിൻ തെൻഡുൽക്കർ വിശേഷിപ്പിച്ചത്.