Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർ ഒന്നടങ്കം പറയുന്നു, അമ്പോറ്റി റായുഡു!

എ.ഹരിപ്രസാദ്
Ambati-Rayudu അമ്പാട്ടി റായുഡു ധോണിയുമൊത്ത്. (ട്വിറ്റർ ചിത്രം)

ഇന്ത്യയ്ക്കു വേണ്ടി 34 ഏകദിന മൽസരങ്ങൾ കളിച്ചിട്ടുണ്ട് ഈ ബാറ്റ്സ്മാൻ. രണ്ടു ശതകങ്ങൾ സ്വന്തം. ബാറ്റിങ് ശരാശരി 50.33 റൺസ്. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ പേരു കൂടി പറഞ്ഞാൽ പലരും നെറ്റി ചുളിക്കും. അമ്പാട്ടി റായുഡുവാണ് ആ താരം. 

സ്റ്റാറ്റ്സ് കണ്ടു ഞെട്ടിയില്ലേ? അതുതന്നെയാണു ഹൈദരാബാദിൽ നിന്നുള്ള ഈ ക്രിക്കറ്ററുടെ ദൗർഭാഗ്യവും. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ നീലകാശത്ത് ഒരു വാൽനക്ഷത്രം പോലെ വല്ലപ്പോഴും മാത്രമേ റായുഡുവിനെ കണ്ടിട്ടുള്ളൂ. കുറഞ്ഞ മൽസരങ്ങളിൽ നിന്നായി രണ്ടു സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും കുറിച്ചിട്ടും റായുഡുവെന്ന ബാറ്റ്സ്മാൻ ആഘോഷിക്കപ്പെട്ടിട്ടില്ല. ടീമിൽ സ്ഥാനവും ഉറപ്പിച്ചിട്ടില്ല. ടീമിലെ സ്ഥിരം താരങ്ങൾ പരുക്കിന്റെ പിടിയിലാകുമ്പോൾ റായുഡുവിനെത്തേടി സിലക്ടർമാരെത്തും. റായുഡു വരും, കളിക്കും, മടങ്ങും. ടീമിനെ തുണച്ച പ്രകടനങ്ങളുമായി തല ഉയർത്തിയാണ് ഓരോ വരവിലും ഈ ഗുണ്ടൂരുകാരൻ മടങ്ങിയത്. പക്ഷേ ആ പരമ്പരയ്ക്കപ്പുറം ആരും ഓർമിക്കാറില്ല റായുഡുവിന്റെ പ്രകടനങ്ങൾ. 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പ് പക്ഷേ താരത്തിന്റെ ജാതകം തിരുത്തിയെഴുതുകയാണ്. എന്നും താരനിബിഡമായ ചെന്നൈ സൂപ്പർ കിങ്സ് നിരയിലെ പുതിയ സൂപ്പർ താരമാണു റായുഡു. മാത്യു ഹെയ്ഡനും സുരേഷ് റെയ്നയും എംഎസ്. ധോണിയും പോലുള്ള വൻതോക്കുകൾ നയിച്ച ചെന്നൈയിൻ ആക്രമണത്തിന്റെ  ഇപ്പോഴത്തെ അവകാശി. പന്ത്രണ്ടു മൽസരങ്ങളിൽ നിന്നു 535 റൺസ്. സ്ട്രൈക്ക് റേറ്റ് 152.85. അൻപതിനടുത്തു ബാറ്റിങ് ശരാശരി. ഓപ്പണറായി സ്ഥാനക്കയറ്റം നേടിയ താരത്തിന്റെ പ്രഥമ സെഞ്ചുറിയും ഇതിനിടെ പിറന്നു. ഐപിഎല്ലിൽ ഇതുവരെ നേടിയ റെക്കോർഡുകളെല്ലാം പതിൻമടങ്ങാക്കി ഉയർത്തുകയാണ് ഒൻപതാം സീസണിനിറങ്ങുന്ന റായുഡു. 

നിരാശയുടെ കരിയർ കടന്ന്

ഐപിഎല്ലിലെ ‘സെൻസേഷൻ’ താരമായി റായുഡു തിളങ്ങുമ്പോൾ ആകാശത്തോളം പ്രതീക്ഷകളുമായുള്ള കരിയറിന്റെ തുടക്കത്തെക്കുറിച്ചും പറയാതെ വയ്യ. അമ്പാട്ടി തിരുപ്പതി റായുഡു എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിൽ കേട്ടുതുടങ്ങിയത് എന്നാണെന്നു ഓർക്കുന്നുണ്ടോ? ഓർമ കാണില്ല, കാരണം വർഷങ്ങൾ കുറെ കടന്നുപോയി തെൻഡുൽക്കർക്കൊരു പിൻഗാമിയെത്തുന്നുവെന്ന വിശേഷണങ്ങൾ വന്നിട്ട്. പതിനെട്ടു വർഷങ്ങൾക്കു മുൻപാണു ഹൈദരാബാദിലെ  അദ്ഭുത ബാലൻ ആദ്യമായി വാർത്തകളിൽ നിറയുന്നത്.

ജൂനിയർ തലത്തിലുള്ള മൽസരങ്ങളിൽ തുടർച്ചയായി വൻസ്കോറുകൾ സൃഷ്ടിച്ച റായുഡു 2000 ലെ എസിസി അണ്ടർ–15 ടൂർണമെന്റിൽ ഇന്ത്യയെ ജേതാക്കളാക്കിയാണു വരവറിയിച്ചത്. കരുത്തരായ ഹൈദരാബാദിന്റെ  രഞ്ജി ടീമിലും വൈകാതെ ഇടംനേടിയ റായുഡു തന്റെ മൂന്നാം  മൽസരത്തിൽ ആന്ധ്രക്കെതിരെ ഒന്നാം ഇന്നിങ്സിൽ 210 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താവാതെ 159 റൺസും നേടി വിസ്മയം സൃഷ്ടിച്ചു. 

അണ്ടർ–19 ടീമിനെയും നയിച്ചു പതിനേഴാം വയസിൽ ഇംഗ്ലണ്ടിൽ ചെന്നു 87 റൺസ് ശരാശരിയിൽ റൺമഴ പെയ്യിച്ചതോടെ ഡേവിഡ് ലോയ്ഡ് ഉൾപ്പെടെയുള്ളവർ ക്രിക്കറ്റിലെ ‘നെക്സ്റ്റ് ബിഗ് തിങ്’ എന്നാണു പയ്യനെ വിശേഷിപ്പിച്ചത്. പക്ഷേ സംഭവിച്ചതു മറിച്ചാണ്. കോച്ചുമായുള്ള അഭിപ്രായവ്യത്യാസങ്ങളും മറ്റുമായി ക്രീസിനു പുറത്തെ ചില സംഭവങ്ങൾ താരത്തിന്റെ കരിയറിനു നിഴൽ വീഴ്ത്തി. ഒടുവിൽ ഐസിഎൽ എന്ന റിബൽ ലീഗിന്റെ കളത്തിലേയ്ക്ക്. പിന്നാലെ ബിസിസിഐയുടെ വിലക്കുമെത്തി.

വിലക്കു മാറിയശേഷം ഹൈദരാബാദിനും ബറോഡയ്ക്കും വിദർഭയ്ക്കുമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ച റായുഡുവിന്റെ കരിയറിനു വെളിച്ചമായത് ഐപിഎല്ലാണ്. മുംബൈ ഇന്ത്യൻസിന്റെ ഭാഗമായി കളി ജയിപ്പിച്ചെടുത്ത ഒട്ടേറെ പ്രകടനങ്ങൾ റായുഡുവിൽ നിന്നുണ്ടായി. അപ്പോഴും പൊള്ളാർഡും രോഹിത്തും സിമ്മൺസും പോലുള്ള സൂപ്പർ താരങ്ങളുടെ നിഴലിൽ ഒതുങ്ങി പാർട്ട് ടൈം വിക്കറ്റ് കീപ്പർ കൂടിയായ താരത്തിന്റെ സംഭാവനകൾ. ഇന്നിപ്പോൾ ചെന്നൈയുടെ മഞ്ഞയിൽ താരം നടത്തുന്ന പ്രകടനം കാണുമ്പോൾ ഏറെ നിരാശപ്പെടുന്നതും നീത അംബാനിയുടെ ടീം തന്നെ ആകും.

ക്രെഡിറ്റ് ക്യാപ്റ്റൻ ധോണിക്ക്

ചെന്നൈയുടെ തിരച്ചുവരവിൽ ക്യാപ്റ്റൻ കൂൾ ധോണിയുടെ വജ്രായുധം തന്നെയാണ് അമ്പാട്ടി റായുഡുവെന്ന കറതീർന്ന സ്ട്രോക്ക് മേക്കർ. ഒരു ബിഗ് ഹിറ്റർക്കു വേണ്ട ശരീരഭാഷയോ ആകാരമോ ഒന്നും കാണില്ല ഈ ബാറ്റ്സ്മാൻ ക്രീസിൽ നിൽക്കുമ്പോൾ. പക്ഷേ റായുഡുവിന്റെ ബാറ്റിൽ നിന്നു പന്തുകൾ ഒരു മടിയും കാട്ടാതെ ബൗണ്ടറി കടക്കും. പേസ് എന്നോ സ്പിൻ എന്നോയുള്ള ഭേദഭാവങ്ങളില്ലാതെയാകും ആ ഷോട്ടുകൾ. ഐപിഎല്ലിൽ റായുഡുവിനെ ഓപ്പണിങ് സ്ഥാനത്തേയ്ക്കു പരീക്ഷിച്ച നായകൻ എം.എസ്.ധോണിയുടെ വാക്കുകൾ മതി ഹൈദരാബാദ് താരത്തിന്റെ മൂല്യം അറിയാൻ.

ഐപിഎല്ലിനു തുടക്കമാകും മുൻപേ റായുഡുവിന്റെ സ്ഥാനത്തെക്കുറിച്ചു കണക്കുകൂട്ടലുകൾ നടത്തിയിരുന്നു ധോണി. ‘ ഉയർന്ന നിലവാരമുള്ള താരമാണു റായുഡു. പേസും സ്പിന്നും ഒരുപോലെ കളിക്കാൻ കെൽപ്പുള്ളയാൾ. ഓപ്പണർമാരെ തളയ്ക്കാൻ സ്പിന്നർമാരെയാകും ടീമുകൾ ആശ്രയിക്കുക. ഫീൽഡ് അറിഞ്ഞു വമ്പൻ ഷോട്ട് കളിക്കാൻ മിടുക്കുള്ള റായുഡുവിന് ആ റോൾ വഴങ്ങുമെന്ന് ഉറപ്പായിരുന്നു ’ – നായകൻ ധോണിയുടെ നിരീക്ഷണങ്ങളുടെ വിജയം കൂടിയാണ് ഈ ഐപിഎല്ലിൽ അമ്പാട്ടി റായുഡുവിന്റെ പടയോട്ടം. 

ക്യാപ്റ്റൻ ധോണി നൽകിയ സ്ഥാനക്കയറ്റം റായുഡു എന്ന ബാറ്റ്സ്മാനു ടേണിങ് പോയിന്റായെന്നതിനു കളത്തിലെ കണക്കുകൾ തെളിവാണ്. ബാറ്റിങ്ങിൽ വന്ന മെയ്ക്ക് ഓവറിൽ രഹസ്യങ്ങളൊന്നുമില്ലെന്നു റായുഡു തന്നെ പറയും. ഓപ്പണിങ് ഒരനുഗ്രഹമായെന്നു മാത്രം. ‘ട്വന്റി 20 യിൽ ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്നതു മികച്ച അവസരമാണ്. ഞാൻ ആ റോൾ ആസ്വദിക്കുന്നു. ചതുർദിന ക്രിക്കറ്റിൽ നന്നായി ബാറ്റ് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഇവിടെ ഏതു സ്ഥാനത്തും തിളങ്ങാം ’ – ക്രീസിൽ മാത്രമല്ല, പുറത്തും ആത്മവിശ്വാസത്തിന്റെ പരകോടിയിലാണു ഇന്ത്യൻ ഏകദിന ടീമിലേയ്ക്കു മടങ്ങിവരവിനൊരുങ്ങുന്ന റായുഡു.