Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളം നിറഞ്ഞ്, മനം നിറച്ച് ബേസിൽ; ഐപിഎൽ പത്താം സീസണിലെ ‘എമേർജിങ് പ്ലെയർ’

Basil-Thampi

‘ആ വിക്കറ്റ് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരായ വിരാട് കോഹ്ലിക്കും ക്രിസ് ഗെയ്‌ലിനുമെതിരെ ബോൾ ചെയ്യുന്നതും അവരെ പുറത്താക്കുന്നതുമെല്ലാം സ്വപ്നം കണ്ടിട്ടേയുള്ളൂ. ഐപിഎല്ലിൽ എന്റെ ആദ്യ വിക്കറ്റ് ഗെയ്‌ലിന്റെതാണെന്നതു വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പക്ഷേ ടീമിന് ജയിക്കാനായില്ല എന്നതു സങ്കടമാണ്’- ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ ക്രിസ് ഗെയ്‌ലിനെ എൽബിഡബ്ല്യുവാക്കിയ മൽസരത്തിനുശേഷം, ഇത്തവണത്തെ ‘എമേർജിങ് പ്ലെയറായി’ തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിന്റെ മലയാളി താരം ബേസിൽ തമ്പി പറഞ്ഞ വാക്കുകൾ. 

ഗുജറാത്ത് ലയൺസിന്റെ ദുർബലമായ ബോളിങ് നിരയിലെ അധ്വാനിയെന്ന നിലയിലാണ് ബേസിൽ തമ്പി ഐപിഎല്ലിൽ വരവറിയിച്ചത്. കൂടെയുള്ളവരെല്ലാം തല്ലുവാങ്ങുമ്പോഴും യോർക്കറുകളും സ്ലോ ബോളുകളുമായി ബേസിൽ ഡെത്ത് ഓവറുകളിൽ പരമാവധി നിയന്ത്രിച്ച് പന്തെറിഞ്ഞു. ബേസിലിനെ ടൂർണമെന്റിന്റെ കണ്ടെത്തലുകളിലൊരാളായി വിലയിരുത്തുന്നതും ഈ മികവിന്റെ അടിസ്ഥാനത്തിലാണ്. പരമ്പരാഗതമായി ഫാസ്റ്റ് ബോളർമാരുടെ വരൾച്ച അനുഭവിക്കുന്ന ഇന്ത്യയ്ക്ക്, ഈ രംഗത്ത് പ്രതീക്ഷയർപ്പിക്കാവുന്ന താരമാണ് താനെന്ന് പ്രതീക്ഷ നൽകുന്ന പ്രകടനത്തിലൂടെ ഈ ഇരുപത്തിമൂന്നുകാരൻ ഉറപ്പു നൽകുന്നു.

12 മൽസരങ്ങളിൽനിന്ന് 11 വിക്കറ്റുകൾ നേടിയ ബേസിലിന്റെ പ്രകടനം കളിക്കണക്കുകൾ പരിശോധിച്ചാൽ അത്ര മികച്ചതാവണമെന്നില്ല. എന്നാൽ, നേടിയ വിക്കറ്റുകളുടെ എണ്ണത്തിനപ്പുറമാണ് ബേസിലിന്റെ പ്രതിഭയെന്നതിന് അദ്ദേഹത്തിന്റെ പ്രകടനം കണ്ടവർ സാക്ഷി. ഗെയ്‍ലിനു പുറമെ വിരാട് കോഹ്‍ലി, എം.എസ്. ധോണി, കീറോൻ പൊള്ളാർഡ്, ഹാഷിം അംല തുടങ്ങിയ വമ്പൻമാരും ബേസിലിന്റെ ഏറിനുമുന്നിൽ വീണവരാണ്.

രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിച്ചിരുന്ന ബേസിലിനെ കളിയാരാധകർ ശരിക്കും അറി‍ഞ്ഞു തുടങ്ങിയത് 10–ാം സീസണിനു മുന്നോടിയായുള്ള ലേലത്തിലൂടെയാണ്. ടിനു യോഹന്നാൻ, സഞ്ജു സാംസൺ, സച്ചിൻ ബേബി തുടങ്ങിയ താരങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന കേരള ക്രിക്കറ്റിൽ ഈ ലേലം കഴിഞ്ഞതോടെ ബേസിൽ താരമായി. അന്നുവരെ രഞ്ജി ട്രോഫിയിലെ കളിമികവുകൾ സൂക്ഷിച്ചു നിരീക്ഷിച്ചിരുന്നവർക്കു മാത്രം പരിചിതമായിരുന്ന ബേസിലിന്റെ പേര്, ലേലത്തിനു ശേഷം ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രശസ്തമായി. പൊതുവെ ബോളർമാർക്കായി ടീമുകൾ വലയെറിഞ്ഞ ഇത്തവണത്തെ ലേലത്തിൽ, 10 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനു ലഭിച്ചത് 85 ലക്ഷം രൂപ.

യോർക്കറുകളിലാണ് ബേസിലിന്റെ ശക്തി. ഗെയ്‌ലിനെ വീഴ്ത്തി ഐപിഎല്ലിലെ കന്നി വിക്കറ്റ് നേടിയതും തകർപ്പനൊരു യോർക്കറിലൂടെ. ബേസിൽ തമ്പി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കാലം ഏറെ അകലെയല്ലെന്നു ഗുജറാത്ത് ലയൺസിലെ സഹതാരമായിരുന്നു ഡ്വെയ്ൻ ബ്രാവോ പറഞ്ഞത് വെറുതെയല്ല. ബ്രാവോയുടെ വാക്കുകളിങ്ങനെ: ഏറെ കഴിവുള്ള ചെറുപ്പക്കാരനാണു തമ്പി. ഒരു വർഷത്തിനുള്ളിൽ തമ്പി ഇന്ത്യയ്ക്കു വേണ്ടി കളിക്കും. പ്രതിഭയുള്ള താരമാണ്. പൊരുതാനുള്ള മനസ്സുണ്ട്. നല്ല പേസും സാങ്കേതികമികവും തമ്പിക്കുണ്ട്. ഓരോ നിമിഷവും കൂടുതൽ മികവിനു വേണ്ടിയുള്ള ശ്രമവും തമ്പി നടത്തുന്നു. കൂടുതൽ മികവ് തേടിക്കൊണ്ടേയിരിക്കുന്ന താരമാണു തമ്പി. ഇത്തരം താരങ്ങളുള്ളപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ശരിയായ ദിശയിലാണെന്നു തോന്നുന്നുവെന്നും അന്ന് ബ്രാവോ പറഞ്ഞു. 

ആശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ തലം മുതലാണു ബേസിൽ ക്രിക്കറ്റ് ഗൗരവമായെടുത്തു തുടങ്ങിയത്. പെരുമ്പാവൂർ ക്രിക്കറ്റ് ക്ലബ്ബിൽ അംഗമായതോടെ ഫാസ്റ്റ് ബോളറായി രൂപപ്പെട്ടു. ജില്ല അണ്ടർ 19, 23 ടീമുകളിൽ അംഗമായി. ഇവിടത്തെ മികച്ച പ്രകടനം കേരള രഞ്ജി ടീമിലെത്തിച്ചു. മൂന്നു സീസണായി കേരളത്തിനായി രഞ്ജി ട്രോഫി കളിക്കുന്നുണ്ട് ബേസിൽ. മുൻപു മൂന്നു പ്രാവശ്യം താരലേലപ്പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ഇത്തവണയാണു പരിഗണിക്കപ്പെട്ടത്. എംആർഎഫ് ജീവനക്കാരനാണു ബേസിൽ.