Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ ആഫ്രിക്കയിൽ ലഡു പൊട്ടും; ആശ്വാസം മലയാളത്തിൽ

Sanju-Samson-plays

ഐപിഎല്ലിൽ ഡൽഹിയുടെ നഷ്ടത്തിൽ നേട്ടം ദക്ഷിണാഫ്രിക്കയ്ക്കാണ്. സ്റ്റാർ‌ ബാറ്റ്സ്മാൻമാരായ ക്വിന്റൻ ഡികോക്ക്, ജെപി ഡുമിനി എന്നിവർ ഡൽഹിക്കായി കളിക്കാനെത്തില്ലെന്ന വാർത്ത ദക്ഷിണാഫ്രിക്കൻ ടീം മാനേജ്മെന്റിന്റെ മനസ്സിലാകും ‘ലഡു പൊട്ടിച്ചത്’. മതിയായ വിശ്രമം ലഭിച്ച്, പരുക്കിനു പിടികൊടുക്കാതെ നിന്നാൽ ഇരുവരും ജൂണിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുതൽക്കൂട്ടാകും. മലയാളത്തിനും ആശ്വസിക്കാൻ വകയുണ്ട്. ഡുമിനിയും ഡികോക്കുമില്ലാത്ത ഡൽഹി ബാറ്റിങ് നിരയുടെ നെടുംതൂണുകൾ ഇത്തവണ സ​ഞ്ജു സാംസണും കരുൺ നായരുമായിരിക്കും.

ഐപിഎല്ലിലെ പഴയ കടുവകളാണ് ഡൽഹി. മൂന്നുതവണ പ്ലേ ഓഫ് കളിച്ചിട്ടുണ്ടെങ്കിലും അതെല്ലാം 2013നു മുൻപായിരുന്നു. തുടർന്നിങ്ങോട്ട് പോയിന്റുപട്ടികയുടെ അവസാന തട്ടിലായിരുന്നു സ്ഥാനം. ദക്ഷിണാഫ്രിക്കയുടെ ലോകോത്തര സ്പിന്നർ ഇമ്രാൻ താഹിറിനെ വിട്ടുകളഞ്ഞ് ആരാധകരെ അമ്പരപ്പിച്ച ഡൽഹി പക്ഷേ, ലേലത്തിൽ അതിന്റെ കേടു തീർത്തു. ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദോയെ അഞ്ചു കോടിക്ക് സ്വന്തമാക്കി.

ഓൾറൗണ്ടർമാരായ എയ്​​ഞ്ചലോ മാത്യൂസ്, കോറി ആൻഡേഴ്സൺ എന്നിവരെയും  കോടികൾ ചെലവിട്ട് വാങ്ങി. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസും ഡൽഹി ക്യാംപിലെത്തി. അനുഭവ സമ്പത്തിന്റെ പന്തുമായെത്തുന്ന വെറ്ററൻ താരം സഹീർഖാൻ തന്നെയാണ് ഇത്തവണയും ക്യാപ്റ്റൻ. ദക്ഷിണാഫ്രിക്കക്കാരൻ പാഡി അപ്റ്റനാണ് പരിശീലകൻ.

കരുത്ത്

ഇന്ത്യ എ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് മെന്ററായ ടീമിൽ ഇന്ത്യൻ യുവതുർക്കികൾ തന്നെയാണ് താരങ്ങൾ. ഇന്ത്യൻ ടീമിലെത്താൻ അവർക്കുള്ള പാലമാണിത്. ശ്രേയസ് അയ്യർ, കരൺ നായർ, സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നിങ്ങനെ ഡൽഹി വഴി ഇന്ത്യൻ സീനിയർ ടീമിലേക്കെത്തിയ താരങ്ങൾ ഇത്തവണ ബാറ്റുകൊണ്ട് നന്ദിയറിയാക്കാൻ കാത്തിരിപ്പുണ്ട്.

ജയന്ത് യാദവ്, മുരുകൻ അശ്വിൻ, അമിത് മിശ്ര എന്നിവർ സ്പിൻ ഡിപ്പാർട്ട്മെന്റും കൈയടക്കുന്നു. ഫാസ്റ്റ് ബോളർമാരായി സഹീർഖാനും മുഹമ്മദ് ഷമിയും എത്തുന്നു. ക്രിസ് മോറിസും കാർലോസ് ബ്രെത്‍വെയ്റ്റും ചേരുന്നതോടെ വിദേശ ഓൾറൗണ്ടർമാരുടെ എണ്ണം നാലായി.

വെല്ലുവിളി

ക്വിന്റൻ ഡികോക്ക് എന്ന മികച്ച ഓപ്പണറെ നഷ്ടമായ ഡൽഹിക്ക് സീസൺ മുഴുവൻ ശ്രേയസ് അയ്യർ– സാം ബില്ലിങ്സ് കൂട്ടുകെട്ടിനെ അമിതമായി ആശ്രയിക്കേണ്ടിവരും. എയ്ഞ്ചലോ മാത്യൂസ് പരുക്കിന്റെ പിടിയിലാണ്. മുഹമ്മദ് ഷമിയുടെയും സഹീർഖാന്റെയും ഫോമിനെക്കുറിച്ച് ആശങ്കകളുണ്ട്. മധ്യനിരയി‍ൽ ഒരു സ്പെഷലിസ്റ്റ് വിദേശ ബാറ്റ്സ്മാന്റെ അഭാവവുമുണ്ട്.

കാഗിസോ റബാദ

വില അഞ്ചു കോടി‌. ആദ്യ ഐപിഎൽ കളിക്കുന്ന ഈ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ വിദേശതാരങ്ങളിലെ മികച്ച മൂന്നാമത്തെ ലേലത്തുകയ്ക്കാണ് ഡൽഹിയിലെത്തിയത്. ഐസിസി ഏകദിന റാങ്കിങ്ങിൽ അഞ്ചാമതും ടെസ്റ്റ് റാങ്കിങ്ങിൽ ഏഴാമതുമാണ് സ്ഥാനം. ഇരുപത്തൊന്നുകാരനായ റബാദ 38 വയസുള്ള സഹീർഖാനൊപ്പം ഡൽഹിയുടെ പേസ് ആക്രമണത്തെ നയിക്കും.

Your Rating: