Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവർക്കു പന്താണ് ആയുധം; ഏറിന്റെ ശൗര്യവുമായി ഹൈദരാബാദ്

Sunrisers-Hyderabad

കഴിഞ്ഞവർഷത്തെ ഐപിഎൽ ഫൈനലിൽ അവസാന ഓവറിൽ 15 റൺസായിരുന്നു ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന്റെ വിജയലക്ഷ്യം. റണ്ണൊഴുകുന്ന ചിന്നസ്വാമിയിലെ പിച്ചിൽ ആ ലക്ഷ്യം അനായാസമെന്നാണു തോന്നിയത്. പക്ഷേ, ആദ്യ അ‍ഞ്ചു പന്തിൽ അഞ്ചു റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വർ കിരീടം ഹൈദരാബാദിന്റെ വരുതിയിലാക്കി. ബാറ്റിനേക്കാൾ പന്തുകൊണ്ട് ഒരു സീസണിൽ നടത്തിയ വിജയക്കുതിപ്പിന് കിരീടത്തിലൂടെ ഫലസമാപ്തി. വിജയിച്ച ഫോർമുല ആരെങ്കിലും മാറ്റുമോ? കിരീടം നിലനിർത്തി, യഥാർഥ ചാംപ്യൻമാരെന്നു തെളിയിക്കാനെത്തുന്ന ഹൈദരാബാദ് നിരയിൽ ഇത്തവണയും നിറയെ ബോളർമാർ.

ഡേവിഡ് വാർണറും ഭുവനേശ്വർ കുമാറും മുസ്തഫിസുർ റഹ്മാനുമായിരുന്നു കഴിഞ്ഞ സീസണിലെ കിരീട വിജയത്തിൽ സൺറൈസേഴ്സിന്റെ തുരുപ്പുചീട്ടുകൾ. ഒൻപത് അർധ സെഞ്ചുറിയടക്കം 848 റൺസ് നേടി റൺവേട്ടക്കാരിൽ രണ്ടാമനായ വാർണറാണ് ഇത്തവണയും ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയ ഭുവനേശ്വറും ഇത്തവണ ടീമിനൊപ്പമുണ്ട്. 6.90 എന്ന മികച്ച ഇക്കോണമി നിരക്കിൽ പന്തെറിഞ്ഞ മുസ്തറഫിസുർ റഹ്മാൻ മൽസരിക്കുന്ന കാര്യം തീരുമാനമായില്ല.

ഐപിഎല്ലിൽ മൽസരിക്കാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ അനുമതി കിട്ടാത്തതാണ് കാരണം. നാലുകോടി ചെലവിട്ട് വാങ്ങിയ അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാനും ഓൾറൗണ്ടർ മുഹമ്മദ് നബിയുമാണ് ഹൈദരാബാദ് നിരയിലെ പുതുമുഖങ്ങൾ. ഹൈദരാബാദിൽ നിന്നുള്ള പേസ് ബോളർ മുഹമ്മദ് സിറാജും 2.6 കോടി രൂപ പ്രതിഫലത്തുകയിൽ സൺറൈസേഴ്സിലെത്തി. ടോം മൂഡിയാണ് പരിശീലകൻ.

കരുത്ത്

ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളിങ് നിര ഇത്തവണയും ഹൈദരാബാദിനൊപ്പമാണ്. ആശിഷ് നെഹ്റ, മോയിസ് ഹെൻറിക്വസ് എന്നിവർക്കു പുറമെ ബരീന്ദർ സ്രാനും ക്രിസ് ജോർദാനുമടങ്ങുന്ന റിസർവ് നിരയും ശക്തം. കഴിഞ്ഞ സീസണിൽ മാത്രം 82 വിക്കറ്റുകളാണ് ‌പേസ് നിര നേടിയത്. ഡേവിഡ് വാർണർ, ശിഖർ ധവാൻ എന്നിവർ ചേർന്ന ഓപ്പണിങ് സഖ്യം കഴിഞ്ഞ തവണ മികച്ചുനിന്നു. പരുക്കിനെത്തുടർന്ന് കഴിഞ്ഞ തവണ ഏഴു മൽസരങ്ങൾ നഷ്ടപ്പെട്ട യുവരാജ് സിങ് ഇത്തവണ മികച്ച ഫോമിൽ തിരിച്ചെത്തുന്നത് പ്രതീക്ഷയാണ്. റാഷിദും നബിയുമെത്തുന്നതോടെ സ്പിൻ നിരയുടെ മികവുകൂടും.

വെല്ലുവിളി

മുസ്തഫിസുർ റഹ്മാൻ കളിക്കാനെത്തുമോ എന്നതാണ് സൺറൈസേഴ്സ് ആരാധകരുടെ ഏറ്റവും വലിയ ആശങ്ക. മധ്യനിരയിലെ ബാറ്റിങ് കഴിഞ്ഞ സീസണിൽ ആശാവഹമായിരുന്നില്ല. ടീമിന്റെ ആകെ റൺസിൽ പകുതിയിലധികം നേടിയത് ഓപ്പണർമാർ ചേർന്നാണ്. ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ചരിത്രം സൺറൈസേഴ്സിന് അനുകൂലമല്ല. ഐപിഎല്ലിൽ ഇവിടെ നടന്ന പത്തു മൽസരങ്ങളിൽ ഏഴിലും സൺറൈസേഴ്സ് തോൽവി വഴങ്ങിയിരുന്നു. കഴിഞ്ഞതവണ വെറും ആറുവിക്കറ്റു മാത്രമാണ് ഹൈദരാബാദ് സ്പിന്നർമാർക്ക് നേടാനായത്.

ഭൂവനേശ്വർ കുമാർ

∙ പർപ്പിൾ ക്യാംപ്

∙ 23 വിക്കറ്റുകളുമായി കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാംപ് ജേതാവ്. ബോളിങ് ഇക്കണോമി 7.42. 66 ഓവറുകളിലായി 147 ഡോട് ബോളുകളെറിഞ്ഞു.

Your Rating: