വിനീതം സമനില

ഇൻജുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ കണ്ടെത്തിയ വിനീതിന്റെ ആഹ്ലാദം ചിത്രം: വിബി ജോബ്

ചെന്നൈ ∙ മച്ചാൻമാരുടെ നാട്ടിൽ വിനീത് കേരളത്തിന്റെ സൂപ്പർ മച്ചാനായി. അവസാന മിനിറ്റിൽ ആവേശത്തിന്റെ അമിട്ടു പൊട്ടിയ മൽസരത്തിൽ  കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു (1-1).  90-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സ്ലൊവേന്യൻ താരം റെനെ മിഷേലിച്ചാണു ചെന്നൈയെ മുന്നിലെത്തിച്ചത്.

അധിക സമയത്തിന്റെ അവസാന മിനിറ്റിൽ സി.കെ.വിനീത് കേരളത്തിനായി വെടിപൊട്ടിച്ചു. കഴിഞ്ഞ മൽസരത്തിൽ കലക്കൻ ഹെഡറിലൂടെ വിജയ നായകനായ വിനീത് ഇത്തവണ വലംകാൽ ഷോട്ടിലൂടെ കേരളത്തിന്റെ വീരനായി. ചെന്നൈ ഗോളി കരൺജിത് സിങ്ങാണു ഹീറോ ഓഫ് ദ മാച്ച്. കേരളത്തിന്റെ റിനോ ആന്റോ  കാലിനു പരിക്കേറ്റ് ആദ്യ പകുതിയിൽ തന്നെ പുറത്തു പോയി. ബെംഗളുരു എഫ്സിക്കെതിരെ 31നു സ്വന്തം തട്ടകത്തിലാണു കേരളത്തിന്റെ അടുത്ത മൽസരം. 13 പോയിന്റുമായി ചെന്നൈയിൻ ഒന്നാമതെത്തി. ഏഴു പോയിന്റോടെ കേരളം ഏഴാം സ്ഥാനത്തു തുടരുന്നു. 

∙ മധ്യനിര സങ്കൽപ്പം 

കേരളത്തിന്റെ പിൻനിര മുല്ലപ്പെരിയാർ അണക്കെട്ട് പോലെ ശക്തമായിരുന്നു. ജിങ്കാൻ കാലു കൊണ്ടും തലകൊണ്ടുമെല്ലാം പന്ത് തടുത്തു. പെസിച്ച് ഉറച്ചു നിന്നു. മുന്നേറ്റത്തിൽ റോളൊന്നും വഹിക്കാനായില്ലെങ്കിലും വെസ് ബ്രൗൺ പലപ്പോഴും പ്രതിരോധ മികവിലേക്കു സംഭാവന ചെയ്തു. കേരളത്തിന്റെ മധ്യ നിര പക്ഷേ, ഭൂമധ്യ രേഖ പോലെ ഒരു സങ്കൽപ്പം മാത്രമായിരുന്നു. സുന്ദരമായ ഒരു നീക്കം പോലുമില്ലാതെ, കടും വേനലിലെ ഭാരതപ്പുഴ പോലെ അവിടെ വരണ്ടു കിടന്നു. 

∙ ക്ലൈമാക്സിൽ ട്വിസ്റ്റ് 

അടൂർ ചിത്രം പോലെ പുരോഗമിച്ച മൽസരത്തിന്റെ ക്ലൈമാക്സ് പക്ഷേ, രജനിയുടെ തട്ടുപൊളിപ്പൻ സിനിമയെ വെല്ലുന്നതായി. കൈമെയ് മറന്നുള്ള പ്രതിരോധത്തിനിടെ നായകൻ സന്ദേശ് ജിങ്കാന്റെ കൈയ്യിൽ പന്തു തട്ടിയത് 89-ാം മിനിറ്റിൽ. പെനൽറ്റി റെനെ മിഷേലിച് വലയിലാക്കി (1-0). കേരളത്തിന്റെ സൂപ്പർ മച്ചാൻ വിനീതിന്റെ റോൾ പക്ഷേ, ബാക്കിയായിരുന്നു. റഫറി വിസിൽ ചുണ്ടിലേക്കുവച്ച നിമിഷം വിനീത് ചെന്നൈയിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ചു. വലതു വിങ്ങിൽ നിന്നു ജിങ്കാന്റെ ക്രോസ്. നൂറു മീറ്ററിന്റെ ഫിനിഷിങ് പോയിന്റിലേക്കെന്ന പോലെ വിനീത് കുതിച്ചെത്തി. കേരളം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. (1-1)