തുടർതോൽവികൾക്ക് അവസാനം; ഗോവയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റിന് രണ്ടാം ജയം

രണ്ടാം ജയം സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങൾ.ചിത്രം: ഐഎസ്എൽ

ഗുവാഹത്തി ∙ എഫ്സി ഗോവയെ സ്വന്തം തട്ടകത്തിൽ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് ഐഎസ്എല്ലിൽ തകർപ്പൻ ജയം. തുടർച്ചയായ പരാജയങ്ങളിൽ ഉലഞ്ഞ ടീമിന് ആശ്വാസമായി വിജയം. പുണെ സിറ്റിക്കെതിരെ അഞ്ചു ഗോളിനു തോറ്റതിനു പിന്നാലെ നോർത്ത് ഈസ്റ്റ് കോച്ച് ജോവോ ഡി ഡ്യൂസിനെ പുറത്താക്കി മുൻ ചെൽസി കോച്ച് അവ്റാം ഗ്രാന്റിനെ ഉപദേശകനായി നിയമിച്ചിരുന്നു.

മാർസീഞ്ഞോയിലൂടെ നോർത്ത് ഈസ്റ്റ് ഇരുപത്തൊന്നാം മിനിറ്റിൽ ലീഡ് നേടി. ഏഴു മിനിറ്റിനുള്ളിൽ ഗോവ മാനുവൽ അരാനയിലൂടെ സമനില പിടിച്ചു. സെമിൻലെൻ ഡങ്കൽ അൻപത്തിരണ്ടാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് വിജയഗോൾ നേടി. അരാനയുടെ മറ്റൊരു തകർപ്പൻ ഷോട്ട് സേവ് ചെയ്ത് നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോൾകീപ്പർ ടി.പി.രഹനേഷ് ടീമിന്റെ രക്ഷകനായി.ഒൻപതാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിന്റെ സീസണിലെ രണ്ടാം വിജയമാണിത്. സ്വന്തം മണ്ണിലെ ആദ്യ വിജയവും. ഗോവയുടെ മൂന്നാം തോൽവിയാണിത്.