ചെന്നൈയ്ക്കു വിജയം; പ്ലേ ഓഫിന് അരികെ

 മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയെ 1–0ന് പരാജയപ്പെടുത്തിയ ചെന്നൈയിൻ എഫ്സി പ്ലേ ഓഫ് ‌ഏറെക്കുറെ ഉറപ്പിച്ചു. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് ഏൽക്കേണ്ടി വന്ന തോൽവിക്കു മധുരപ്രതികാരം കൂടിയായി ചെന്നൈയുടെ വിജയം.   52-ാം മിനിറ്റിൽ ഡിഫൻഡർ ഇനിഗോ കാൾഡറോൺ ആണു ചെന്നൈയുടെ വിജയ ഗോൾ നേടിയത്.

ചെന്നൈ ഡിഫൻഡർ മെയിൽസൺ ആൽവസാണു കളിയിലെ കേമൻ. ജയത്തോടെ,  ചെന്നൈയ്ക്കു 15 മത്സരങ്ങളിൽ 27 പോയിന്റായി.  14 കളിയിൽ 20 പോയിന്റോടെ ഗോവ ആറാം സ്ഥാനത്ത്‌ തുടരുന്നു.

10-ാം മിനിറ്റിൽ മഞ്ഞക്കാർഡ് ലഭിച്ച ചെന്നൈ താരം ധൻപാൽ ഗണേഷിന് അടുത്ത മത്സരം കളിക്കാനാവില്ല. ഗോൾകീപ്പർ നവീൻ കുമാറിന്റെ സേവുകളാണ്‌ വലിയ തോൽവിയിൽനിന്നു ഗോവയെ രക്ഷിച്ചത്‌. ചെന്നൈ 18നു ഹോം ഗ്രൗണ്ടിൽ ജംഷഡ്പുരിനെയും ഗോവ 21നു ഡൽഹിയെയും നേരിടും. ചെന്നൈയിൽ നടന്ന ആദ്യ പാദ മൽസരത്തിൽ ഗോവ 3-2നു ചെന്നൈയിനെ പരാജയപ്പെടുത്തിയിരുന്നു.

സെഗോവിയ ബെംഗളൂരുവിൽ 

ബെംഗളൂരു ∙ പരുക്കേറ്റ സ്പാനിഷ് താരം ബ്രൗലിയോ നോബെർഗയ്ക്കു പകരം ഐഎസ്എല്ലിൽ കളിക്കാൻ ബെംഗളൂരു എഫ്സിയിലേക്കു മറ്റൊരു സ്പാനിഷ് താരം. സ്പാനിഷ് ക്ലബ് റയോ വയ്യെകാനോയുടെയും ഓസ്ട്രിയൻ ക്ലബ് സെന്റ് പ്ലിറ്റന്റെയും താരമായിരുന്ന മുപ്പത്തിരണ്ടുകാരൻ ഡാനിയൽ ലൂക്കാസ് സെഗോവിയയാണു ബെംഗളൂരു എഫ്സിയിലെത്തിയത്.