Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയ്ക്കായി ഗോളടിച്ചുകൂട്ടി കോറോ മുന്നോട്ട്; ‘ഇര’കളിലുണ്ട്, ബ്ലാസ്റ്റേഴ്സും!

ബൈജു പോൾ
Ferran-Corominas ഗോവയ്ക്കായി ഹാട്രിക്ക് നേടിയ സ്പാനിഷ് താരം കോറോ.

വെ‌‌ടിക്കെട്ട് സാമഗ്രികളിലെ കോറ പോലെയാണ് എഫ്സി ഗോവയുടെ കോറോ. ഉള്ളിൽ മരുന്നുണ്ട്. ആദ്യ വിസിലിൽത്തന്നെ അതിൽ സ്വയം തീപ്പൊരി വീഴ്ത്തും. പിന്നെ ശരിക്കുമൊരു പൊട്ടിത്തെറി. പുറന്തോ‌ടായ കോറ തകർത്ത് അമിട്ടും കുഴിമിന്നലുമൊക്കെ പൊട്ടിവിടരുന്നതുപോലെത്തന്നെയാണ് ഫെറാൻ കോറോമിനാസ് ടെലച്ച എന്ന കോറോയുടെ പ്രക‌ടനങ്ങൾ. ചിലപ്പോൾ പൂത്തിരി കത്തുംപോലെ വിടർന്നു മനോഹരമായ ഗോളുകൾ. മറ്റു ചിലപ്പോൾ ചെവി മൂളുന്നതരത്തിലുള്ള ബുള്ളറ്റ് ഷോട്ടുകളുടെ ഘോഷയാത്ര. രണ്ടായാലും എതിർ ഗോൾവലയിൽ പടക്കത്തിന്റെ പൊട്ടിത്തെറി. ഗോവൻ ടീമിന്റെയുള്ളിലോ പൊട്ടുന്നത് ലഡുവും.

ഇന്ത്യൻ സൂപ്പർ ലീഗിന് 10 ദിവസത്തെ ആദ്യ ബ്രേക്ക് വീഴുമ്പോൾ ഈ സ്പാനിഷ് താരമാണ് ഗോൾ വെടിക്കെട്ടിൽ മുന്നിൽ. 6 മത്സരങ്ങളിൽനിന്ന് 8 ഗോൾ. 4 അസിസ്റ്റ്. കളിക്കളത്തിലെ കോറോയുടെ പൂത്തിരിയും ഗുണ്ടും കുഴിമിന്നലും ഐഎസ്എല്ലിൽ ഇതാദ്യമല്ല. കഴിഞ്ഞ സീസണിന്റെ തുടർച്ചയാണിത്. പോയവർഷത്തെ ഗോൾഡൻ ബൂട്ട് പുരസ്കാരവും ‘കയ്യിൽ കെട്ടി’യാണ് കോറോ ഇത്തവണയും ഗോവയ്ക്കായി കളത്തിലിറങ്ങുന്നത്. 18 ഗോൾ നേ‌ടിയാണ് കഴിഞ്ഞ സീസണിൽ ടോപ് സ്കോറർ പദവിയിൽ എത്തിയത്. ഒരു സീസണിൽ ഒരു താരം നേ‌ടുന്ന ഏറ്റവും വലിയ സ്കോറായിരുന്നു ഇത്. ഇത്തവണ 6 മത്സരങ്ങൾ തീരുമ്പോൾത്തന്നെ പോയവർഷത്തെ വെ‌ടിക്കെട്ട് പ്രക‌ടനത്തിന്റെ സാംപിൾ കോറോ പുറത്തെടുത്തുകഴിഞ്ഞു.

ഈ താരത്തിനു പിന്നിൽ ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ബർത്തലോമിയ ഓഗ്‌ബച്ചയാണുള്ളത് - 6 കളിയിൽനിന്ന് 6 ഗോൾ. 3-ാം സ്ഥാനത്ത് ഗോവയുടെതന്നെ എഡ്വാർഡോ ബേഡിയ പെലാസ് - 6 കളി, 4 ഗോൾ. ഐഎസ്എൽ ഓൾ ടൈം റെക്കോർഡിലെ നിലവിലെ രണ്ടാം സ്ഥാനക്കാരനാണ് കോറോ. 28 ഗോളുമായി പുണെ സിറ്റിയുടെ ഇയൻ ഹ്യൂമാണ് നിലവിലെ ടോപ്. ഇതുപക്ഷേ 59 കളികളിൽനിന്നാണ്. കോറോ 26 കളികളിൽനിന്നാണ് 26 ഗോൾ നേ‌ടിയിരിക്കുന്നത്. ഹ്യൂമിന്റെ നേട്ടം 4 സീസണിൽനിന്നാണെങ്കിൽ കോറോ ഒന്നര സീസണിനുള്ളിൽത്തന്നെ 26ൽ എത്തിക്കഴിഞ്ഞു. 

∙ സ്പെയിനിലും വെടിക്കെട്ട്

സ്പെയിൻ ദേശീയ യൂത്ത് ടീമുകളിൽ കളിച്ചിട്ടുള്ള ഈ സ്ട്രൈക്കർ അവിടെയും ‘വെടിക്കെട്ടുകാരനായിരുന്നു. ഇപ്പോൾ 35 വയസ്സായ ഈ താരം എസ്പാന്യോൾ, ജിറോണ, എൽക്കെ, മല്ലോർക്ക, സൈപ്രസിലെ ഡോക്സ ക്ലബുകൾക്കെല്ലാമായി 486 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, നേ‌ടിയത് 116 ഗോളുകൾ. കരിയറിന്റെ കൂടുതൽ കാലവും ചെലവഴിച്ചിട്ടുള്ള എസ്പാന്യോളിനുവേണ്ടി 200 തവണ കളത്തിലിറങ്ങി, നേ‌ട്ടം 24 ഗോൾ. 

∙ ക്രിക്കറ്റോ ഫുട്ബോളോ..?‍

ആ നിമിഷം ബ്ലാസ്റ്റേഴ്സ് കളിച്ചത് ഫു‌ട്ബോളോ ക്രിക്കറ്റോ..? കൊച്ചിയിൽ നവംബർ 11നു ന‌ടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കോറോ നേ‌ടിയത് 2 ഗോളാണ്. അതിൽ രണ്ടാമത്തെ ഗോൾ നേ‌ടിയപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് പിൻനിരയു‌ടെ പ്രകടനം കണ്ടപ്പോഴാണ് തൊണ്ണൂറുകളിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് ഓർത്തുപോയത്. ഫീൽഡർമാർക്കിടയിലൂടെ പന്ത് പാഞ്ഞുപോകുമ്പോൾ നീ പിടിക്ക് നീ പിടിക്ക് എന്നു പറയുന്ന രീതിയിൽ ഫീൽഡർമാർ കൈവീശിക്കാണിച്ചു പന്തിനെ കയ്യൊഴിയുന്ന അവസ്ഥ അന്നത്തെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്രയായിരുന്നു.

അതേ അവസ്ഥയിലായിരുന്നു ജിങ്കാനും അനസും അടക്കമുള്ള പിൻനിര ആ ഗോളിന്റെ സമയത്ത്. എല്ലാവരും കോറോയു‌ടെ ഒപ്പമോടുക മാത്രം. ആരും ബ്ലോക്കിനു ശ്രമിക്കുന്നില്ല. ഒടുവിൽ കോറോയുടെ കുഴിമിന്നലിൽ രണ്ടാമത്തെ ഗോൾ. ഹെഡറിൽനിന്നു വന്ന ആദ്യത്തെ ഗോൾ ശരിക്കുമൊരു ആകാശപ്പൂത്തിരിയായിരുന്നു. തലകൊണ്ട‌ു ഗോൾവലയിലേക്കു ചെത്തിവിട്ടൊരു പൂത്തിരി. 

∙ തീരാത്ത കലിപ്പ്

ബ്ലാസ്റ്റേഴ്സിനെതിരെയുള്ള കോറോയുടെ കലിപ്പ് കഴിഞ്ഞ സീസണിലും കണ്ടതാണ്. കഴിഞ്ഞ വർഷം നേടിയ രണ്ടു ഹാട്രിക്കുകളിലൊന്നു നമ്മുടെ കൊമ്പൻമാർക്കെതിരെയായിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സ് തോറ്റത് 5–2ന്. വെറും 8 മിനിറ്റിനുള്ളിലായിരുന്നു ഈ മൂന്നടി. ഹോം, എവേ മത്സരങ്ങളിൽ അന്ന് ഗോവയ്ക്കായിരുന്നു വിജയം. കോറോയുടെ മറ്റൊരു ഹാട്രിക് ബെംഗളൂരു എഫ്സിക്കെതിരെയായിരുന്നു. 

related stories