ചെന്നൈയിൻ–ബ്ലാസ്റ്റേഴ്സ് ആവേശപ്പോരിന്റെ ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിൽ

കൊച്ചി ∙ ഐഎസ്എൽ നാലാം സീസണിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കുതിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന ഹോം മൽസരത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ സുവർണാവസരം. ചെന്നൈയിൻ എഫ്സിയുമായി ഈ മാസം 23ന് രാത്രി എട്ടു മണിക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിന്റെ ടിക്കറ്റുകളുടെ വിൽപനയാണ് തകൃതിയായി നടക്കുന്നത്.

പ്ലേ ഓഫിലേക്കു മുന്നേറാൻ വിജയം അനിവാര്യമെന്ന നിലയിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ചെന്നൈയിന്റെ വെല്ലുവിളി മറികടക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ചെന്നൈയിനെതിരെയുള്ള ഈ കളിയാണ് ബ്ലാസ്റ്റേഴ്സിന്റെ യഥാർഥ ‘ഫൈനൽ’. 28 പോയിന്റുള്ള ചെന്നൈ കളി ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാണു വരിക. ഈ കളി ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പകുതി ശ്വാസം വീഴും. അതുകൊണ്ടുതന്നെ ആവേശം നിറയുന്ന പോരാട്ടമാകും ഇതെന്ന് ഉറപ്പ്.

സ്റ്റേഡിയം പരിസരത്തെ ബോക്സ് ഓഫീസിലും മുത്തൂറ്റ് ശാഖകളിൽ നിന്നുമാണ് ടിക്കറ്റ് ലഭിക്കുക. www.bookmyshow.com വഴി ഓണ്‍ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം.