റിനോ ആന്റോ ബ്ലാസ്റ്റേഴ്സ് വിടുന്നു

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി പ്രതിരോധ താരം റിനോ ആന്റോ ക്ലബ് വിടുന്നു. തന്റെ പഴയ ക്ലബ്ബായ ബെംഗളൂരു എഫ്സിയിലേക്കാണു റിനോയുടെ മടക്കം. അടുത്ത ദിവസം തന്നെ കരാർ ഒപ്പിട്ടേക്കുമെന്നാണു വിവരം. എന്നാൽ സൂപ്പർ കപ്പ് ഫുട്ബോൾ മൽസരങ്ങൾ കഴിഞ്ഞാവും റിനോ ബ്ലാസ്റ്റേഴ്സ് ടീം വിടുക. റിനോയുടെ അടുത്ത സുഹൃത്തു കൂടിയായ സി.കെ.വിനീതും ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന സൂചനയുണ്ട്. കൊൽക്കത്ത, ജംഷഡ്പുർ തുടങ്ങിയ ടീമുകൾ വിനീതിനു വേണ്ടി ചർച്ചകൾ നടത്തിക്കഴിഞ്ഞു.

റിനോയെ ടീമിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ബെംഗളൂരു എഫ്സിയുടെ ശ്രമങ്ങൾ ഐഎസ്എൽ സീസൺ അവസാനിക്കും മുൻപുതന്നെ തുടങ്ങിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയാൽ ഇവിടെ തുടരാനാണു താൽപര്യമെന്നായിരുന്നു റിനോയുടെ നിലപാട്. പക്ഷേ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനം വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് റിനോ പഴയ ടീമിലേക്കു മടങ്ങാൻ തയാറാവുന്നത്. സി.കെ.വിനീതിന്റെ കാര്യത്തിലും ടീം മാനേജ്മെന്റ് ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.