റഫറിയിങ് മെച്ചപ്പെടണം: കൊപ്പൽ

ജംഷഡ്പുർ ∙ റഫറിമാരെ നേരെയാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരം ഇടിയുമെന്നു ജംഷഡ്പുർ എഫ്സി പരിശീലകൻ സ്റ്റീവ് കൊപ്പൽ. ഐഎസ്എൽ മത്സരങ്ങൾ ടിവിയിലൂടെ ലോകം കാണുന്ന സാഹചര്യത്തിൽ, വിഡിയോ സഹായത്തോടെയുള്ള റഫറിയിങ് വിപുലമാക്കി ഫുട്ബോളിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ‘മലയാള മനോരമ’യോടു പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഗോവയോടു ജംഷഡ്പുർ തോറ്റപ്പോൾ റഫറിയുടെ ചില തീരുമാനങ്ങൾ വിമർശിക്കപ്പെട്ടിരുന്നു. ഈ സീസണിൽ റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെ പലപ്പോഴായി പല പരിശീലകരും രംഗത്തിറങ്ങിയിരുന്നു. 

∙ റഫറിമാരുടെ കാര്യത്തിൽ ഇനി എന്താണു ചെയ്യാൻ കഴിയുക? 

റഫറിമാർക്കു കൂടുതൽ പരിശീലനം നൽകണം. ഒരൊറ്റ മോശം തീരുമാനത്തിലൂടെ ഒരു ടീമിനു മൂന്നു പോയിന്റ് നഷ്ടപ്പെടുന്നതിനെപ്പറ്റി ആലോചിച്ചുനോക്കൂ. എന്തൊരു കഷ്ടമാണത്. വിദേശത്തുനിന്നു കൂടുതൽ റഫറിമാരെ എത്തിക്കാം. പക്ഷേ, അതുകൊണ്ടു മാറ്റാവുന്ന പ്രശ്നമല്ലിത്. 

∙ ടീമിന്റെ പ്രകടനം ഇതുവരെ? 

പോയിന്റ് പട്ടികയിൽ ഞങ്ങൾ പിന്നിലാണ്. ലീഗിന്റെ രണ്ടാം ലാപ്പിൽ കൂടുതൽ വിജയങ്ങളോടെ മുന്നിലെത്താമെന്നാണു പ്രതീക്ഷ. ഇനിയും ഞങ്ങൾക്കു ചില കോംബിനേഷനുകൾ ശരിയാകാനുണ്ട്. അതിനായുള്ള ശ്രമത്തിലാണു ഞങ്ങൾ. ഒരു ബ്രസീലുകാരനെ (വെല്ലിങ്ടൺ) പുതുതായി എത്തിച്ചു. അതുപോലെ ചില മാറ്റങ്ങൾ ഇനിയും വന്നേക്കാം.

∙ ജംഷഡ്പുർ എങ്ങനെയുണ്ട്? 

എനിക്കിതു രണ്ടാമത്തെ കേരളംപോലെയാണ്. സ്നേഹമുള്ള ആരാധകർ, എല്ലാ സൗകര്യങ്ങളും നൽകുന്ന മാനേജ്മെന്റ്, കഠിനാധ്വാനം ചെയ്യുന്ന കളിക്കാർ. ബ്ലാസ്റ്റേഴ്സിന്റെ ഒപ്പം എങ്ങനെയായിരുന്നോ അതുപോലെതന്നെ ഇവിടെയും തോന്നുന്നു. 

∙ ടീം മാനേജ്മെന്റിനെപ്പറ്റി? 

എന്തു ചോദിച്ചാലും അവർ ചെയ്തുതരും. ഞങ്ങളൊരു കുടുംബമാണ് ഇവിടെ. കളിക്കാർക്കു താമസിക്കാൻ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഫ്ലാറ്റ് ഒരുക്കിയത് എന്തുപെട്ടെന്നാണെന്നോ? റാഞ്ചിയിൽ വിമാനമിറങ്ങിയശേഷം ജംഷഡ്പുരിലേക്കുള്ള ദുരിതയാത്രയ്ക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. എല്ലാമൊരുക്കുന്ന അവർക്കായി സ്വന്തം മൈതാനത്ത് ഒരു വിജയം. നാളെ അതാണു ഞങ്ങളുടെ ലക്ഷ്യം. 

∙ തുടർച്ചയായ രണ്ടു വിജയം നേടിയ കേരളത്തെയാണു നാളെ നേരിടേണ്ടത്. ബ്ലാസ്റ്റേഴ്സ് ഏറെ മാറിയോ? 

തുടർവിജയങ്ങൾ നൽകുന്ന ആത്മവിശ്വാസമാകും അവരുടെ കരുത്ത്. ഡേവിഡ് ജയിംസ് എത്തിയതോടെ ടീമിൽ മാറ്റങ്ങളുണ്ടായി. അന്നും ഇന്നും അധ്വാനിയായ ഇയാൻ ഹ്യൂം അപകടകാരിയായി മാറിക്കഴിഞ്ഞു. അവരുമായി നോക്കുമ്പോൾ ഞങ്ങൾ പിന്നിലാണ്.

∙ നാളെ എന്താണു ലക്ഷ്യം? 

ബ്ലാസ്റ്റേഴ്സിനെ പിടിച്ചുകെട്ടണം. എന്നു കരുതി, അമിതമായി പ്രതിരോധിക്കാൻ ഉദ്ദേശിക്കുന്നില്ല. നന്നായി കളിക്കുക, വിജയിക്കുക. താരങ്ങളോടു ഞാൻ പറഞ്ഞിട്ടുള്ളത് അതാണ്.