Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സിനു ജയിക്കണം; ജംഷഡ്പുരും ഗോവയും തോൽക്കണം ! എന്താകുമോ എന്തോ?

Kerala Blasters

രണ്ടു മൽസരങ്ങൾ, അതിൽ രണ്ടിലും വിജയം. പക്ഷേ, അതുമാത്രം പോര ബാസ്റ്റേഴ്സിന്. കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് റൗണ്ടിലെത്തണമെങ്കിൽ ജംഷഡ്പുരും ഗോവയും തോൽക്കുക കൂടി വേണം! 23ന് കൊച്ചിയിൽ ചെന്നൈയിൻ എഫ്സിക്കെതിരെയും മാർച്ച് ഒന്നിന് എവേ ഗ്രൗണ്ടിൽ ബെംഗളൂരു എഫ്സിക്കെതിരെയും ജയിച്ചു കഴിഞ്ഞും ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കണം.

ഒരുപക്ഷേ, മാർച്ച് നാലിനു നടക്കുന്ന ജംഷഡ്പുർ– ഗോവ മൽസരമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഭാവി തീരുമാനിക്കുക. 16 കളിയിൽ 24 പോയിന്റുമായി അഞ്ചാമതാണിപ്പോൾ ബ്ലാസ്റ്റേഴ്സ്.

∙ പോയിന്റ് നില

ബെംഗളൂരു എഫ്സി മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച ടീം; 16 കളിയിൽ 34 പോയിന്റ്. പുണെ (16 കളിയിൽ 29), ചെന്നൈ (16 കളിയിൽ 28) എന്നീ ടീമുകളും ഏറെക്കുറെ പ്ലേ ഓഫ് പരിസരത്തുണ്ട്. ശേഷിക്കുന്നത് ഒരു സ്ഥാനം. നാലാം സ്ഥാനക്കാരായ ജംഷഡ്പുരിനെ (16 കളിയിൽ 26) മറികടന്നു ബ്ലാസ്റ്റേഴ്സ് അവിടെ എത്തണമെങ്കിൽ ഇനി ജംഷഡ്പുർ തോൽക്കുകയും ബ്ലാസ്റ്റേഴ്സ് ജയിക്കുകയും വേണം. 14 കളിയിൽ 20 പോയിന്റോടെ ആറാമതുള്ള ഗോവ, 15 കളിയിൽ 20 പോയിന്റുള്ള മുംബൈ എന്നിവയും ബ്ലാസ്റ്റേഴ്സിനു പിന്നിലുണ്ട്.

∙ ജംഷഡ്പുർ വെല്ലുവിളി

ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്‌റ്റേഴ്‌സിനു 30 പോയിന്റാകും. അതേസമയം, ജംഷഡ്പുർ രണ്ടു കളിയും ജയിച്ചാൽ 32 പോയിന്റാകും. അതിനാൽ, ഇനിയുള്ള ഒരു കളിയെങ്കിലും ജംഷഡ്പുർ തോൽക്കുകയോ രണ്ടു മൽസരങ്ങളും സമനിലയിൽ അവസാനിക്കുകയോ വേണം. എങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ വയ്ക്കാം. 25ന് ബെംഗളൂരു എഫ്സിക്കെതിരെയും മാർച്ച് നാലിന് എഫ്സി ഗോവയ്ക്കെതിരെയുമാണു ജംഷഡ്പുരിന്റെ കളികൾ.

∙ ഉറപ്പിച്ച് പുണെ

25ന് എഫ്സി ഗോവയെ നേരിടുന്ന പുണെ ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസമാകും. കാരണം, പോയിന്റ് പട്ടികയിൽ പിന്നിലുള്ള ഗോവയുടെ വെല്ലുവിളി അത്ര കണ്ടു കുറയും. മാർച്ച് രണ്ടിനു ഡൽഹിക്കെതിരെയാണ് പുണെയുടെ അടുത്ത കളി. ഇതിലൊരെണ്ണം ജയിച്ചാൽപോലും പുണെ പ്ലേ ഓഫിലെത്തും.

∙ ചതിക്കല്ലേ ചെന്നൈ

വെള്ളിയാഴ്ച കൊച്ചിയിൽ ചെന്നൈയിനെതിരെയുള്ള കളിയാണ് ബ്ലാസ്റ്റേഴ്സിന്റെ യഥാർഥ ‘ഫൈനൽ’. 28 പോയിന്റുള്ള ചെന്നൈ കളി ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാണു വരിക. ഈ കളി ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പകുതി ശ്വാസം വീഴും. മാർച്ച് മൂന്നിനു മുംബൈയ്ക്കെതിരെയാണു ചെന്നൈയുടെ അടുത്ത കളി. ഈ കളിയിൽ ചെന്നൈ ജയിക്കാനാണു ബ്ലാസ്റ്റേഴ്സ് പ്രാർഥിക്കുക. മുംബൈയുടെ ചെറിയ ഭീഷണിയും അതോടെ തീരും.

∙ ഗോവൻ ഫൈനൽ

നാലു കളി ശേഷിക്കുന്ന ഗോവയുടെ സാധ്യതകൾ അസ്തമിച്ചിട്ടില്ല. എല്ലാ കളിയും ജയിച്ചാൽ അവർക്കു 32 പോയിന്റാകും. 21നു ഡൽഹി, 25ന് പുണെ, 28ന് കൊൽക്കത്ത, നാലിന് ജംഷഡ്പുർ എന്നീ ടീമുകൾക്കെതിരെയാണു ഗോവയുടെ കളി. ബ്ലാസ്റ്റേഴ്സ് രണ്ടു കളി ജയിച്ചാലും കാത്തിരിക്കണം, മാർച്ച് നാലിന് ജംഷഡ്പുർ– ഗോവ മൽസരമാണു യഥാർഥ ഫൈനൽ. ഈ കളിയുടെ ഫലം ആരു പ്ലേ ഓഫിലേക്ക് എന്നു തീരുമാനിക്കും!

related stories