Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തൊട്ടുംചോരാതെ ബെംഗളൂരു എഫ്സി ഐഎസ്എൽ അരങ്ങേറ്റത്തിന്

BLR-FC

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റക്കാരാണു ബെംഗളൂരു എഫ്സി. പക്ഷേ നവാഗതരെന്ന ലാഘവത്തോടെ ഇവരെ കാണാൻ ഒരു ടീമും തയാറാകില്ല. ഐഎസ്എല്ലിൽ പടയോട്ടം നടത്തിയ ടീമുകൾ പോലും ബെംഗളൂരുവിനോട് ഏറ്റുമുട്ടാൻ ഒന്നു ഭയക്കും. ഇന്ത്യൻ ക്ലബ് ഫുട്ബോളിന്റെ ചരിത്രം തിരുത്തിയെഴുതിയ 'ബ്ലൂസ്' ഈ വരവിലും ലക്ഷ്യമിടുന്നതു വിജയത്തിന്റെ പുത്തൻ ഉയരങ്ങൾ. 

∙ പടയൊരുക്കം 

അരങ്ങേറ്റത്തിൽത്തന്നെ ഐലീഗ് കിരീടം നേടിയ ആദ്യ ടീമെന്ന ഖ്യാതിയുമായാണു ബെംഗളൂരു എഫ്സി സൂപ്പർ ലീഗിൽ പുത്തൻ പരീക്ഷണത്തിന് ഇറങ്ങുന്നത്. ഇന്ത്യൻ  ഫുട്ബോളിന്റെ മുഖച്ഛായ മാറ്റിയ ക്ലബിനു ദീർഘകാലമായി ഒരുമിച്ചു കളിക്കുന്ന താരങ്ങൾ പ്ലസ് പോയിന്റാണ്. യൂജെങ്സൺ ലിങ്ദോ എന്ന മിഡ്ഫീൽഡ് ജനറൽ ഉൾപ്പെടെയുള്ള ചിലരെ ഡ്രാഫ്റ്റിൽ നഷ്ടമായെങ്കിലും അരഡസൻ താരങ്ങളെ നിർത്താൻ ടീമിനായി. കോംബിനേഷനും ഫോർമേഷനും തേടിയുള്ള നെട്ടോട്ടമാണ് ഐഎസ്എൽ ടീമുകളുടെ പ്രീ സീസൺ. ബെംഗളൂരു ഇവിടെയും വേറിട്ടവഴിയിലാണ്. എഎഫ്സി ഏഷ്യ കപ്പിന്റെ ഉഗ്രപോരാട്ടത്തിലൂടെയാണു ടീമിന്റെ മുന്നൊരുക്കം. 

∙ കരുത്തോടെ 

മുൻനിര ഏഷ്യൻ ടീമുകളുടെ വെല്ലുവിളിയിലും തലയുയർത്തിനിന്ന ബെംഗളൂരു പ്രതിരോധം ഐഎസ്എൽ ടീമുകൾക്കു കടുത്ത പരീക്ഷണം തന്നെയാകും. ജോൺ ജോൺസൺ നയിക്കുന്ന കാവൽനിരയ്ക്കു പുതുതാരങ്ങളുടെ വരവോടെ ബലം ഏറിയിട്ടേയുള്ളൂ.  മിഡിൽസ്ബ്രോക്കും നോർതാംപ്ടണും കളിച്ചിട്ടുള്ള ഇംഗ്ലിഷ് താരത്തിനു പങ്കാളിയായി സ്പാനിഷ് താരം ജുവാനൻ ഇറങ്ങും. ഒരുവർഷത്തിലേറെയായി ഒരുമിച്ചുകളിക്കുന്നതാണ് ഈ സഖ്യം. സ്പാനിഷ് താരങ്ങൾ മേയുന്ന മധ്യനിരയിലാകും ബെംഗളൂരു വിതയ്ക്കുന്ന ഭീഷണിയുടെ തുടക്കം. റയൽ സരഗോസ വിട്ടെത്തുന്ന വിങ്ങർ എഡ്വേർഡോ ഗാർസിയയും കടുത്ത മൽസരങ്ങളുള്ള ഓസ്ട്രേലിയൻ എ ലീഗിൽ നിന്നെത്തിയ എറിക് പാർത്താലുവും ദിമാസ് ഡെൽഗാഡോയും ചേർന്നൊരുക്കുന്ന കുറിയ പാസുകൾ ടീമിന്റെ തനതു കേളീശൈലിയായിക്കഴിഞ്ഞു. സുനിൽ ഛേത്രി, ഉദാന്ത സിങ്, ഡാനിയൽ ലാലിയംപൂയിയ – ഇന്ത്യൻ ടീമിന്റെ പടക്കോപ്പുകളാണു ബെംഗളൂരു എഫ്സിയുടെ മുന്നണിയിൽ. വെനസ്വേലയിൽ നിന്നുള്ള  നിക്കോളസ് ഫെഡോർ ഫ്ലോറസ് എന്ന മികുവാണ് ടീമിലെ സൂപ്പർ താരം. 

coach-roca

ആൽബർട്ട് റോക്ക 

താരങ്ങളേക്കാൾ പരിശീലകർക്കു തിളക്കമുള്ള ലീഗെന്നു വിശേഷണം നേടിയ ഈ ഐഎസ്എല്ലിലെ സൂപ്പർ കോച്ചിങ് സാന്നിധ്യങ്ങളിലൊന്നാണ് ആൽബർട്ട് റോക്ക പുയോൾ. ബാർസിലോനയിൽ സാക്ഷാൽ ഫ്രാങ്ക് റെയ്ക്കാർഡിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച പരിചയമാണു റോക്കയുടെ കൈമുതൽ. റെയ്ക്കാർഡിന്റെ വലംകൈയായി തുർക്കി ക്ലബ് ഗലട്ടസറെയിലും സൗദി അറേബ്യൻ ദേശീയ ടീമിലും പ്രവർത്തിച്ച സ്പാനിഷ് കോച്ചിനു ഫുട്ബോളർ എന്ന നിലയിലുള്ള അനുഭവസമ്പത്തുമുണ്ട്. എൽസാൽവഡോർ ദേശീയ ടീമിന്റെ ചുമതലയിൽനിന്നു കഴിഞ്ഞ വർഷമാണു റോച്ച ബെംഗളൂരുവിന്റെ തലപ്പത്തെത്തിയത്.

related stories