Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിനും ബേസിലും വിളിച്ചു, ‘അണ്ണാ...’

CRICKET-T20-IPL-IND-GUJARAT-MUMBAI

തിരുവനന്തപുരം ∙ ‘അണ്ണാ... അണ്ണാ...’ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ആൾക്കൂട്ടാരവങ്ങൾക്കിടയിൽ വ്യത്യസ്തമായ ഒരു പിൻവിളി കേട്ടു ദിനേഷ് കാർത്തിക് തിരിഞ്ഞുനോക്കി. മലയാളി താരങ്ങളായ സച്ചിൻ ബേബിയും ബേസിൽ തമ്പിയുമാണു പുറകിൽ. പൊട്ടിച്ചിരിച്ചുകൊണ്ട് ഇരുവരെയും കെട്ടിപ്പിടിച്ച് ദിനേഷ് കാർത്തിക് വിളിച്ചു, ‘ഹായ് തമ്പീസ്..’ ഐപിഎൽ മുതൽ സൗത്ത് സോൺ ക്രിക്കറ്റ് വരെ നീളുന്ന ദീർഘകാല സൗഹൃദം ഓർത്തെടുക്കുകയായിരുന്നു മൂന്നുപേരും. സ്റ്റേഡിയം വിട്ടു മടങ്ങുന്നതുവരെ സച്ചിനും ബേസിലിനുമൊപ്പം കാർത്തിക് തമാശ പൊട്ടിച്ചു നടന്നു. 

ദിനേഷ് കാർത്തിക് തനിക്കു പ്രിയപ്പെട്ടവനായി മാറുന്നതിനു പിന്നിൽ സച്ചിൻ തെൻഡുൽക്കറിലേക്കു നീളുന്നൊരു ഓർമക്കഥയുണ്ടെന്നു സച്ചിൻ ബേബി മനോരമയോടു പറഞ്ഞു. 2013ലെ ഐപിഎൽ കളിക്കാലം. അന്നു രാജസ്ഥാൻ റോയൽ ടീമിന്റെ ഭാഗമാണു സച്ചിൻ ബേബി. സച്ചിൻ തെൻഡുൽക്കറിനോടുള്ള ഭ്രാന്തമായ സ്നേഹം ആരാധനയായി വളർന്നു പന്തലിച്ച കാലം.

സച്ചിനെ എങ്ങനെയെങ്കിലും പരിചയപ്പെടാൻ അവസരം തേടി നടക്കുമ്പോഴാണതു സംഭവിച്ചത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും ഏറ്റ‍ുമുട്ടുന്നു. മത്സരത്തിനു മുൻപു മുംബൈ ക്യാപ്റ്റൻ സച്ചിനും ദിനേഷ് കാർത്തിക്കും അടുത്തിടപഴകുന്നതു കണ്ടപ്പോൾ കാർത്തിക്കിനു പിന്നാലെ കൂടി സച്ചിൻ ബേബി; എങ്ങനെയെങ്കിലും ഒന്നു പരിചയപ്പെടുത്തിത്തരൂ എന്ന് അഭ്യർഥനയുമായി.

കാർത്തിക് കുഞ്ഞുസച്ചിനെയും കൂട്ടി വലിയ സച്ചിന്റെ അടുത്തെത്തി ഇങ്ങനെ പരിചയപ്പെടുത്തി – ‘പാജീ, ഇതു സച്ചിൻ ബേബി, കേരളത്തിൽ നിന്നുള്ള കളിക്കാരനാണ്.’ സച്ചിൻ ബേബിയുടെ കൈപിടിച്ചു കുലുക്കി സാക്ഷാൽ സച്ചിൻ പറഞ്ഞു – ‘കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.’ ആ പരിചയപ്പെടുത്തലിന്റെ സന്തോഷം കാർത്തിക്കിനോടുള്ള സ്നേഹമായി പിന്നീടു വളർന്നു. സൗത്ത് സോൺ ക്രിക്കറ്റിൽ കാർത്തിക്കിന്റെ ക്യാപ്റ്റൻസിക്കു കീഴിൽ സച്ചിൻ ബേബിയും ബേസിൽ തമ്പിയും കളിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും തമിഴ് ശൈലിയിൽ ‘അണ്ണാ’ എന്നു മാത്രമേ അഭിസംബോധന  ചെയ്തിട്ടുള്ളൂ. ‘തമ്പ‍ീ’ എന്ന‍ാകും പതിവു മറുവിളി.