Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നത്തെ ‘കോഹ്‍ലി’, ഇന്ന് ഓർമകളുടെ പിച്ചിൽ

Ravi-Shastri ട്വന്റി 20 ക്രിക്കറ്റ് മൽസരത്തിനു തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീം കോച്ച് രവിശാസ്ത്രി ഇന്നലെ രാവിലെ പത്മനാഭസ്വാമി ക്ഷേത്രദർശനം കഴിഞ്ഞു പുറത്തേക്കു വരുന്നു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസർ വി.രതീശൻ വലത്ത്. 1988ൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ രവിശാസ്ത്രി കളിക്കാരനായിട്ടാണ് എത്തിയത്.

തിരുവനന്തപുരം∙  മൂന്നു പതിറ്റാണ്ട് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം  തിരുവനന്തപുരത്ത് അവസാനമായി രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിനെത്തുമ്പോൾ അന്നത്തെ കോഹ്‌ലിയായിരുന്നു രവിശാസ്ത്രി; ഇന്ത്യൻ ക്രിക്കറ്റിലെ പ്ലേബോയ് നായകൻ.  അന്നത്തെ മൽസര ശേഷം ദേശീയ ടീം വീണ്ടും തിരുവനന്തപുരത്തെത്തുമ്പോഴും ശാസ്ത്രി ടീമിനൊപ്പമുണ്ട്. അന്നു നായകനായിരുന്നെങ്കിൽ ഇപ്പോൾ ടീമിന്റെ പരിശീലകനാണ്. അന്നത്തെ ശാസ്ത്രിയുടെ സ്ഥാനത്തു ടീമിനെ നയിക്കാൻ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ പ്ലേബോയ് വിരാട് കോഹ്‌ലി.

1988 ജനുവരി 25നു തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരമാണ് തിരുവനന്തപുരം ആസ്വദിച്ച ഏക രാജ്യാന്തര മൽസരം. ഇതിനായി എത്തിയ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമും വിൻഡീസ് ടീമും തങ്ങിയത് സ്റ്റേഡിയത്തിനു സമീപം തന്നെയുള്ള മാസ്കറ്റ് ഹോട്ടലിൽ. ഇന്നത്തെ പോലെ വൻ സുരക്ഷകളുടെ ചങ്ങലക്കണ്ണികളും വേർതിരിവും ഇല്ലാതിരുന്ന കാലത്ത് ആരാധകർക്ക് അടുത്തു കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കാര്യമായി തടസ്സങ്ങളുമുണ്ടായില്ല. യുവഹൃദയങ്ങളുടെ ഹരമായിരുന്ന ശാസ്ത്രി തന്നെയായിരുന്നു അന്ന് ആരാധകരുടെ പ്രിയ താരങ്ങളിലൊരാൾ.

പക്ഷേ കളിയിൽ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും  ശാസ്ത്രി മങ്ങിപ്പോയി. മൽസരം ഇന്ത്യ ഒൻപത് വിക്കറ്റിനു തോറ്റു. ശ്രീകാന്ത് സെഞ്ചുറി നേടിയ മൽസരത്തിൽ ശാസ്ത്രിക്കു നേടാനായത് ആറ് ബോളിൽ മൂന്നു റൺസ് മാത്രം. ബോളിങ് അതിലും ദയനീയമായി. രണ്ടോവറിൽ വഴങ്ങിയത് 24 റൺസ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. പിന്നീട് കളിയിൽ നിന്നു വിരമിച്ച ശേഷം കമന്റേറ്ററായും പ്രസന്റേറ്ററായും തിളങ്ങിയ ശാസ്ത്രി അടുത്തിടെയാണ് അപ്രതീക്ഷിതമായി ഇന്ത്യൻ ടീം മാനേജരായും പിന്നീട് പരിശീലകനായും മാറിയത്. ഇടയ്ക്ക് ഒരിടവേളയ്ക്കു ശേഷം വീണ്ടും പരിശീലകനായി അവരോധിക്കപ്പെട്ടത് ഈ വർഷമാണ്.

നായകൻ കോഹ്‌ലിയുടെ പ്രത്യേക താൽപര്യം തന്നെയാണു ശാസ്ത്രിയെ വീണ്ടും ആ സ്ഥാനത്തെത്തിച്ചത്. ടീം പരമ്പര ജയങ്ങൾ ആവർത്തിക്കുമ്പോൾ ആ തിരഞ്ഞെടുപ്പും ന്യായീകരിക്കപ്പെടുന്നു. റെക്കോർഡ് പ്രതിഫലമാണിപ്പോൾ ശാസ്ത്രിക്ക്; ഒരു വർഷം ഏഴ് കോടിയിലേറെ രൂപ. 29 വർഷത്തിനു ശേഷം വീണ്ടും ടീമിനൊപ്പം തിരുവനന്തപുരത്തെത്തിയ ശാസ്ത്രി ഇന്നലെ രാവിലെ ശ്രീപത്മനാഭ ക്ഷേത്രത്തിൽ ദർശനവും നടത്തി. രാവിലെ പത്തിന് എത്തിയത് ശാസ്ത്രിയും ടീം സ്റ്റാഫും മാത്രം. 

related stories