Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ തവിടുപൊടി! ഇന്ത്യൻ വനിതകളുടെ വിജയം 7 വിക്കറ്റിന്

Dayalan Hemalatha

പ്രൊവിഡൻസ്∙ ലോക വനിതാ ട്വന്റി20യിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം.പാക്കിസ്ഥാൻ ഉയർത്തിയ 134 റൺസിന്റെ വിജയലക്ഷ്യം മിതാലി രാജിന്റെ അർധ സെഞ്ചുറി (47 പന്തിൽ 56) തിളക്കത്തിൽ ഇന്ത്യ അനായാസം മറികടന്നു.

സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 7വിക്കറ്റിന് 133; ഇന്ത്യ 19 ഓവറിൽ 3 വിക്കറ്റിന് 137. 

ബാറ്റിങ്ങിനിടെ പാക്കിസ്ഥാന് അംപയർ 2 വട്ടം പെനൽറ്റി ചുമത്തിയതോടെ ഇന്ത്യയ്ക്ക് 10 റൺസ് അധികമായി ലഭിച്ചിരുന്നു.  പൂനം യാദവും ഹേമലതയും ഇന്ത്യയ്ക്കായി 2 വിക്കറ്റ് വീതം വീഴ്ത്തി.

വനിതാ ട്വന്റി20യിൽ ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കുന്നത്. മുൻപു 2 വട്ടം ഏറ്റുമുട്ടിയപ്പോഴും  വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു. 

താരതമ്യേന ചെറിയ ടോട്ടൽ പിന്തുടർന്ന ഇന്ത്യയെ സമ്മർദത്തിലാക്കാൻ പാക് ബോളിങ് നിരയ്ക്കായില്ല. 

ആദ്യ വിക്കറ്റിൽ മിതാലി– സ്മൃതി മന്ഥന സഖ്യം ചേർത്ത 73 റൺസ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകി. മന്ഥന 26 റൺസ് നേടി. കഴിഞ്ഞ മൽസരത്തിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (14 നോട്ടൗട്ട്) വേദ കൃഷ്ണമൂർത്തിയും (8 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.   ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൽസരത്തിൽ ന്യൂസീലൻഡിനെ ഇന്ത്യ 34 റൺസിനു കീഴടക്കിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മൽസരത്തിൽ പരാജയപ്പെട്ട പാക്കിസ്ഥാനാകട്ടെ 2–ാം മൽസരവും തോൽവിയുടേതായി.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്തതു മുതൽ ഒരു പിഴവും വരുത്താതിരിക്കാൻ ഇന്ത്യ ശ്രദ്ധിച്ചു; ആദ്യ ഓവറിന്റെ അവസാന പന്തിൽ അയേഷ ഖാനെ അരുന്ധതി റെഡ്ഡി മടക്കി.

അനാവശ്യ റണ്ണിനോടിയ ഒമൈമ സൊഹൈൽ ജെമിമ റോഡ്രിഗസിന്റെ നേരിട്ടുള്ള ത്രോയിൽ പുറത്തേക്കുള്ള വഴികണ്ടു. പവർ പ്ലേയിൽ പാക്കിസ്ഥാനു നേടാനായത് 30 റൺസ് മാത്രം. 

10 ഓവറിൽ 53ന് 3 എന്ന നിലയിൽ നിന്ന് 133 എന്ന പൊരുതാവുന്ന സ്കോറിലേക്ക് പാക്കിസ്ഥാനെ എത്തിച്ചത് 44 പന്തിൽ അർധ സെഞ്ചുറി നേടിയ ബിസ്മാ മാറൂഫും(54) 48 പന്തിൽ അർധ സെഞ്ചുറി നേടിയ നിത ദാറും ചേർന്നാണ്.

18ാം ഓവറിൽ സ്കോർ 124ൽ നിൽക്കെ ദയലാൻ ഹേമലതയ്ക്ക് വിക്കറ്റ് നൽകി മാറൂഫ് മടങ്ങി.