sections
MORE

വീണ്ടും സ്മൃതി മന്ഥന, വീണ്ടും ജയം; പരമ്പരനേട്ടത്തിന്റെ പകിട്ടിൽ ഇതാ, വനിതാ ടീമും!

smriti-mandhana-fifty
SHARE

മൗണ്ട് മോൺഗിനുയി∙ 24 മണിക്കൂറിന്റെ ഇടവേളയിൽ ഇന്ത്യയ്ക്കു മുന്നിൽ പുരുഷ– വനിതാ ഏകദിന പരമ്പരകൾ അടിയറ വയ്ക്കേണ്ടിവന്നതിന്റെ ഞെട്ടലിൽ ന്യൂസീലൻഡ്! തുടർച്ചയായ രണ്ടാം മൽസരത്തിലും ഫോമിലേക്കുയർന്ന സ്മൃതി മന്ഥന  രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു 8 വിക്കറ്റിന്റെ അനായാസ വിജയം സമ്മാനിച്ചു, ഒപ്പം പരമ്പരയും. മൂന്നാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യൻ പുരുഷ ടീം പരമ്പര സ്വന്തമാക്കിയ ബേ ഓവൽ സ്റ്റേഡിയം തന്നെയാണ് ഇന്നലെ ഇന്ത്യൻ വനിതകളുടെ പരമ്പര നേട്ടത്തിനും വേദിയായത്. ആദ്യ ഏകദിനത്തിൽ 9 വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം.  

വനിതാ ലോക ട്വന്റി20 സെമിയിൽ ടീമിൽനിന്നു പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കുശേഷം ആദ്യമായി ബാറ്റിങ്ങിനിറങ്ങിയ രാജ്യാന്തര മൽസരത്തിൽ തകർപ്പൻ അർധ സെഞ്ചുറിയോടെ (63 നോട്ടൗട്ട്) മിതാലി രാജും തലയുയർത്തിനിന്നു.

Smriti-Mandhana
സ്മൃതി മന്ഥന

15 റൺസെടുക്കുന്നതിനിടെ ഓപ്പണർ ജമീമ റോഡ്രിഗസ്, ദീപ്തി ശർമ എന്നിവരുടെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പിന്നീട് ഒത്തുചേർന്ന സ്മ‍ൃതി– മിതാലി സഖ്യം കൈപിടിച്ചുയർത്തി. മൂന്നാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടിൽ ചേർത്തത് 151 റൺസ്. അവസാനം കളിച്ച 10 ഏകദിനങ്ങളിൽ എട്ടാം അർധ സെഞ്ചുറിയാണ് സ്മൃതി ഇന്നലെ കുറിച്ചത്. പരമ്പരയിലെ ആദ്യ ഏകദിനത്തിൽ സെഞ്ചുറിയും (105) നേടിയിരുന്നു. 

സ്പിന്നർമാരായ ഏക്താ ബിഷ്ട്, പൂനം യാദവ്, ദീപ്തി ശർമ എന്നിവർ മൽസരത്തിൽ 2 വിക്കറ്റ് വീതം വീഴ്ത്തി.

∙ മിതാലി രാജ്: ടീമിന്റെ പ്രകടനം സന്തോഷത്തിനു വക നൽകുന്നതാണ്. ബാറ്റിങ് ദുഷ്കരമായ വിക്കറ്റുകളിൽ കളിക്കുന്നതു പണ്ടു മുതലേ ആസ്വദിച്ചിരുന്നു. നിലയുറപ്പിച്ചു കളിക്കേണ്ട വിക്കറ്റുകളാണ് ന്യൂസീലൻഡിലേത്. ഉജ്വല ഫോമിലാണു സ്മൃതിയുടെ ബാറ്റിങ്. സ്മൃതിക്ക് ആരെങ്കിലും പിന്തുണ നൽകിയാൽ വിജയം സുനിശ്ചിതമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA