Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതകളുടെ ‘സച്ചിനെ’ പുറത്തിരുത്തി, സെമി തോറ്റു; വനിതാ ക്രിക്കറ്റിൽ വിവാദം

‌സന്ദീപ് ചന്ദ്രൻ
Mithali Raj

കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചെത്തിയ ഇന്ത്യന്‍ പെൺപുലികള്‍ ഇംഗ്ലിഷ് കരുത്തിനു മുന്നില്‍ പൊരുതാതെ കീഴടങ്ങിയിരിക്കുന്നു. വനിതാ ട്വന്റി20 ലോകകപ്പിൽ ഉജ്വല പ്രകടനവുമായി പ്രതീക്ഷയുണർത്തിയ ശേഷം, സെമി പോരാട്ടത്തിലെ ദയനീയ തോൽവിയോടെ അവർ തിരിച്ചുനടക്കുന്നു. വമ്പന്‍ മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്ന ശീലം ലോകകപ്പ് സെമി ഫൈനലിലും വനിതാ ടീം ആവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടും ഏഷ്യാ കപ്പ് ട്വന്റി20 ഫൈനലില്‍ ബംഗ്ലദേശിനോടും ഇന്ത്യന്‍ നാരികള്‍ പരാജയപ്പെട്ടിരുന്നു.

ആന്റിഗ്വയിലെ വേഗം കുറഞ്ഞ പിച്ചില്‍ മോശമില്ലാത്ത തുടക്കം കിട്ടിയശേഷമാണ് ഇന്ത്യയ്ക്ക് അടിപതറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 112 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 17 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലിഷ് വനിതകള്‍ നേടിയ ജയം ആധികാരികം.

∙ ചതിച്ചത് പിച്ചോ

ഇന്ത്യ ലീഗ് മല്‍സരങ്ങളെല്ലാം കളിച്ചത് ഗയാനയിലായിരുന്നു. ഗയാനയിലെ പിച്ചില്‍ പന്തിന്റെ വേഗം കുറച്ച് വട്ടംകറക്കിയാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് കൊയ്തത്.  എന്നാല്‍ അതിലും വേഗം കുറഞ്ഞ ആന്റിഗ്വ പിച്ചില്‍ വേഗം കൂട്ടിയും കുറച്ചും വ്യത്യാസപ്പെടുത്തിയായിരുന്നു എറിയേണ്ടിയിരുന്നത്. അതിനു ശ്രമിക്കാതെ സ്ലോ ബോളുകളെറിഞ്ഞപ്പോള്‍ ഇംഗ്ലിഷ് താരങ്ങള്‍ അനായാസേന ബൗണ്ടറികള്‍ കണ്ടെത്തി. ദീപ്തി ശര്‍മ, പൂനം യാദവ്, അനുജ പാട്ടീല്‍ എന്നിവര്‍ക്ക് ഇവിടെ ശോഭിക്കാനായില്ല.

മറുഭാഗത്ത് ഇന്ത്യന്‍ മധ്യനിരയ്ക്കും വാലറ്റത്തിനും എന്താണ് നടക്കുന്നതെന്നു മനസ്സിലാകും മുന്‍പേ ഇംഗ്ലിഷ് സ്പിന്നര്‍മാര്‍ കുറ്റി പിഴുതിരുന്നു. 7 ഇന്ത്യന്‍ താരങ്ങള്‍ രണ്ടക്കം കണ്ടില്ല. 12 ഓവറില്‍ 88ന് 2 എന്ന നിലയില്‍നിന്നാണ് ഇന്ത്യ 19.3 ഓവറില്‍ ഓള്‍ഔട്ടായത്. 24 പന്തില്‍ 33 റണ്‍സുമായി സ്മൃതി മന്ഥാനയും 26 റണ്‍സെടുത്ത ജെറമി റോഡ്രിഗസും മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് 20 പന്തില്‍ 16 റണ്‍സെടുത്തു. മൂവരും ഔട്ടായശേഷം ഒരു പ്ലാന്‍ ബി ഇല്ലാതെ പോയതാണ് ഇന്ത്യന്‍ ബാറ്റിങ് തകരാന്‍ കാരണം. ഫോം ഔട്ടായ വേദ കൃഷ്ണമൂര്‍ത്തി ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ദീപ്തി ശര്‍മ വമ്പനടികള്‍ക്ക് അവസരം ലഭിക്കും മുന്‍പേ പുറത്തായി.

പന്ത് ബാറ്റിലേക്ക് എളുപ്പം എത്താത്ത പിച്ചില്‍ ടോപ് സ്പിന്നറും വേഗമേറിയ പന്തുകളുമെല്ലാമായി ഇംഗ്ലിഷ് സ്പിന്നര്‍മാര്‍ ഇന്ത്യന്‍ താരങ്ങളെ വെള്ളം കുടിപ്പിച്ചു. ക്രിസ്റ്റി ഗോര്‍ഡനും സോഫി എക്ലസ്റ്റോണും 2 വിക്കറ്റുവീതം വീഴ്ത്തി. ഒന്‍പത് റണ്‍സിനു മൂന്നു വിക്കറ്റു വീഴ്ത്തിയ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റാണ് വാലറ്റത്തെ ഒടിച്ചിട്ടത്. മറുപടി ബാറ്റിങ്ങില്‍ ആദ്യ പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി ഇന്ത്യ തിരിച്ചടി തുടങ്ങിയെന്നു പ്രതീക്ഷിച്ചതാണ്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അപരാജിതമായ 92 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി അമി ജോണ്‍സും (53) നതാലി ഷിവറും (52) ഇംഗ്ലണ്ടിനു കലാശപ്പോരിനു ടിക്കറ്റ് സമ്മാനിച്ചു.

∙ മിതാലിയുടെ പേരില്‍ പോരുമുറുകും

മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ടീമില്‍ ഇടം കിട്ടാതെ പോയ വിഷയമാകും പരാജയത്തിനും മീതേ ചര്‍ച്ച ചെയ്യപ്പെടുക. വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കർ എന്നറിയപ്പെടുന്ന മിതാലി, ടൂര്‍ണമെന്റില്‍ രണ്ടു തവണ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും അർധസെഞ്ചുറികളുമായി തിളങ്ങിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തില്‍ ബാറ്റ് ചെയ്യേണ്ടി വന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ അസുഖം കാരണമാണ് മിതാലിക്ക് ഇറങ്ങാനാകാതിരുന്നത്. നിര്‍ണായകമായ സെമി ഫൈനലില്‍, ഓസ്‌ട്രേലിയയെ തോല്‍പിച്ച ടീമിനെത്തന്നെ ഇറക്കാന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കോച്ച് രമേഷ് പവാറുമടങ്ങുന്ന മാനേജ്‌മെന്റ് തീരുമാനം പാളുകയായിരുന്നു.

ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്ന മിതാലിയെപ്പോലൊരു താരത്തിന്റെ അഭാവം ഇന്ത്യന്‍ ബാറ്റിങ്ങിനെ ഉലച്ചു. എങ്കിലും മല്‍സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീം തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് തീരുമാനമാണെന്നും അതില്‍ ഖേദമില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. പക്ഷേ ആരാധകരും മുന്‍ താരങ്ങളുമെല്ലാം കുറ്റപ്പെടുത്തലുകളുമായി ഇറങ്ങിക്കഴിഞ്ഞു.

1999ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയശേഷം ടീമിലുണ്ടായിട്ടും മിതാലി പുറത്തിരിക്കുന്നത് ഇതാദ്യമാണ്. പുരുഷ ക്രിക്കറ്റിൽ മഹേന്ദ്രസിങ് ധോണി യുഗവും സമാന നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്, ഇപ്പുറത്ത് വനിതാ ക്രിക്കറ്റിലെ സൂപ്പർതാരവും കരിയറിന്റെ അസ്തമയത്തോട് അടുക്കുന്നത്. സമീപകാലം വരെ ഇന്ത്യൻ ആരാധകർക്കിടയിൽ അത്രയൊന്നും വേരോട്ടമില്ലാത്ത കായികയിനമായിരുന്നു വനിതകളുടെ ക്രിക്കറ്റ്.

2012ലെ വനിതാ ലോകകപ്പുമായി ബന്ധപ്പെട്ട ഒരു സംഭവമുണ്ട്. ലോകകപ്പ് മൽസരങ്ങൾക്കിടെ പതിവുപോലെ മാധ്യമങ്ങളെ കാണാനെത്തിയ അന്നത്തെ ക്യാപ്റ്റൻ മിതാലി രാജിനോട് വാർത്താ സമ്മേളനത്തിനെത്തിയ ഒരേയൊരു മാധ്യമപ്രവർത്തകന് ഹാളിൽനിറയെ ആളുള്ളതായി തോന്നിക്കാൻ ഹാളിന്റെ എല്ലാവശത്തേക്കും നോക്കി സംസാരിക്കാൻ ആവശ്യപ്പെടേണ്ടി വന്നു. വനിതാ ക്രിക്കറ്റിന്റെ അന്നത്തെ അവസ്ഥ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

എന്തായാലും വർഷങ്ങൾ പിന്നിടുമ്പോൾ വനിതാ ക്രിക്കറ്റിലെ താരങ്ങളെ എണ്ണിപ്പറയാനുള്ള പരിചയം സാധാരണക്കാരായ ആരാധകർ പോലും ആർജിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ മിതാലിയെ പുറത്തിരുത്തി തോൽവി ചോദിച്ചുവാങ്ങിയ സംഭവം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മിതാലി രാജിനെ പുറത്തിരുത്താൻ കാരണം വനിതാ ക്രിക്കറ്റിലെ രാഷ്ട്രീയം ഒന്നുകൊണ്ടു മാത്രമാണെന്ന ആരോപണവുമായി മിതാലിയുടെ മാനേജരും രംഗത്തെത്തിയിരുന്നു.

related stories