Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിതാലിയെ ഒഴിവാക്കിയത് ‘മുംബൈയിൽ നിന്നുള്ള ഫോൺ സന്ദേശ’ത്തിന്റെ അടിസ്ഥാനത്തിൽ?

Mithali-Raj

ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് സെമിയിൽ മിതാലി രാജിനെ പുറത്തിരുത്തിയതുമായ ബന്ധപ്പെട്ട വിവാദത്തിൽ രമേഷ് പൊവാർ ‘വലിയ വില’ കൊടുക്കേണ്ടി വന്നേക്കും. വനിതാ ടീമിന്റെ ഇടക്കാല പരിശീലകനായിരുന്ന പൊവാറിന് വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിശീലക സ്ഥാനം നീട്ടിക്കൊടുക്കില്ലെന്നാണു വിവരം. പൊവാറും ബിസിസിഐയുമായുള്ള കരാർ ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊവാർ പുറത്തുപോകുമെന്ന അഭ്യൂഹം ശക്തമാകുന്നത്.

അതേസമയം, പൊവാറിനെയും അദ്ദേഹത്തിന്റെ പരിശീലന രീതികളെയും കുറിച്ച് ടീമിനുള്ളിൽ മികച്ച അഭിപ്രായമാണ്. പൊവാറിന്റെ ശൈലി ടീമിന്റെ മുന്നേറ്റത്തെ കാര്യമായ സഹായിച്ചിട്ടുണെന്ന നിലപാടാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനുൾപ്പെടെ കൂടുതൽ അംഗങ്ങൾക്കുമുള്ളത്. ഈ സാഹചര്യത്തിൽ അടുത്ത പരിശീലകനായി അപേക്ഷ ക്ഷണിക്കുമ്പോൾ പൊവാറിന് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നു.

എന്നാൽ, ഒരു കാലത്ത് ഇന്ത്യൻ വനിതാ ടീമിന്റെ ഐക്കണായിരുന്ന മിതാലിയുമായി ഉരസിയത് പൊവാറിന്റെ സ്ഥാനം തെറിപ്പിക്കാനാണ് എല്ലാ സാധ്യതയും. മിതാലിയെ പുറത്തിരുത്തിയതിനു പിന്നാലെ ഉടലെടുത്ത പ്രതിസന്ധി മിതാലി–പൊവാർ വാക്പോരിന്റെ രൂപത്തിൽ ടീമിന്റെ ആത്മവിശ്വാസത്തെ തന്നെ തകർക്കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്.

അതിനിടെ, ബിസിസിഐയിൽനിന്നുള്ള ‘ഒരു ഉന്നതന്റെ’ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് മിതാലിയെ പുറത്തിരുത്തിയതെന്ന റിപ്പോർട്ടുകളും സജീവാണ്. ലോകകപ്പിലെ രണ്ടു മൽസരങ്ങളിൽ അർധസെഞ്ചുറി നേടി മികവു കാട്ടിയിട്ടും ബിസിസിഐ ഉന്നതന്റെ സമ്മർദ്ദത്തിനു വഴങ്ങി മിതാലിയെ പുറത്തിരുത്തിയതിൽ ബിസിസിഐയ്ക്ക് അമർഷമുണ്ട്.

മിതാലിയെ കളിപ്പിക്കാതിരിക്കാനുള്ള ബാഹ്യസമ്മർദ്ദത്തെ ചെറുക്കാൻ‍ മുഖ്യ പരിശീലകനു സാധിക്കാതെ പോയതിലും ബിസിസിഐയ്ക്ക് അതൃപ്തിയുണ്ട്. ലോകകപ്പിലെ ആദ്യ മൽസരത്തിനുശേഷം മിതാലിയെ ഓപ്പണർ സ്ഥാനത്തുനിന്ന് മധ്യനിരയിലേക്കു മാറ്റിയതിനെക്കുറിച്ചും സെമി ഫൈനൽ ടീമിൽനിന്ന് പുറത്തിരുത്തിയതിനെക്കുറിച്ചും വിശ്വസനീയമായ വിശദീകരണം നൽകാൻ പൊവാറിനായിട്ടില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

പരിശീലകനെന്ന നിലയിൽ എന്തു തീരുമാനമെടുക്കുമ്പോഴും പൊവാർ മിതാലിയുമായി സംസാരിക്കേണ്ടതായിരുന്നുവെന്നാണ് ബോർഡിന്റെ പൊതു നിലപാട്. എന്നാൽ അതുണ്ടായില്ല. മൽസരദിവസം മുംബൈയിൽനിന്ന് വന്ന ഫോൺകോളിന്റെ വെളിച്ചത്തിൽ മിതാലിയെ പുറത്തിരുത്തുന്നതിനു പകരം അവരുമായി സംസാരിക്കുകയായിരുന്നു പൊവാർ ചെയ്യേണ്ടിയിരുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോടു വെളിപ്പടുത്തി. ഇതല്ല ക്രിക്കറ്റിന്റെ രീതിയെന്നും അവർ ചൂണ്ടിക്കാട്ടി.

related stories