കുട്ടിത്താരങ്ങളെ കണ്ടെത്തൂ; ക്രിസ് ആബേൽ

ക്രിസ് ആബേൽ

തിരുവനന്തപുരം∙ കുട്ടിത്താരങ്ങളെ കണ്ടെത്തി ചെറുപ്പം മുതലേ ടൂർണമെന്റുകളിലൂടെ പരിശീലിപ്പിച്ചാൽ ഇന്ത്യൻ ഫുട്ബോളിനു തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് പ്രമുഖ ഇംഗ്ലിഷ് ക്ലബായ ആർസനലിന്റെ യൂത്ത് അക്കാദമി പരിശീലകൻ ക്രിസ് ഏബൽ. കോവളം എഫ്സിയും ആർസനൽ ക്ലബും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് ക്രിസ് തലസ്ഥാനത്തെത്തിയത്. കഴിവുള്ള താരങ്ങളുണ്ടെങ്കിലും അതിനാവശ്യമായ ഗ്രൗണ്ടും സൗകര്യങ്ങളും ഉറപ്പാക്കണം. ഇംഗ്ലണ്ടിൽ ഒരു ഇടത്തരം ഫുട്ബോൾ സ്റ്റേഡിയം നിർമിക്കുന്നതിന്റെ ചെലവ് 80,000 പൗണ്ട് ആണ്. ഇത്രയും പ്രധാന്യമാണ് അവിടെ ഫുട്ബോളിന് നൽകുന്നത്.

ഇന്ത്യൻ ഫുട്ബോൾ രംഗത്തിന്റെ ഭാവി ശോഭനമാണ്. പോരായ്മകളിൽ അതീവ ശ്രദ്ധ നൽകേണ്ടതില്ല, അവരുടെ കരുത്തിലാണ് വിശ്വാസമർപ്പിക്കേണ്ടത്. ചെറുപ്പം മുതലേ കുട്ടികളെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുന്നതാണ് വിദേശരാജ്യങ്ങളിലെ രീതിയെന്നും അദ്ദേഹം പറഞ്ഞു. ആർസനലിനു പുറമേ വടക്കേ അമേരിക്കയിലെ ഒന്നാം നമ്പർ ഫുട്ബാൾ അക്കാദമിയായ എഫ്സി ഡാളസ്, അമേരിക്കൻ മേജർ ലീഗ് സോക്കർ ടീം സാൻജോസ് എർത്ത്ക്വേക്ക് എഫ്സി, സാൻഫ്രാൻസിസ്കോ എംവിഎൽഎ സോക്കർ ക്ലബ് എന്നിവയുമായും കോവളം എഫ്സി പങ്കാളിത്ത പരിശീലനത്തിന് അവസരമൊരുക്കുമെന്ന് ചെയർമാൻ ചന്ദ്രഹാസനും മുഖ്യപരിശീലകൻ എബിൻ റോസും അറിയിച്ചു.

മികവുള്ള കളിക്കാരെ വിദേശത്തു കൊണ്ടുപോയി പരിശീലിപ്പിക്കാനും അവിടെ നിന്നുള്ള പരിശീലകരെ ഇവിടെ ലഭ്യമാക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. ഈ വർഷം അവസാനത്തോടെ യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള പരിശീലകർ തിരുവനന്തപുരത്ത് എത്തും.