കൊച്ചിയിലേക്കു കബഡി ആവേശം; പ്രൊ കബഡി ലീഗ് പ്ലേ ഓഫ് 30നും 31നും

ബംഗാൾ വാരിയേഴ്സും തമിഴ് തലൈവാസും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ നിന്ന്

കൊച്ചി ∙ കളത്തിൽ കബഡിത്തീ പടർത്തി പ്രൊ കബഡി ലീഗ് 30നു കേരളത്തിൽ അരങ്ങേറുമ്പോൾ ശ്രദ്ധിക്കേണ്ടത് ഏതാനും സൂപ്പർ ടീമുകളെ. അന്ത്യ ഘട്ടത്തിലെ പ്ലേ ഓഫ് മൽസരങ്ങളായതിനാൽ ആരാധകർക്കു നിരാശപ്പെടേണ്ടിവരില്ല; തീപ്പൊരിക്കളി കാണാമെന്നുറപ്പ്.

സോൺ ‘എ’ യിൽ നിന്നു ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ്, യു മുംബ, ദബാങ് ഡൽ‌ഹി ടീമുകളാണു യഥാക്രമം ആദ്യ മൂന്നു സ്ഥാനം ഉറപ്പിച്ചു പ്ലേ ഓഫിൽ കടന്നത്. സോൺ ‘ബി’യിൽ ബെംഗളൂരു ബുൾസും ബംഗാൾ വാറിയേഴ്സും പ്ലേ ഓഫിൽ കടന്നു. 30,31 തീയതികളിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണു പ്ലേ ഓഫ് മൽസരങ്ങൾ. 

∙ ജയന്റ്സായി ഗുജറാത്ത് 

ഈ സീസണിൽ തകർപ്പൻ പ്രകടനമാണു ഗുജറാത്ത് കാഴ്ച വച്ചത്. സൂപ്പർ താരം കെ.പ്രപഞ്ചന്റെ ആക്രമണ മികവിലൂന്നിയാണു ഗുജറാത്തിന്റെ കുതിപ്പ്. ‌സീസണിൽ എതിരാളികളെ പുറത്താക്കി നേടിയത് 108 പോയിന്റ്. 

തിളക്കത്തോടെ യു മുംബ 

യു മുംബയുടെ വരവോടെ കബഡി പ്രേമികളെങ്കിലും മുംബൈയെ മുംബയെന്നാണു വിളിക്കുക! ആദ്യ മൂന്നു സീസണുകളിൽ തുടർച്ചയായി ഫൈനലുകൾ. 2 –ാം പതിപ്പിൽ കിരീടം. പക്ഷേ, കഴിഞ്ഞ 2 സീസണുകളിൽ മോശം പ്രകടനം. ഇക്കുറി, സോൺ എ പോയിന്റ് ടേബിളിൽ 2 –ാം സ്ഥാനത്തോടെ പ്ലേ ഓഫിൽ എത്തിക്കഴിഞ്ഞു. സിദ്ധാർഥ് സിരിഷ് ദേശായിയുടെ കിടിലൻ റൈഡ് പോയിന്റുകളാണു മുംബയുടെ കരുത്ത്. 

∙ ദബാങ് ഡൽഹി

നവീൻ കുമാറാണു ദബാങ് നിരയിലെ സൂപ്പർ റൈഡർ. 20 കളിൽ 151 പോയിന്റ് നേട്ടം. സോൺ എ യിൽ ഗുജറാത്ത്, മുംബ ടീമുകൾക്കു പിന്നിലായെങ്കിലും പ്ലേ ഓഫിലെത്തി. 

∙ ബെംഗളൂരുവിന്റെ ബുൾസ് 

ബെംഗളൂരു ബുൾസ് സോൺ ബിയിൽ അക്ഷരാർഥത്തിൽ കാളക്കരുത്താണു പുറത്തെടുത്തത്. പ്രാഥമിക ഘട്ടത്തിൽ രണ്ടു കളി ബാക്കി നിൽക്കെ 72 പോയിന്റോടെ സോണിൽ ഒന്നാം സ്ഥാനവും പ്ലേ ഓഫിൽ ഇടവും സ്വന്തമാക്കി. 

∙ യോദ്ധാക്കളുടെ ബംഗാൾ 

ബെംഗളൂരുവിനു പിന്നിലാണു നിൽപ്പെങ്കിലും സോൺ ബിയിൽ പ്ലേ ഓഫ് ഉറപ്പാക്കാനായതു നേട്ടം.