Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബഡി: വീര യോദ്ധ; ധീര ഡൽഹി!

Kabaddi കൊച്ചിയിൽ പ്രൊ കബഡി ലീഗ് മത്സരത്തിൽ യു മുംബയും യുപി യോദ്ധയും തമ്മിൽ ആദ്യ എലിമിനേറ്ററിൽ ഏറ്റുമുട്ടിയപ്പോൾ. ചിത്രം: റോബർട്ട് വിനോദ്∙മനോരമ

കൊച്ചി∙ ആദ്യ എലിമിനേറ്ററിൽ യു മുംബയെ കീഴടക്കി യുപി യോദ്ധ. രണ്ടാം എലിമിനേറ്ററിൽ ബംഗാൾ വോറിയേഴ്സിനെ തകർത്തു ഡൽഹി ദബാങ്. ‌രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി പ്രൊ കബഡി ലീഗ് പ്ലേ ഓഫ് മൽസരങ്ങൾക്ക് ആവേശത്തുടക്കം. യുപി മുംബയെ വീഴ്ത്തിയതു 34– 29ന്. ബംഗാളിനെതിരെ ദബാങ്ങിന്റെ വിജയം 39–28 ന്. മുംബയും ബംഗാളും പുറത്തായി. ഇന്നു രാത്രി 8 ന് ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ജയന്റ് ഫോർച്യൂൺസ് ബെംഗളൂരു ബുൾസിനെ നേരിടും. രാത്രി 9 നു മൂന്നാം എലിമിനേറ്ററിൽ യുപി യോദ്ധ ദബാങ് ഡൽഹിയെ നേരിടും. 

∙ പ്രതിരോധപ്പൂട്ട്

പതിവു പോലെ പ്രതിരോധ മികവു തന്നെയാണ് യുപിക്കു വിജയം സമ്മാനിച്ചത്. മുംബയുടെ സൂപ്പർ റെയ്ഡർ സിദ്ധാർഥിനെ പ്രതിരോധിക്കുകയെന്ന തന്ത്രം യുപി അനായാസം നടപ്പാക്കി. മുംബയ്ക്കായി 16 റെയ്ഡുകൾ നടത്തിയ സിദ്ധാർഥിനു നേടാനായത് 7 പോയിന്റ്. പകരക്കാരനായിറങ്ങിയ ഇറാൻ താരം അബോൾ ഫസലിനും റെയ്ഡ് പോയിന്റുകൾ തൊട്ടെടുക്കാനായില്ല. ടൈം ഔട്ടിനു ശേഷം മുംബ ഒന്നു കുതിച്ചു. സിദ്ധാർഥിനും അബോൾ ഫസലിനും തുടരെ പോയിന്റുകൾ. യുപി ലീഡ് 4 പോയിന്റായി ചുരുങ്ങി. പക്ഷേ ടാക്കിൾ പോയിന്റുകളിലൂടെ ലീഡ് ഉയർത്തുകയെന്ന തന്ത്രം യുപി സമർഥമായി നടപ്പാക്കിയപ്പോൾ ഫൈനൽ സ്കോർ 34–29. 

∙ അനായാസം ഡൽഹി

14 റെയ്ഡിൽ 11 പോയിന്റെടുത്ത നവീൻ കുമാറിന്റെ മികവാണു ഡൽഹിക്കു വിജയം സമ്മാനിച്ചത്. മനീന്ദർ സിങ്ങിന്റെ റെയ്ഡിങ് മികവിലായിരുന്നു വോറിയേഴ്സിന്റെ മുന്നേറ്റം. എന്നാൽ, രണ്ടാം പകുതിയിൽ കളി മാറി. ചന്ദ്രൻ രഞ്ജിത്തിന്റെ തുടർ റെയ്ഡുകൾ ഡൽഹിയെ കളിയിൽ തിരിച്ചെത്തിച്ചു. പിന്നിൽ നിന്ന ദബാങ് ലീഡിലേക്കു കുതിച്ചു. കളി തീരാൻ 7 മിനിറ്റുള്ളപ്പോൾ ഡൽഹി 8 പോയിന്റിനു മുന്നിൽ. ആ ലീഡു കുറയ്ക്കാതെ തന്നെ വിജയത്തിലേക്ക്.