ഒളിംപ്യന്മാർക്കായി ഒളിംപ്യന്മാരുടെ സംഘടന

ന്യൂഡൽഹി ∙ ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങൾക്കായി ഒളിംപ്യൻ അസോസിയേഷൻ ഓഫ് ഇന്ത്യ (ഒഎഐ) എന്ന പുതിയ സമിതി നിലവിൽവന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോക ഒളിംപ്യൻസ് അസോസിയേഷനുമായി അഫിലിയേഷനുള്ളതാണ് ഈ സംഘടന. മുൻ ഒളിംപ്യന്മാരും അടുത്തയിടെ ഒളിംപിക്സിൽ പങ്കെടുത്തവരും അടങ്ങുന്നതാണു സംഘടന.

രാജ്യത്തെ കായികരംഗത്തു നേട്ടങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണിത്. ഒളിംപ്യന്മാരായ ശിവ കേശവൻ, മാലവ് ഷ്‌റോഫ്, ആദിൽ സുമരിവാല, അശ്വിനി നാച്ചപ്പ, സൈന നെഹ്‌വാൾ, ഹക്കിമുദ്ദീൻ ഹബീബുല്ല, എംസി മേരികോം എന്നിവരാണു ഭരണസമിതിയിലെ പ്രധാന അംഗങ്ങൾ. രാജ്യവർധൻ സിങ് റാത്തോഡ്, അഭിനവ് ബിന്ദ്ര, സുശിൽകുമാർ, യോഗേശ്വർ ദത്ത്, ഗഗൻ നാരംഗ്, വിജേന്ദർ സിങ് എന്നിവരും സമിതിയിലുണ്ട്.