വെറ്റിലപ്പാറ അഥവാ വോളിബോൾ ഗ്രാമം

വെറ്റിലപ്പാറയിലെ താൽക്കാലിക വോളിബോൾ കോർട്ടിൽ പരിശീലനം നടത്തുന്നവർ.ചിത്രം: ടി.പ്രദീപ്കുമാർ

മലപ്പുറം ∙ വെറ്റിലപ്പാറ എന്ന മലയോര ഗ്രാമത്തിനു വെറ്റിലയേക്കാൾ കൂടുതൽ ഇണങ്ങുക വോളിബോളിന്റെ തിലകക്കുറിയാണ്.അരനൂറ്റാണ്ട് പിന്നിടുന്ന വോളി ആവേശത്തിന് ഒട്ടും കുറവില്ല. പക്ഷേ, ആകെയുണ്ടായിരുന്ന കോർട്ട് നഷ്ടമായതിന്റെ ദുഃഖത്തിലാണു വെറ്റിലപ്പാറ ഇപ്പോൾ.

കുടിയേറ്റക്കാർക്കൊപ്പമാണു ഇവിടെ വോളിബോൾ വേരുപിടിച്ചത്. എഴുപതുകളുടെ ഒടുക്കം മുതൽ തോട്ടങ്ങളിലും തോട്ടിൻകരകളിലും നെറ്റുകൾ പൊങ്ങി. പിന്നീട് വെറ്റിലപ്പാറയുടെ താരങ്ങൾക്കു കോർട്ടിൽ മേൽവിലാസമുണ്ടായി. ഇന്ത്യൻ സർവകലാശാല ടീമിലെത്തിയ ജയ്സൺ പി.മാത്യു മുതൽ തോമസ് മാത്യുവും ജോമിനി തോമസും വി.കെ.കുര്യാക്കോസും മനു തോമസും തുടങ്ങി എത്രയോ പേർ. ഇന്ത്യൻ താരം വിബിൻ എം.ജോർജ് വെറ്റിലപ്പാറയിലെ വോളി കോർട്ടുകളിലെ സ്ഥിരംസാന്നിധ്യമായിരുന്നു.

ദേശീയ ബധിര വോളിയിൽ കേരളത്തിന്റെ ക്യാപ്റ്റനായ ആൽബിൻ സണ്ണിയും സംസ്ഥാന ജൂനിയർ ടീമിൽ കളിച്ച ആഷ്ബിൻ ആന്റോയും ആ വോളി വലയിലെ അവസാന കണ്ണികളാണ്. താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പെടെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ പേർ സർവീസും ബ്ലോക്കും സ്മാഷുമായി കടന്നുപോയി.

നെഹ്റു യൂത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (എൻവൈഎഎസ്‍‍സി) എന്ന ആദ്യകാല വോളി ക്ലബ് ഇപ്പോഴും സജീവം. വിന്നേഴ്സ്, ഗ്യാലപ്, ഡ്രീംസ് തുടങ്ങിയ ക്ലബുകളും ഈ ചെറുഗ്രാമത്തിൽ വോളിബോളിനെ കൊണ്ടുനടക്കുന്നു. രണ്ടുതവണ സംസ്ഥാന ചാംപ്യൻഷിപ്പുകൾക്കു ഗ്രാമം വേദിയാവുകയും ചെയ്തു.

ഗ്രൗണ്ടില്ലാത്തതാണ് ഇപ്പോൾ ഇവരുടെ പ്രശ്നം. പുതിയ കെട്ടിടം വന്നതിനാൽ വെറ്റിലപ്പാറ ഗവ. ഹൈസ്കൂൾ മൈതാനത്തുനിന്ന് ഇറങ്ങേണ്ടി വന്നു. സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ സ്ഥലത്ത്, പുഴയോരത്തു താൽക്കാലികമായി ഒരുക്കിയ കോർട്ടാണ് ഇപ്പോൾ ആശ്രയം. പാരിഷ് ഹാൾ പണിയാൻ പള്ളി കണ്ടെത്തിയ സ്ഥലമാണു വോളിബോൾ പ്രേമികൾക്കായി വിട്ടുകൊടുത്തിരിക്കുന്നത്. ഗ്രൗണ്ടിന്റെ കാര്യത്തിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് തുണയ്ക്കെത്തുമെന്നാണു നാട്ടുകാരുടെയും വോളി താരങ്ങളുടെയും പ്രതീക്ഷ.