ജനകീയ കായിക പുരസ്കാരങ്ങളുമായി മനോരമ: നമ്മുടെ താരം; നമ്മുടെ ക്ലബ്

കോട്ടയം∙ മഹത്തായ കായിക സംസ്കാരത്തിന്റെ മലയാള മണ്ണിൽ, കായിക കുതിപ്പിനു കൂടുതൽ ഊർജമേകാൻ സംസ്ഥാനത്തെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങളുമായി മലയാള മനോരമ. കഴിഞ്ഞ ഒരു വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് സ്റ്റാർ, സ്പോർട്സ് ക്ലബ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നു. മലയാള മനോരമയും സാന്റ മോനിക്ക ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നു നൽകുന്ന ഈ പുരസ്കാരങ്ങളുടെ മൊത്തം തുക 12 ലക്ഷം രൂപയാണ്. 

∙ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച താരങ്ങളിൽ നിന്നു വായനക്കാർ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് മൂന്നു ലക്ഷം രൂപയും ‘മനോരമ സ്പോർട്സ് സ്റ്റാർ –2017’ പുരസ്കാരവും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം. 

∙ കായിക പ്രതിഭകൾക്കു വളർന്നു പന്തലിക്കാൻ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയ സ്പോർട്സ് ക്ലബുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ക്ലബിന് മൂന്നു ലക്ഷം രൂപയും ‘മനോരമ സ്പോർട്സ് ക്ലബ്– 2017’ പുരസ്കാരവും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബുകൾക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം. 

∙ എസ്എംഎസ്, ഓൺ ലൈൻ വോട്ടിങ്ങിലൂടെ വായനക്കാർക്ക് മികച്ച താരത്തെ തിരഞ്ഞെടുക്കാം. 

∙ വായനക്കാർക്കും സമ്മാനങ്ങൾ 

‌∙ അവാർഡിനായി ക്ലബുകളുടെ റജിസ്ട്രേഷൻ ഇന്നു മുതൽ. 

പുരസ്കാരം മികച്ച താരങ്ങൾക്കും ക്ലബുകൾക്കും

ഗെറ്റ്, സെറ്റ്.....ഗോ.... കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങൾക്ക് അർഹരെ കണ്ടെത്താനുള്ള യജ്ഞത്തിനു ഇന്നു തുടക്കം. ഇനിയുള്ള നാളുകൾ കേരളത്തിന്റെ കായിക മനസ്സ് തേടിയുള്ള അന്വേഷണം. അതേ, മലയാള മനോരമയും സാന്റ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസും ചേർന്നൊരുക്കുന്ന പുരസ്കാരങ്ങൾ കായിക മികവു തേടിയുള്ള അന്വേഷണമാണ്. ഒപ്പം കായിക കുതിപ്പിനുള്ള ഊർജവുമാണ്.

കായിക പാരമ്പര്യത്തിന്റെ കളിത്തട്ടിൽ നിന്നു രാജ്യത്തിന്റെ അഭിമാന കൊടിക്കൂറ ഉയരെപ്പാറിച്ച ഒട്ടേറെ താരങ്ങൾക്കു പിൻമുറക്കാരെ കണ്ടെത്താനുള്ള ശ്രമം കൂടിയാണിത്. മലയാള മനോരമ, മനോരമ ന്യൂസ് ടിവി, മനോരമ ഓൺലൈൻ എന്നിവ സംയുക്തമായി ഒരുക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഏറ്റവും സമഗ്രവും ജനകീയവുമായ അവാർഡാണു ലക്ഷ്യമിടുന്നത്.

മനോരമ സ്പോർട്സ് സ്റ്റാർ – 2017, മനോരമ സ്പോർട്സ് ക്ലബ് – 2017 എന്നിങ്ങനെ രണ്ടു പുരസ്കാരങ്ങൾ. കായിക താരങ്ങൾക്ക് ആദരവിന്റെ ഒട്ടേറെ വേദികൾ ലഭ്യമാകുമ്പോഴും അവരെ നട്ടു വെള്ളമൊഴിച്ചു വളർത്തിയ ക്ലബ്ബുകളും അക്കാദമികളും വിസ്മരിക്കപ്പെടുന്നതാണു പതിവ്. ആ കുറവ് ഇവിടെ അവസാനിക്കുന്നു.

നാട്ടിൻ പുറത്തെ സമാനമനസ്കരുടെ ചെറുകൂട്ടായ്മകളിലൂടെ വളർന്ന് ആ പ്രദേശത്തിന്റെയാകെ ആവേശമായി മാറിയ എത്രയോ ക്ലബ്ബുകൾ, അക്കാദമികൾ ! സംസ്ഥാനത്തെ ഏറ്റവും വലിയ പുരസ്കാര സമർപ്പണത്തിലൂടെ, അർഹിക്കുന്ന ആദരം നൽകാനാണു ശ്രമിക്കുന്നത്. മനോരമ സ്പോർട്സ് സ്റ്റാർ – 2017 പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട ആറു പേരെ കണ്ടെത്തിയതു നാലംഗ വിദഗ്ധ സമിതി.

കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ മലയാളി താരങ്ങളിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. ആ ആറു പേർ ആരെല്ലാം? ബുധനാഴ്ചത്തെ കായികം പേജ് കാണുക.

മനോരമ സ്പോർട്സ് സ്റ്റാർ – 2017 (വായനക്കാർക്ക് ബുധനാഴ്ച മുതൽ വോട്ട് ചെയ്യാം)

∙ മനോരമ വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന ആറു പേരിൽ നിന്ന് വായനക്കാർക്ക് മികച്ച കായിക താരത്തെ തിരഞ്ഞെടുക്കാം വോട്ടെടുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ബുധനാഴ്ച പ്രസിദ്ധീകരിക്കും.

∙ എസ്എംഎസ്, ഓൺലൈൻ വോട്ടിങ്ങിലൂടെ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ്.

∙ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ – 2017 പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനം.

∙ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം.

∙ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 10 വായനക്കാർക്കു 10,000 രൂപ വീതം സമ്മാനം

മനോരമ സ്പോർട്സ് ക്ലബ് – 2017 (ക്ലബ്ബുകൾക്ക് 20 മുതൽ റജിസ്റ്റർ ചെയ്യാം)

∙ അവാർഡിനായി ക്ലബ്ബുകൾക്കും അക്കാദമികൾക്കും മനോരമ ഓൺലൈൻ വഴി 20 മുതൽ റജിസ്റ്റർ ചെയ്യാം.

∙ ക്ലബ്ബുകളും അക്കാദമികളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനോരമ നിയോഗിക്കുന്ന വിദഗ്ധ സമിതി ആദ്യ ഘട്ടം വിജയികളായി ആറു ക്ലബ്ബുകളെ കണ്ടെത്തും.

∙ പിന്നീട് വിദഗ്ധ സമിതിയംഗങ്ങൾ ഓരോ ക്ലബ്ബിലും നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തും.

∙ കഴിഞ്ഞ വർഷം പുലർത്തിയ മികവിന്റെയും മുൻ വർഷങ്ങളിൽ കായിക മേഖലയ്ക്കു നൽകിയ സംഭാവനകളുടെയും അടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും വിജയികളെ വിദഗ്ധ സമിതി പ്രഖ്യാപിക്കും. കായികരംഗത്തെ പ്രമുഖരടങ്ങുന്ന സമിതിയുടെ തീരുമാനം അന്തിമം.

∙ ഏറ്റവും മികച്ച ക്ലബ്ബിന് ‘മനോരമ സ്പോർട്സ് ക്ലബ് – 2017’ പുരസ്കാരവും മൂന്നു ലക്ഷം രൂപയും.

∙ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.

∙ റജിസ്ട്രേഷൻ ഫെബ്രുവരി 27 വരെ

നിബന്ധനകൾ:

∙ സംസ്ഥാന സർക്കാരിന്റെയോ ബന്ധപ്പെട്ട കായിക സംഘടനകളുടെയോ അംഗീകാരമുള്ള കേരളത്തിലെ ക്ലബ്ബുകൾക്കും അക്കാദമികൾക്കും റജിസ്ട്രേഷൻ നമ്പർ സഹിതം അവാർഡിന് അപേക്ഷിക്കാം.

∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലും സാമ്പത്തിക സഹായത്തിലും പ്രവർത്തിക്കുന്ന അക്കാദമികളെ പരിഗണിക്കുന്നതല്ല.

∙ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവാണ് അവാർഡിനുള്ള പ്രധാന മാനദണ്ഡം.

∙ ക്ലബ്ബുകളുടെ പ്രവർത്തന പാരമ്പര്യം, നാടിന്റെ കായിക വികസനത്തിനു നൽകുന്ന സംഭാവനകൾ, പ്രാദേശിക ടൂർണമെന്റുകളുടെ സംഘാടനം, കായികേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പുതു തലമുറയ്ക്കായി നടപ്പാക്കുന്ന പരിശീലന പരിപാടികൾ എന്നിവയും പരിഗണിക്കപ്പെടും.

∙ ‘മനോരമ സ്പോർട്സ് ക്ലബ് – 2017’ അവാർഡിന് റജിസ്റ്റർ ചെയ്യാൻ www.manoramaonline.com/sportsclub സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: kaliyolam@mm.co.in

ഫോൺ: 98460 61306 (രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാത്രം)