Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോജർ ഫെഡറർക്ക് എട്ടാം വിമ്പിൾഡൻ; 19–ാം ഗ്രാൻഡ്സ്ലാം

Roger Federer ഫെഡറർ വിമ്പിൾഡൻ കിരീടവുമായി

ലണ്ടൻ ∙ ഷെൽഫിലെ കിരീടങ്ങൾ നോക്കി റോജർ ഫെഡററുടെ മക്കൾക്ക് എണ്ണം പഠിക്കാം! ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെ നിഷ്പ്രഭനാക്കി സ്വിസ് താരം മറ്റൊരു വിമ്പിൾഡൻ കിരീടം കൂടി വീട്ടിലെത്തിച്ചു. ഒന്നേ മുക്കാൽ മണിക്കൂർ മാത്രം നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡററുടെ ജയം (6–3,6–1,6–4). ഭാര്യ മിർകയും നാല് ഇരട്ടക്കുട്ടികളും ഫെഡററുടെ വിജയത്തിന് ഗാലറിയിൽ സാക്ഷികളായിരുന്നു.

വിമ്പിൾഡനിലെ എട്ടാം കിരീടം സ്വന്തമാക്കിയ ഫെഡറർ ഈ നേട്ടത്തിൽ പീറ്റ് സാംപ്രാസ്, വില്യം റെൻഷാ എന്നിവരെ മറികടന്നു. വനിതാ സിംഗിൾസിൽ ഒൻപതു കിരീടങ്ങൾ നേടിയ മാർട്ടിന നവരത്തിലോവ മാത്രമാണ് ഇനി ഫെഡറർക്കു മുന്നിലുള്ളത്. ഓപ്പൺ യുഗത്തിൽ വിമ്പിൾഡൻ കിരീടം ചൂടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർ‍ഡും മുപ്പത്തഞ്ചുകാരനായ ഫെഡറർ സ്വന്തമാക്കി. ഒറ്റ സെറ്റ് പോലും നഷ്ടപ്പെടുത്താതെ കിരീടത്തിലെത്തിയ ഫെഡറർ 1976ൽ ബ്യോൺ ബോർഗിനു ശേഷം ഇങ്ങനെ കിരീടം ചൂടുന്ന താരവുമായി. നിലവിൽ ലോക അഞ്ചാം നമ്പർ താരമായ ഫെഡററുടെ 19–ാം ഗ്രാൻസ്ലാം കിരീടമാണിത്.

17–ാം കിരീടം നേടി അഞ്ചു വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടിയാണ് ഫെഡറർ ലോക ടെന്നിസിന്റെ മുൻനിരയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. വിമ്പിൾഡൻ 11–ാം ഫൈനൽ കളിക്കുന്ന ഫെഡറർക്കു മുന്നിൽ കണക്കുകളിലെന്ന പോലെ കളിയിലും സിലിച്ച് നിഷ്പ്രഭനായിപ്പോയി. തുടക്കത്തിൽ ചെറുത്തുനിന്നെങ്കിലും അഞ്ചാം ഗെയിമിൽ ഫെഡറർ ബ്രേക്ക് ചെയ്തതോടെ സിലിച്ച് കളി കൈവിട്ടു തുടങ്ങി. കാലിലും മനസ്സിലും കനം കൂടിയ പോലെ കളിച്ച സിലിച്ച് രണ്ടാം സെറ്റിൽ 0–3നു പിന്നിലായപ്പോൾ വിതുമ്പിക്കരഞ്ഞ് തന്റെ കസേരയിലേക്കു മടങ്ങുകയും ചെയ്തു.

1911നു ശേഷം ആദ്യമായി മൽസരം പൂർത്തിയാകാതെ ഫൈനൽ തീരുമാനമാകുമോ എന്ന് ഉദ്വേഗപ്പെട്ട് നിൽക്കെ ഫെഡററുടെയും കാണികളുടെയും പ്രോൽസാഹനത്തിൽ ക്രൊയേഷ്യൻ താരം മടങ്ങിയെത്തി. രണ്ടാം സെറ്റ് കൈവിട്ടതിനു പിന്നാലെ അര മണിക്കൂർ വൈദ്യസഹായവും തേടിയതോടെ മൽസരം ഫെഡറർക്ക് ചടങ്ങു തീർക്കൽ മാത്രമായി. മൂന്നാം സെറ്റിൽ ആദ്യ മാച്ച് പോയിന്റ് ഫെഡറർ നഷ്ടമാക്കിയെങ്കിലും പിന്നീട് എട്ടാം എയ്സിൽ കളി തീർത്തു.