കൂനിൻമേൽ 1000 കോടിയുടെ കുരുവായി ‘െഎകിയ’; ആദ്യ ദിനം കടയിലെത്തിയത് 30000 പേർ

ആദ്യ ദിവസത്തെ ഇടിയായിരുന്നു ഇടി. എന്തോ ആത്ഭുതം കാണാനെന്ന പോലെ ജനം ഇടിച്ചു തള്ളി. സംഗതി വേറൊന്നുമല്ല ഐകിയ എന്ന സ്വീഡിഷ് ഫർണിച്ചർ ബ്രാൻഡ് അവരുടെ ആദ്യ ഷോറൂം ഹൈദരാബാദിൽ തുറന്നെന്നു മാത്രം. ഒറ്റ ദിവസം കട കാണാനെത്തിയത് ഏതാണ്ടു മുപ്പതിനായിരം പേരാണ്. ഹൈടെക് സിറ്റിയിലായതിനാൽ വൈകിട്ട് അഞ്ചു മണി കഴിഞ്ഞ് പതിനായിരത്തോളം ടെക്കികളും ഇടിച്ചു തള്ളി.

കുറേ മരസാമാനങ്ങളും വീടലങ്കരിക്കാനുള്ള വസ്തുക്കളും കർട്ടനും കുഷനും മെത്തയും കാണാനെന്തിനാണിത്ര ഇടിയെന്നു ചോദിച്ചാൽ അതാണ് ബ്രാൻഡ് പവർ. പണ്ട് കെന്റക്കി ചിക്കൻ കടകൾ നാട്ടിൽ തുടങ്ങിയപ്പോഴും ഇതേ ഇടിയായിരുന്നു. കെന്റക്കി കടകളിൽ ഇപ്പോൾ തിരക്കു കാണണമെന്നില്ല. പക്ഷേ ജനത്തിന്റെ ബ്രാൻഡ് അവബോധം അത്രയ്ക്കാണ്. 

ഐകിയ സ്വീഡനിൽ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു തുടങ്ങിയ കമ്പനിയാണ്. 50 രാജ്യങ്ങളിലായി ഫർണിച്ചറും ‘മറ്റും’ വിറ്റ് വർഷം 3600 കോടി ഡോളർ വരുമാനം നേടുന്നു. എന്താണീ മറ്റും? കുഷനും കർട്ടനും മെത്തയും മാത്രമല്ല ഭക്ഷണ വിൽപ്പനയും വൻ വരുമാനമാണത്രെ. 180 കോടി ഡോളർ ആ വഹയിലും വരുമാനമുണ്ട്. ഹൈദരാബാദിൽ ഫുഡ് കോർട്ടിൽ സമൂസയും ബിരിയാണിയുമൊക്കെയുണ്ട്. അതു കഴിക്കാൻ പോലും ഇടിയായിരുന്നത്രെ. ആയിരം പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടാണ്.

സിംഗിൾ ബ്രാൻഡ് നിക്ഷേപം ഫർണിച്ചറിൽ അനുവദിച്ചത് 2013ലാണെങ്കിൽ ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ഷോറൂമിന് ആയിരം കോടി മുടക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആയിരത്തോളം വീടുകളിൽ പോയി നോക്കി നാട്ടുകാരുടെ അഭിരുചി കണ്ടുപിടിച്ചെന്നും അതനുസരിച്ചുള്ള ഉത്പന്നങ്ങളാണെന്നും പറയുന്നുണ്ട്. നാലു ലക്ഷം ചതുരശ്രയടിയിലാണേ ഷോറൂം. അതിനകത്ത് കിടപ്പുമുറിയും ഊണ് മുറിയും സ്വീകരണമുറിയുമെല്ലാം പല മോഡലിൽ ഉണ്ടാക്കി അതിൽ ഫർണിച്ചർ ഇട്ടു ഡിസ്പ്ളേ ചെയ്തിരിക്കുകയാണ്. ആകെക്കൂടി മുനിസിപ്പൽ എക്സിബിഷൻ കാണും പോലെ കണ്ടു നടക്കാം. 

ഇന്ത്യയിൽ പതിനായിരം കോടിയിലേറെ മുതൽ മുടക്കാനാണ് ഐകിയയുടെ പദ്ധതി. 25 ഷോറൂമുകൾ വിവിധ നഗരങ്ങളിൽ തുടങ്ങാനുള്ള ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. 

പ്രദർശനം കണ്ടു നടന്നിട്ട് ഓരോ സാധനത്തിന്റേയും കോഡ് നോക്കി വച്ച് ഓർഡർ ചെയ്യുകയാണ്. ഫർണിച്ചർ കൂട്ടി യോജിപ്പിക്കാൻ 150 പേരെ വച്ചിട്ടുണ്ട്. ആകെ 800 പേർക്ക് അവിടെ തൊഴിൽ കിട്ടിയിട്ടുമുണ്ട്. വൻകിട വിദേശ നിക്ഷേപം എന്ന നിലയിൽ സംഗതി കൊള്ളാം. ജനം വന്നു കാഴ്ച കണ്ട് പൊടിയും തട്ടി പോകുമോ അതോ വല്ലതും വാങ്ങുമോ എന്നു കണ്ടറിയാം.

നാട്ടിലാകെ ഫർണിച്ചർ ഷോറൂമുകളായി. പഠിക്കാൻ കൊള്ളാത്ത പുത്രന് ബിസിനസ് ചെയ്യാൻ പണ്ടു ബേക്കറി ഇട്ടുകൊടുത്തിരുന്നതു പോലായി ഫർണിച്ചർ കട. ചീഞ്ഞു പോകുന്ന സാധനമല്ലല്ലോ. ചൈനയിൽ പോയി സാധനങ്ങൾ തിരഞ്ഞെടുത്ത് കണ്ടെയനറിൽ കയറ്റി വിടുന്നു. ഇവിടെ വന്ന് എല്ലാം കൂട്ടി യോജിപ്പിച്ച് കടയിൽ വയ്ക്കും. 

പണ്ടൊക്കെ വീട്ടിൽ കാരണവർക്കു മാത്രമായിരുന്നു കട്ടിൽ. ഇന്ന് അണുകുടുംബങ്ങളെല്ലാം ഫർണിച്ചർ വാങ്ങും. വീട് മനോഹരമാക്കി വയ്ക്കുന്നതു ഫാഷനായി. 

നാലഞ്ചു കൊല്ലം കഴിയുമ്പോൾ പഴയ ഫർണിച്ചർ കളഞ്ഞ് പുതിയതു വാങ്ങും. ചൈനീസ് സാധനങ്ങൾക്ക് കാലപ്പഴക്കവും അത്രയേ കാണൂ.

അങ്ങനെയാണ് നാട്ടിലാകെ ഫർണിച്ചർ കടകളായത്. പക്ഷേ മിക്കതിലും വിൽപ്പന കാര്യമായിട്ടില്ല. രണ്ടു കൊല്ലം നടത്തിയിട്ടു പൂട്ടുന്നവരേറെ. മൽസരം കടുത്തപ്പോൾ ലാഭമാർജിൻ പോയി. കൂനിൻമേൽ കുരു പോലാണ് ഐകിയകളുടെ വരവ്.

ഒടുവിലാൻ∙ ഫർണിച്ചർ മേഖലയ്ക്ക് കനത്ത അടിയാണു ‍18% ജിഎസ്ടി. പഴയതൊക്കെ മതി പുതിയ ഫർണിച്ചർ വേണ്ട എന്നു ജനം വിചാരിക്കുന്നെങ്കിൽ കുറ്റം പറയാനില്ല.