തേപ്പ് കാണാത്ത ബംഗാളി ഇവിടെ മേസ്തിരി; കുഴിയടക്കുന്നത് പുട്ടിയിട്ട്

പാട്ടിൽ പറയും പോലെ ‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി’ നടക്കുന്ന ബംഗാളി അവിടെ കൃഷിയും കാലിമേയ്ക്കലും ഇല്ലാതാവുമ്പോഴാണ് കേരളത്തിൽ അവതരിക്കുന്നത്. വീട്–കെട്ടിട നിർമ്മാണ രംഗത്തേക്കായിരിക്കും വരവ്. ഓരോ നഗരത്തിലും അവർ രാവിലെ വന്നു കൂടി നിൽക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. കെട്ടിടം പണിക്ക് ആളെ വേണ്ടവർ കങ്കാണിയുമായി വന്ന് അവരെ പൊക്കിക്കൊണ്ടു പോകുന്നു. 

പോത്തിനെ മേയ്ച്ചു നടന്നവർ പെട്ടെന്ന് മേസ്തിരിമാരാവും. തേപ്പ് കണ്ടിട്ടു പോലുമില്ലാത്തവർ സിമന്റ് തേയ്ക്കാൻ തുടങ്ങുമ്പോഴത്തെ പുകിലുകൾ കെട്ടിട നിർമ്മാതാക്കൾ പറഞ്ഞു കരഞ്ഞിട്ടു കാര്യമില്ലാത്തതിനാൽ ചിരിക്കുന്നു. മതിലിനു വേദനിക്കാത്ത പോലാണു തേപ്പ്. നമ്മുടെ പണിക്കാരെ പോലെ ചാന്ത് കോരിയെടുത്ത് ഒറ്റയടിയല്ല. ബംഗാളി തേപ്പ് തേച്ച സ്ഥലങ്ങളിൽ സിമന്റ് അപ്പാടെ ഇളകി വരുന്ന പ്രശ്നമുണ്ട്. പലയിടത്തും തേച്ചതു ചുരണ്ടി കളഞ്ഞിട്ടു വേറേ തേക്കേണ്ടി വരും.

ചുരുക്കത്തിൽ ഇരട്ടി പണിയാണ്. ബംഗാളിക്ക് സ്കിൽ അനുസരിച്ചു ദിവസം 500–800 രൂപ കൂലിയെങ്കിൽ മലയാളിക്ക് യൂണിയനുകളുമായി കരാറുണ്ടാക്കുമ്പോൾ 930 രൂപയാണു കൂലി. പക്ഷേ മുടക്കുന്ന കാശിനുള്ള പണിയുണ്ടാവും. തേപ്പ് കഴിഞ്ഞ് മുഴക്കോൽ വച്ച് ലവൽ അളക്കുന്ന പരിപാടി പണ്ടുണ്ടായിരുന്നു. 

ഇപ്പുറത്തു നിന്നു ലൈറ്റ് അപ്പുറത്തേക്കു വരരുത്. അത്ര നിരപ്പായിരിക്കണം. ചിലർ മുഴക്കോൽ വച്ചിട്ട്  ഒരു രൂപ നോട്ട് കടത്തി നോക്കും. നോട്ട് പോലും കടക്കാത്ത വിധം ലവൽ. ബംഗാളിയുടെ തേപ്പ് കഴിഞ്ഞ് ഇങ്ങനെ നോക്കിയാൽ വിരൽ വരെ കടക്കുമെന്ന് അനുഭവിച്ചവർ പറയുന്നു.

പുട്ടിയുടെ ബലം കൊണ്ടാണത്ര ഇതര സംസ്ഥാന തൊഴിലാളികളുടെ പണിയുടെ ‘മെച്ചം’ പരിഹരിക്കുന്നത്. തേപ്പിലെ കുണ്ടും കുഴിയും പുട്ടിയിട്ടു ലവൽ ആക്കും. സിനിമ ഷൂട്ടിംഗിന് മേക്കപ്പിടുമ്പോൾ താരങ്ങളുടെ കവിളിലെ കുഴികൾ പുട്ടിയിട്ടു മറയ്ക്കും പോലെ തന്നെ. കെട്ടിട നിർമ്മാണത്തിന് ലേബർ ചെലവ് ഏറ്റവും കുടുതലും കേരളത്തിലാണത്രെ. പദ്ധതിച്ചെലവിന്റെ 20%–25% മാത്രമേ വരൂ മറ്റു സംസ്ഥാനങ്ങളിൽ. കേരളത്തിൽ 30% വരെ.

ഫ്ലാറ്റ് വാങ്ങൽ രംഗത്തു നിന്ന് പ്രവാസികൾ പിൻവാങ്ങിയ മട്ടാണ്. വാങ്ങുന്നവരിൽ 90% എൻആർഐകളും 10% മാത്രം സ്വദേശികളും എന്ന സ്ഥിതിയുണ്ടായിരുന്നു ഒരു കാലത്ത്. അതു കുറഞ്ഞ് 60% പ്രവാസികളും ബാക്കി നാട്ടുകാരുമായി. പിന്നെയും  താഴ്ന്ന് 40% മാത്രം പ്രവാസികളായി. ഇപ്പോഴാണേൽ 25% മാത്രമാണു പ്രവാസികൾ.

ബാക്കിയെല്ലാം നാട്ടുകാർ സ്വയം താമസിക്കാൻ വേണ്ടി വാങ്ങുന്നതാണ്. അല്ലാതെ കള്ളപ്പണം ചെലവാക്കാനുള്ള മാർഗമായിട്ടോ വില കൂടുമ്പോൾ വിൽക്കാമെന്ന ഊഹക്കച്ചവടത്തിനായിട്ടോ അല്ല.  

2 പതിറ്റാണ്ടു മുമ്പ് ഫ്ലാറ്റോ വീടോ വാങ്ങാനുള്ള മുഴുവൻ പണവും കയ്യിലുള്ളവർ മാത്രമായിരുന്നു വാങ്ങിയിരുന്നത്. പിന്നീടത് പാതി കാശ് കയ്യിലുണ്ടെങ്കിൽ ബാക്കി ബാങ്ക് വായ്പയെടുത്ത് വാങ്ങുമെന്നായി. ഇന്നു കയ്യിൽ ഒരു പൈസയും ഇല്ലാത്തവരാണു വീടിനും ഫ്ലാറ്റിനും ഇറങ്ങിപ്പെന്നത്.. വാടക കൊടുത്തു കളയുന്ന കാശ് ബാങ്കിന്റെ ഇഎംഐ ആയിക്കോട്ടെ. വീട്ടുകാരുടെ സാമ്പത്തിക സഹായവും കൂര വയ്ക്കാനിറങ്ങുന്ന പിള്ളേർക്കു കാണം.

കൂര പക്ഷേ ചെറുതു പോര. ഇപ്പോഴും കേരളത്തിൽ 3 ബിഎച്ച്കെ ഫ്ളാറ്റുകൾക്കാണു പരമാവധി ആവശ്യം. 2 ബിഎച്ച്കെ വലിയ പ്രിയമില്ല.

ഒടുവിലാൻ∙ പ്രളയം വന്നപ്പോൾ കായൽവാരത്തെ അഥവാ നദീതീരത്തെ (വാട്ടർഫ്രന്റ്) വസ്തുക്കൾക്ക് ഇനി ആവശ്യക്കാരുണ്ടാവില്ലെന്നാണു വിചാരിച്ചത്. ജനം അതൊക്കെ എന്നേ മറന്നു. പുതിയ പ്രോജക്ടുകളും നദീതീരത്ത് വന്നു തുടങ്ങി. ബാൽക്കണിയിലിരുന്നു കാറ്റുകൊണ്ട് ‘ഹായ് എന്താ വെള്ളം’ എന്ന് ആത്മഗതം നടത്താനുള്ള ത്വര കുറയുന്നില്ല.