കമലിന്റെ ആമിയും രജനിയുടെ ബാബയും

രജനീകാന്തിന്റെ മിക്ക സിനിമയും റിലീസ് ചെയ്യുന്നതു തമിഴ്നാട്ടിൽ പോയാണു  കാണാറ്. ആദ്യ ദിവസം ആദ്യ ഷോതന്നെ. സത്യത്തിൽ അതു സിനിമ കാണാൻ മാത്രം പോകുന്നതല്ല. ആഘോഷം കാണാൻ വേണ്ടി പോകുന്നതാണ്. തമിഴനു സിനിമയോടും ആ മനുഷ്യനോടുമുള്ള അടങ്ങാത്ത ആവേശം കാണാൻ വേണ്ടി. രജനി സ്ക്രീനിൽ വരുന്ന നിമിഷം തിയറ്ററിനകത്തു ഇലക്ട്രിക് ഷോക്കുപോലെ ആവേശം നിറയുന്നതു അനുഭവിച്ചറിയണം. അറിയാതെ നമ്മളും കൂവി വിളിച്ചുപോകും. പലരും കരഞ്ഞുകൊണ്ടു ഇരു കയ്യും ഉയർത്തി അലറി വിളിക്കുന്നതു കേൾക്കാം. ഒരാളെ എങ്ങിനെയാണു ഇത്രയേറെ സ്നേഹിക്കാനാകുക എന്നു തോന്നും. കാണികളുടെ മനസ്സു തെളി വെള്ളംപോലെയാണ്. അതിൽ ഒരു തരിപോലും കളങ്കമില്ല. വെളുപ്പിനു നടക്കുന്ന ആദ്യ ഷോ വിട്ട ശേഷം വൈകീട്ടു തിയറ്റർ പരിസരത്തു പോയി നോക്കാറുണ്ട്. രാവിലത്തെ ആവേശം അതുപോലെ അവിടെ ബാക്കി നിൽക്കുന്നതു കാണാം. മുല്ലപ്പൂ ചൂടിയ സ്ത്രീകൾ കുട്ടികളുടെ കൈ പിടിച്ചു നിരനിരയായി പോകുന്നതു കാണാം. 

ബാബ എന്ന സിനിമ റിലീസ് ചെയ്ത ദിവസവും കോയമ്പത്തൂരിൽ പോയിരുന്നു. സിനിമ വിട്ട ഉടനെ എന്തോ പന്തി കേടു തോന്നി. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും തിയറ്ററുകൾ മരണ വീടുപോലെയായി. ഒരിടത്തും ആഘോഷമില്ല. ആദ്യ ദിവസം മാറ്റിനി കഴിഞ്ഞു ഉടൻ തന്നെ തിയറ്ററിലെ ജനത്തിരക്കു അപ്രത്യക്ഷമായിത്തുടങ്ങിരുന്നു. എന്തു മാജിക്കിലൂടെയാണു സിനിമ മോശമാണെന്ന സന്ദേശം ജനം കൈമാറുന്നതെന്നു  അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസംകൊണ്ടു തിയറ്റർ കാലിയാകുന്ന മാജിക് മമ്മൂട്ടിയും ലാലുമെല്ലാം കണ്ടിട്ടുണ്ട്. സിനിമയ്ക്കു മാത്രമുള്ള മാജിക്കാണിത്. ഒരൊറ്റ ഷോ കൊണ്ടു മിന്നലുപോലെ സന്ദേശം പരക്കും. സാമൂഹ്യ മാധ്യമങ്ങൾ ഇത്രയേറെ ശക്തമല്ലാത്ത കാലത്താണു ബാബ തകർന്നത്. ഞെട്ടിപ്പിക്കുന്ന വൻ പരസ്യങ്ങളോടെ വന്ന ചിത്രമായിരുന്നു അത്. 

ആമിയെക്കുറിച്ചുള്ള വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽനിന്നു നിർമാതാക്കൾ നീക്കി തുടങ്ങിയെന്ന കേട്ടപ്പോൾ ഓർത്തതു ബാബയെയാണ്. ആമി എന്ന സിനിമ കാണാൻ സൂപ്പർ താരങ്ങളുടെ സിനിമയ്ക്കെന്നപോലെ ജനം ഇടിച്ചു കയറുമെന്നു സംവിധായകനായ കമൽപോലും കരുതിക്കാണില്ല. അതിനു അതിന്റെതായ ജനമെത്തുമെന്നുതന്നെയെ കമലും കരുതിക്കാണൂ. 30 വർഷത്തോളം സിനിമയിൽ ജോലി ചെയ്ത കമലിനു അതു മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതിരിക്കുമോ. 

സാമൂഹ്യ മാധ്യമങ്ങൾക്കെന്നല്ല ഒരു മാധ്യമത്തിനു സിനിമയെ തർക്കാനാകില്ല. ജനത്തെ കൂട്ടാനുമാകില്ല. കൂട്ടാനാകുമായിരുന്നെങ്കിൽ ബാബ തകരുമായിരുന്നില്ലല്ലോ. പത്മാവത്പോലെ ഇത്രയേറെ വാർത്തകളിൽ നിറഞ്ഞൊരു  സിനിമയില്ല. ബാഹുബലിയൂടെ നൂറിരട്ടി പബ്ളിസിറ്റി പത്മാവതിനു കിട്ടി. എന്നാൽ കലക്‌ഷനിൽ പത്മാവത് ബാഹുബലിയുടെ അടുത്തെത്തുമോ. സിനിമ നല്ലതായാലും ചീത്തയായാലും അതിൽ ജനത്തിന്റെ മനസ്സിനെ രസിപ്പിക്കാവുന്ന മരുന്നുണ്ടോ എന്നതു മാത്രമാണു ചോദ്യം. അതു മാറ്റ്നിക്കുതന്നെ ജനം തിരിച്ചറിയുകയും ചെയ്യും. 

ഗാന്ധിക്കു ശേഷം ഇതുപോലൊരു സിനിമ കണ്ടിട്ടില്ലെന്നു സൂര്യ കൃഷ്ണമൂർത്തി എഴുതിയിട്ടുണ്ട്. കൃഷ്ണമൂർത്തി എന്തായാലും കാശുവാങ്ങി എഴുതുന്ന ആളല്ല. കയ്യിലെ കാശുകൊടുത്തു പരിപാടി നടത്തിയ പാരമ്പര്യത്തിൽപ്പെട്ട ആളാണ്. അതു കൃഷ്ണമൂർത്തിയുടെ അഭിപ്രായം. സിനിമ നിരാശപ്പെടുത്തിയെന്നു പലരും  സാമൂഹ്യ മാധ്യമങ്ങളിൽ പറയുന്നുണ്ട്. കമൽ കമലയെ അറിഞ്ഞില്ല എന്നു പറയുന്നുവരും ഉണ്ട്. ഇതൊന്നും കണ്ടു കമലോ നിർമ്മാതാവോ അന്തം വിടേണ്ടതില്ല.  സിനിമ ഓടുന്നതു ഓടിതിരിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളുടെ പങ്കുകൊണ്ടല്ല. ആമിക്കു ആമിയുടെതായ ജനം മാത്രമെ എന്തു പറഞ്ഞാലും തിയറ്ററിലെത്തൂ. 

മാധവിക്കുട്ടിയുടെ മാന്ത്രിക ലോകത്തുകൂടെ സഞ്ചരിച്ചവർ എത്ര മോശമെന്നു പ്രചരിപ്പിച്ചാലും സിനിമ കണ്ടിരിക്കും. കാരണം, പ്രതിഭയായ മാധവിക്കുട്ടിയെ മറ്റൊരു പ്രതിഭയായ മഞ്ജു വാരിയർ എങ്ങിനെ വേഷത്തിലാക്കി എന്നു കാണാൻ ആർക്കും മോഹം തോന്നും. സിനിമ വിജയിക്കുന്നതു കൂലിപ്പണിക്കാരനും ഓട്ടോക്കാരനും ബസ് ജീവനക്കാരും തുടങ്ങി അതാതു ദിവസം ജോലിയെടുത്തു തിയറ്ററിലേക്കു പോകുന്നവരാണ്. അവരിൽ ഭൂരിഭാഗവും കുടുംബ സമേതമാണു പോകുന്നത്. അവർക്കു വലിയ ടൂറുകളോ ആഘോഷങ്ങളോ ഇല്ല. അവരുടെ ആഘോഷം സിനിമയാണ്. 

സിനിമ വിജയിക്കണമെങ്കിൽ അവരുടെ മനസ്സിലുള്ളതു സ്ക്രീനിൽ കാണണം. മാധവിക്കുട്ടിയെയും കമലാദാസിനെയും അറിയാത്ത സാധാരണക്കാരിൽ സാധാരണക്കാരയവരുടെ മനസ്സിൽ ആമി നിറയുന്നത് എങ്ങനെയാണ്. ഇവരില്ലെങ്കിൽ സിനിമയുടെ പണപ്പെട്ടി നിറയില്ല. ഇവരാരും സാമൂഹ്യ മാധ്യമം നോക്കി സിനിമ കാണാൻ പോകുന്നവരല്ല. പോക്കറ്റു നോക്കി സിനിമ കാണാൻ പോകുന്നവരാണ്. ബുദ്ധി ജീവികൾക്കൊന്നും സിനിമ ഓടിപ്പിക്കാനുള്ള ആംപിയർ ഇല്ല. 

സാമൂഹ്യ മാധ്യമങ്ങളിൽ മേയുന്നവർ കരുതുന്നതു അവരുടെ ലോകത്തിന്റെ എല്ലാ അതിരും അവരുടെ ചുറ്റുമാണെന്നാണ്. പത്തോ രണ്ടായിരമോ ലൈക്കുകളുടെ ലോകം മാത്രമാണതെന്ന വിവരം അവർക്കു സങ്കൽപ്പിക്കാനെ കഴിയില്ല. കാലത്തിനു മുൻപെ നടന്ന ഉള്ളടക്കംപോലുള്ള സിനിമ ചെയ്ത കമൽ സാമൂഹ്യമാധ്യമങ്ങളെ മറക്കുകയാണു വേണ്ടതെന്നു തോന്നുന്നു. പണ്ടു മുതലെ വികാര ജീവിയായ മനുഷ്യനാണു കമൽ. സിനിമ മോശമായാൽമാത്രമല്ല, ആരെങ്കിലും ചീത്ത വിളിച്ചാൽപ്പോലും തളർന്നുപോകും. 

മലയാള സിനിയിൽ ഇന്നുവരെ ഒരു സിനിമയെയും രക്ഷപ്പെടുത്താനോ തകർക്കനോ സാമൂഹ്യ മാധ്യമങ്ങൾ കഴിഞ്ഞിട്ടില്ല. ആദ്യ ഷോ മോശമായാൽ ആ വിവരം കാട്ടുതീ പോലെ ജനങ്ങളിലെത്തിക്കുന്ന സിനിമാ മാജിക്ക് ഇന്നും സാമൂഹ്യ മാധ്യമത്തെക്കാൾ വേഗത്തിലാണു സഞ്ചരിക്കുന്നത്. 

ഇത്തരം വിവാദങ്ങളിലൊന്നും പിടിച്ചു നിൽക്കാനുള്ള കരുത്തും‌ കമലിനില്ല. സിനിമയല്ലാതെ മറ്റൊന്നും അറിയുകയുമില്ല. ആമിയെ ആമിയുടെ വഴിക്കു വിടുക. കമൽ എഴുതിയതും എടുത്തതും കമലിന്റെ ആമിയെയാണെന്നു കുരുതിയാൽ മതി. ജനം കണ്ടാൽ കാണട്ടെ. കമലിനു മുന്നിൽ എത്രയോ സിനിമകൾ ബാക്കി നിൽക്കുന്നു. പുതിയ തലമുറയിലെ ഫഹദ് ഫാസിലുമാർ കാത്തു നിൽക്കുന്നതു കമലിനെപ്പോലുള്ള സംവിധായകരെയാണ്. ആരെങ്കിലും സാമൂഹ്യ മാധ്യത്തിൽ കുത്തിക്കുറിച്ചെന്നു കരുതി കത്തിത്തീരുന്ന മെഴുകു തിരിയല്ലല്ലോ കമൽ. 

റോഡുകളിലും മരച്ചുവടുകളിലും മൂന്നു പതിറ്റാണ്ടായി ഒട്ടിക്കുന്ന പോസ്റ്ററുളിലുള്ള കമൽ എന്ന മൂന്നക്ഷരത്തെയാണു കാണികൾ സ്നേഹിച്ചത്. അല്ലാതെ സാമൂഹ്യ മാധ്യത്തിലെ കമലിനെയല്ല. അതുകൊണ്ടു കമൽ നിർമ്മാതാക്കളോടു പറയണം, ഫെയ്സ്ബുക്കിനു  കൊടുത്ത കത്തു പിൻവലിക്കാൻ. എന്നിട്ടു പെട്ടി പാക്കു ചെയ്തു പുതിയ സിനിമയെക്കുറിച്ചാലോചിക്കാൻ യാത്ര തുടങ്ങണം. ആമിയെ വേണ്ടവർ ആമിയെ കാണും, കേൾക്കും. ഇപ്പോൾ ചോദിക്കാം താൻ ആരാണു ഉപദേശിക്കാനെന്ന്. പോക്കറ്റിൽനിന്നു പണം മുടക്കി കമലിന്റെ എല്ലാ സിനിമയും കണ്ട ഒരു സാദാ പ്രേക്ഷകനു ഇതെല്ലാം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനു ബുദ്ധിജീവിയാകണമെന്നൊന്നുമില്ല.