തുന്നൽക്കാരനായി എത്തി മലയാളസിനിമ കീഴടക്കിയ ഇന്ദ്രൻസ്

ഏതു കൊലകൊമ്പന് അവാർഡ് കൊടുത്താലും പരാതിയുമായി വരുന്ന ചിലരുണ്ട്. അവരുടെ സിനിമകൾ ഇല്ലാത്തതുകൊണ്ടാകാം ഇത്തവണ അത്തരം വെളിച്ചപ്പാടുകളൊന്നും ഉറഞ്ഞു തുള്ളുന്നതു കണ്ടില്ല.  അതിനുള്ള കാരണം തൽക്കാലം പരസ്യമായി പറയാനാകില്ല. എന്നാൽ അവാർഡ് കിട്ടിയ ശേഷം ഇന്ദ്രൻസ് എന്ന നടൻ പറഞ്ഞ  വാക്കുകൾ കമ്മറ്റികത്തും പുറത്തും ഇരിക്കുന്നവർ രണ്ടു കാതും തുറന്നു കേൾക്കേണ്ടതാണ്. കഴിഞ്ഞ വർഷം മണികണ്ഠൻ എന്ന നടൻ സംസാരിച്ചപ്പോഴും തോന്നിയതും ഇതിനു സമാനമായ വികാരമാണ്. 

പല തവണ കിട്ടുമെന്നു കരുതി അവാർഡു കിട്ടാതെ പോയപ്പോൾ വേദന തോന്നിയിരുന്നില്ലേ എന്ന ചോദ്യത്തിനു ഇന്ദ്രൻസ് പറഞ്ഞതു പ്രതികരണ വീരന്മാർ ആപ്തവാക്യമായി സ്വന്തം വീടിന്റെ കട്ടിലപ്പടിയിൽ എഴുതി ഒടിക്കണം. 

ഇന്ദ്രൻസ് പറയുന്നു, ‘എനിക്കു അവാർഡ് കിട്ടണമെന്നു ഞാൻ  പ്രതീക്ഷിക്കും. അതു എന്റെ കുറ്റമല്ലല്ലോ. പക്ഷെ അതിനും മുകളിൽ സിനിമകൾ വന്നപ്പോൾ എനിക്കു അവാർഡു കിട്ടിയില്ല. ’  അവാർഡിനു കുപ്പായം തുന്നി ഇരുന്നവർ അതു  കിട്ടാതാകുന്നതോടെ പൊട്ടിത്തെറിക്കുമ്പോൾ ഇന്ദ്രൻസ് പറയുന്നു, എന്റെ സിനിമയ്ക്കും  മുകളിൽ സിനിമ ഉണ്ടായിരുന്നതുകൊണ്ടാണ് എനിക്കു കിട്ടാതെ പോയതെന്ന്. 

നമ്മുടെ ഓരോരുത്തരുടെയും സിനിമയ്ക്കു മുകളിൽ സിനിമയുണ്ടാകാമെന്ന സത്യം ഇന്ദ്രൻസ് ഇവരെ ഓർമ്മിപ്പിക്കുകയാണ്. അടുത്ത കാലത്തുമാത്രം മുളച്ചുവന്ന പലരും കാലങ്ങളായി മനസ്സിൽ സിനിമ കൊണ്ടു നടക്കുന്നവരെ കച്ചവട സിനിമക്കാരനെന്നും സ്ഥിരം ഫോർമുലക്കാരനെന്നും വിളിക്കുന്നതു കേട്ടിട്ടുണ്ട്. പലരും കിം കി ഡൂസ്സിന്റെ പേരക്കുട്ടികളെന്ന നിലയിലാണു സംസാരിക്കാറ്. എന്നാൽ മൂന്നു പതിറ്റാണ്ടിലേറെ സിനിമാ ജീവിതത്തിന്റെ എല്ലാ ഉപ്പും അനുഭവിച്ചറിഞ്ഞ ഇന്ദ്രൻസ് പറയുന്നു, ഞാൻ തുടങ്ങിയിട്ടെ ഉള്ളു. ഇനിയും എന്തെല്ലാം പഠിക്കാനിരിക്കുന്നു. ഓരോ സിനിമയും തുടക്കം മാത്രമാണെന്നു ഇന്ദ്രൻസ് ഓർമ്മിപ്പിക്കുകയാണ്. 

സിനിമയെക്കുറിച്ചു പറയുമ്പോൾ ഇന്ദ്രൻസ് പറയുന്ന മറ്റൊരു വാക്കും അടിവരയിട്ടു സൂക്ഷിക്കണം. ‘ഞാൻ സിനിമ പഠിച്ചെടുത്തതാണ്. ആദ്യം ബട്ടൻസ് തുന്നി തുന്നലു പഠിക്കുന്നതുപോലെ. വലിയ വലിയ ആളുകളുടെ കൂടെ ജോലി ചെയ്തു പഠിച്ചെടുത്തത്. താൻ തുന്നൽക്കാരനായാണു സിനിമിൽ വന്നതെന്ന കാര്യം ഈ സുവർണ്ണ നിമിഷത്തിലും ഇന്ദ്രൻസ് ഓർക്കുന്നു. 

വലതും ചെറുതുമായ നടന്മാരെ വസ്ത്രമണിയിക്കാൻ അവരുടെ സൗകര്യം കാത്തുനിന്ന ഇന്ദ്രൻസ് എന്ന വസ്ത്രധാരണക്കാരൻ അവരിലും  ഉയർന്ന കസേരയിൽ കയറി ഇരിക്കുമ്പോഴും സംസാരിക്കുന്നതു തറയിൽ ചവിട്ടി നിന്നുകൊണ്ടാണ്. ബുദ്ധിജീവി വാക്കുകൾ ഉപയോഗിച്ചു ആളുകളെ പേടിപ്പെടുത്തുന്നവരും മണ്ണൽ ചവിട്ടിനിന്നു സംസാരിക്കുന്ന ഇന്ദ്രൻസും തമ്മിൽ ഏറെ ദൂരമുണ്ടെന്നു ഇന്ദ്രൻസ്തന്നെ കാണിച്ചു തരികയാണ്. 

നടനായ ശേഷവും പല സെറ്റുകളിൽനിന്നും പ്രൊഡക്‌ഷൻ കുട്ടികളുടെ കാറിൽ കുത്തിക്കയറി ഇരുന്നു പോകുന്ന ഇന്ദ്രൻസിനെ കണ്ടിട്ടുണ്ട്. അവർക്കൊപ്പം സന്തോഷത്തോടെ ക്യൂ നിന്നു ഭക്ഷണം വാങ്ങിക്കഴിക്കുന്ന ഇന്ദ്രൻസിനെയും കണ്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികവാർന്ന നടനായി നിൽക്കുമ്പോഴും ഇന്ദ്രൻസ് അവരിൽ ഒരാളായി മാത്രം നിൽക്കുന്നുവെന്നതാണ് അത്ഭുതം. തന്റെ സിനിമയ്ക്കു അവാർഡു കിട്ടാതെ പോകുമ്പോൾ എല്ലാ മാന്യതയും മറന്നു ഉറഞ്ഞ എല്ലാവരും സത്യത്തിൽ ഇന്ദ്രൻസിനു മുന്നിൽ  വണങ്ങി കാണിക്കയിട്ടിട്ടുപോകണം. സിനിമയുടെ പ്രഭയ്ക്കും അപ്പുറം മനുഷ്യന്റെ പ്രഭയുണ്ടെന്നു ഇന്ദ്രൻസ് ഓർമ്മിപ്പിക്കുകയാണ്.