Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശേഷി പരിശോധന : പരക്കുന്നതേറെയും കള്ളക്കഥകൾ

ജിജോ
column-by-jijo

കുറ്റാന്വേഷണത്തിൽ, ഉദ്യോഗസ്ഥർക്കും കക്ഷികളുടെ ബന്ധുക്കൾക്കും മാനക്കേടുണ്ടാവുന്ന തെറ്റിദ്ധാരണകളിൽ പ്രധാനമാണു പീഡനക്കേസ് പ്രതിയുടെ െലെംഗിക ശേഷി പരിശോധന. ഈ പരിശോധനാ രീതിയെപ്പറ്റി നീലനിറം പിടിപ്പിച്ച കെട്ടുകഥകൾ പണ്ടുമുതലേ ഒരുപാടുണ്ട്. ഇപ്പോഴിതാ ട്രോളുകളും ഇറങ്ങി. മാനഭംഗ കേസുകളുടെ സ്വഭാവം തന്നെ മാറ്റിയ 2013 ലെ നിയമഭേദഗതിയോടെ പ്രതിയുടെ ശേഷി പരിശോധന തന്നെ അധികപ്പറ്റാണ്. ഇത്തരം ശേഷിയില്ലാത്തവരും ചെയ്യുന്ന പല വൈകൃതങ്ങളും ‘റേപ്പ്’ എന്ന കടുത്ത കുറ്റകൃത്യത്തിന്റെ ഗണത്തിലാണു പൊലീസും കോടതിയും ഉൾപ്പെടുത്തുന്നത്. 

സമീപകാലത്തെ ഏറ്റവും ക്രൂരമായ പല പീഡന കേസുകളിലും ഈ കുറ്റകൃത്യത്തിന്റെ പരമ്പരാഗത ചിന്താഗതിക്ക് അപ്പുറമുള്ള ക്രൂരമായ പ്രയോഗമാണു കണ്ടത്. മാരകായുധമായ കത്തി, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലീവർ എന്നിവ ഉപയോഗിച്ചാണു പ്രതികൾ ഇരകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ഇത്തരം കേസുകളിൽ പ്രതിയുടെ ശേഷി പരിശോധനയിൽ കാര്യമില്ല. 

കൊച്ചുകുട്ടികൾ പീഡനത്തിന് ഇരയാവുന്ന പല കേസുകളിലും വിചാരണ നേരിടുന്ന വയോധികരായ പ്രതികൾക്കു പലപ്പോഴും ഇത്തരം ശേഷി കുറവാണ്. എന്നിട്ടും പ്രതികളുടെ വൈകൃതങ്ങൾക്കു കടുത്ത ശിക്ഷ തന്നെ പോക്സോ കോടതികൾ നൽകാറുണ്ട്. ഇതുസംബന്ധിച്ച നിയമം ഇത്രമാത്രം ശക്തമായ സാഹചര്യത്തിൽ ലൈഗികശേഷി പരിശോധനയ്ക്ക് എന്താണു പ്രസക്തി? കുറ്റകൃത്യം നടന്നു 72 മണിക്കൂറിനുള്ളിൽ നടത്തുന്ന പരിശോധനയ്ക്ക് ഒരുപാടു പ്രാധാന്യമുണ്ട്. 

കുറ്റാന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവു ശേഖരണമാണ് ഇത്തരം പരിശോധനയുടെ മുഖ്യ ലക്ഷ്യം. ഇരയുടെ ശരീരകലകൾ, സ്രവങ്ങൾ, മുടി, നഖത്തിന്റെ പാടുകൾ എന്നിവ പ്രതിയുടെ ശരീരഭാഗങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞാൽ അതു കുറ്റകൃത്യത്തിനുള്ള ഏറ്റവും വലിയ തെളിവാകും. ഇരയുടെ ശരീര പരിശോധനയും തെളിവു ശേഖരണത്തിൽ നിർണായകം.

എന്നാൽ, കുറ്റകൃത്യം സംഭവിച്ചു വർഷങ്ങൾക്കു ശേഷം പ്രതിയുടെ ശേഷി പരിശോധന കൊണ്ട് എന്താണു കാര്യം? 

ഫലത്തിൽ ഒരു കാര്യവുമില്ല. പരിശോധന നടത്തുന്ന ഡോക്ടർമാർക്ക് ഒരു തെളിവും പ്രതിയുടെ ശരീരത്തിൽ കണ്ടെത്താൻ കഴിയില്ല. ഇത്തരം പരിശോധനകളുടെ ഫലം പ്രതിക്ക് അനുകൂലമാണെങ്കിൽ പോലും കുറ്റകൃത്യം നടക്കുന്ന കാലത്തെ ശേഷിയുടെ കാര്യത്തിൽ നാലു വർഷത്തിനു ശേഷമുള്ള പരിശോധന മാനദണ്ഡമാക്കാനും കഴിയില്ല.

പ്രതികളുടെ ലൈംഗികശേഷി പരിശോധന എങ്ങനെ? 

ഒരു സാധാരണ ആശുപത്രിയിൽ ഒരു സാധാരണ രോഗിയുടെ കാര്യത്തിൽ നടക്കുന്ന പരിശോധനകൾ തന്നെയാണ് ഇത്തരം കേസുകളിലും നടക്കുന്നത്.

രണ്ടുഘട്ടങ്ങളിലാണു പരിശോധന.

ഘട്ടം ഒന്ന്: 

∙പ്രതിക്ക് എന്തെങ്കിലും മാരകരോഗം പിടിപെട്ടിട്ടുണ്ടോയെന്ന പരിശോധന. 

∙പ്രതിയുടെ ശരീരവളർച്ച പ്രായത്തിന് ആനുപാതികമാണോ–ഹോർമോൺ വ്യതിയാനം അവയവ വളർച്ചയെ ബാധിച്ചട്ടുണ്ടോ എന്ന കണ്ടെത്തൽ.

∙ മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രതി ഒരു പുരുഷൻ തന്നെയാണോ? ദേഹപ്രകൃതിയിൽ എന്തെങ്കിലും വ്യതിയാനമുണ്ടോ എന്ന പരിശോധന. 

ഘട്ടം രണ്ട്: 

∙ ഫൊറൻസിക് വിദഗ്ധർ പ്രതിയുടെ ശരീരത്തിൽ നടത്തുന്ന സൂക്ഷ്മ പരിശോധന. 

∙ കൊലയാളിയെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്താൻ ഒരു മൃതദേഹത്തെ എങ്ങനെയാണോ പരിശോധിക്കുന്നത് അതിനു സമാനമായ ബാഹ്യ പരിശോധനകളാണു പ്രതിയുടെ ജീവനുള്ള ശരീരത്തിലും ഫൊറൻസിക് വിദഗ്ധർ നടത്തുന്നത്. പ്രതി കുറ്റം ചെയ്തതിന്റെ തെളിവുകൾ അയാളുടെ ശരീരത്തിൽ തന്നെ കണ്ടെത്താനുള്ള നിർണായകമായ പരിശോധനയാണത്. കുറ്റകൃത്യം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ പരിശോധന സാധിക്കണം. 

വിദേശരാജ്യങ്ങളിൽ പ്രതിയുടെ അവയവങ്ങളിലേക്കുള്ള രക്തയോട്ടത്തിന്റെ തോത് അറിയാനുള്ള സ്കാനിങ്ങും ഒരു രാത്രി മുഴുവൻ പ്രതിയുടെ ശാരീരിക പെരുമാറ്റങ്ങൾ ഉറക്കത്തിൽ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള ശാസ്ത്രീയ മാർഗങ്ങളും സ്വീകരിക്കാറുണ്ട്.  

ഇത്രയും സംഗതികളല്ലാതെ, പീഡനക്കേസുകളിലെ പ്രതികളുടെ ശേഷി പരിശോധനകളിൽ മറ്റൊന്നും ഇന്ത്യയിൽ നടക്കുന്നില്ലെന്നതാണു സത്യം.

പ്രതിയിൽ കൃത്രിമ ഉത്തേജനമുണ്ടാക്കുന്ന മരുന്നുകൾ പ്രയോഗിക്കുക, െലെംഗിക ദൃശ്യങ്ങൾ കാണിക്കുക, അശ്ലീല പുസ്തകം വായിപ്പിക്കുക, സ്ത്രീകളെ ഉപയോഗിച്ചു പരിശോധന നടത്തുക തുടങ്ങിയ തെറ്റിദ്ധാരണകൾ ഇതുസംബന്ധിച്ചു പരക്കാറുണ്ട്–എല്ലാം പച്ചക്കള്ളം.

related stories