സ്ത്രീകളുടെ മൃതശരീരങ്ങളെ അപമാനിച്ചു, തലയോട് തകർത്തത് ചുറ്റിക കൊണ്ട്

മുന്നൂറ് മൂർത്തികളെ തനിക്ക് കാവൽ നിർത്തിയിട്ടുണ്ട് എന്ന് അഹങ്കരിച്ചിരുന്ന ആളാണ് കാനാട്ട് കൃഷ്ണൻ. പക്ഷേ. ശിഷ്യന്റെ അടിയേറ്റ് കൃഷ്ണന്റെ തല തകർന്നപ്പോൾ, ഭിന്നശേഷിക്കാരനായ മകന്റെ പച്ച മാംസത്തിൽ പച്ചിരുമ്പ് കയറിയപ്പോൾ ഭാര്യയുടെയും ഏക മകളുടെയും മൃതശരീരങ്ങൾ പോലും അപമാനിക്കപ്പെട്ടപ്പോൾ ഒരു മൂർത്തിയും കൃഷ്ണനെ സഹായിക്കാനെത്തിയില്ല.

ചോര പെയ്ത രാത്രി തുടരുന്നു

കൃഷ്ണനും ഭാര്യയും മകളും മരിച്ചു കിടക്കുമ്പോൾ ലിബിഷും അനീഷും അകത്തെ മുറിയിലെ അലമാരയിൽ ആഭരണങ്ങൾ തെരയുകയായിരുന്നു.നാല്പതു പവൻ ആഭരണങ്ങൾ അവർ കൈക്കലാക്കി. കാനാട്ട് കൃഷ്ണന്റെ മകൻ അർജ്ജുനും കൊല്ലപ്പെട്ടു എന്നായിരുന്നു അവർ കരുതിയത്.

അർജുനിൽ ജീവന്റെ ഒരു തുടിപ്പ്  അവശേഷിച്ചിരുന്നത് അവർ അറിഞ്ഞിരുന്നില്ല. എല്ലാ മുറിയിലും ആയുധങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് കാനാട്ട് കൃഷ്ണനുണ്ടായിരുന്നു.അതിനർത്ഥം കൃഷ്ണൻ ആരെയോ ഭയന്നിരുന്നു എന്നതു തന്നെ.

അന്വേഷണ സംഘത്തെ ആദ്യം കുഴക്കിയതും ഈ ആയുധശേഖരമായിരുന്നു. ആഭിചാര ക്രിയകളിലൂടെ വൻ തുക സ്വന്തമാക്കിയിരുന്ന കൃഷ്ണൻ എപ്പോഴെങ്കിലും ഒരു തിരിച്ചടി ഭയന്നിരുന്നു എന്നതാണ് സത്യം. അതു പക്ഷേ, ഉപ്പും ചോറും കൊടുത്ത് കൂടെ കൂട്ടിയിരുന്ന ശിഷ്യന്റെ രൂപത്തിലായിരിക്കും എന്നു കൃഷ്ണൻ ഒട്ടും കരുതിയിരുന്നില്ല. ആഭരണങ്ങൾ കരസ്ഥമാക്കിയ ശേഷം ലിബീഷും അനീഷും സുശീലയുടെയും മകളുടെയും മൃതശരീരങ്ങളെ അപമാനിച്ചു. പിന്നെ, സ്ഥലം വിട്ടു.

മഴ പെയ്തു തോർന്നു. പിറ്റേന്നു പകൽ. വീട് കഴുകുന്നതിനും മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനുമായി ലിബീഷും അനീഷും കൃഷ്ണന്റെ വീട്ടിലെത്തി. അപ്പോഴാണ് അതുവരെയും ജീവൻ പോവാത്ത അർജുൻ എഴുന്നേറ്റിരിക്കുന്നത് കണ്ടത്. പിന്നെ, താമസിച്ചില്ല. കാനാട്ട് കൃഷ്ണന്റെ ആയുധശേഖരത്തിൽ നിന്നെടുത്ത ചുറ്റിക കൊണ്ട് അർജുന്റെ തലയടിച്ച് തകർത്തു. അതിനുശേഷം ആട്ടിൻ കൂടിന് പിന്നിലായി ഒരു കുഴി എടുത്ത് മൃതശരീരങ്ങൾ ഒന്നിനു മീതെ ഒന്നായി അട്ടിയടുക്കി കുഴിച്ചുമൂടി.

അമ്മയും മകളുമായിരുന്നു ഏറ്റവും അടിയിൽ. അതിനു മീതെ കാനാട്ട് കൃഷ്ണൻ. ഏറ്റവും മുകളിലായി അർജുൻ. കുഴിയിലേക്ക് മണ്ണ് കോരിയിടുമ്പോഴാണ് അർജുൻ ഒന്നു ഞരങ്ങിയത്. തൂമ്പ കൊണ്ട് അനീഷ് വീണ്ടും അർജുന്റെ തലയുടെ പിന്നിൽ ആഞ്ഞടിച്ചു. പിന്നെ, മരണം പോലും ഉറപ്പിക്കാതെ മണ്ണിട്ടു മൂടി. ജീവനോടെയാണ് അർജുനെ കുഴിച്ചിട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കുഴിയുടെ ഉള്ളിൽ വച്ചും വായും മുക്കും കൊണ്ട് അർജ്ജുൻ അവസാന ശ്വാസം വലിച്ചെടുത്തതിന്റെ തെളിവ് ആയിരുന്നു ശ്വാസകോശത്തിലും ആമാശയത്തിലും കണ്ട മണ്ണ്.

ആദ്യം കൂട്ടക്കൊലയ്ക്ക് മുമ്പിൽ ഒന്നു പകച്ചു നിന്നെങ്കിലും പിന്നീട് പൊലീസ് കൃത്യമായ റൂട്ടിലേക്ക് വന്നു അന്വേഷണങ്ങളിൽ സാങ്കേതികമായി ഏറെ സഹായിക്കുന്ന ‘സ്പെക്ട്ര’ ഇവിടെയും എത്തി. മൊബൈൽ ഫോൺ കോളുകൾ കൃത്യമായി ട്രാക്ക് ചെയ്യാനും ഗ്രൂപ്പ് കോളുകൾ കണ്ടെത്താനുമൊക്കെ സ്പെക്ട്ര ഏറെ സഹായമാണ്. സ്പെക്ട്ര തന്നെയാണ് ഇവിടെയും ഹീറോ.

ആദ്യം ലിബീഷാണ് പൊലീസിന്റെ പിടിയിലായത്. മൊബൈൽ ട്രാക്ക് ചെയ്ത് പിന്നീട് മുഖ്യ പ്രതി അനീഷിനെയും പിടികൂടി. നേര്യമംഗലത്തെ ഒരു വീടിന്റെ കുളിമുറിയിൽ നിന്നാണ് അനീഷ് പിടിയിലായത്.

ചോര ഉണങ്ങി കറുത്ത പോയ ഒരു കഥയുടെ അവസാനം മൂന്ന് വരികളിലൊതുക്കാം.

'മഹാ മാന്ത്രികനായ കാനാട്ട് കൃഷ്ണൻ കുടുംബസമേതം മണ്ണിനടിയിൽ. മാന്ത്രികൻ ആവാൻ മോഹിച്ച അനീഷ് മരണശിക്ഷ പ്രതീക്ഷിച്ച് ജയിലിലും ! ആഭിചാരപ്പുകയിൽ ശ്വാസം മുട്ടി ഇരുപത്തിയൊന്നാം നൂറ്റാണ്ട്.