Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപമല്ല ക്ഷമയാണ് വിജയായുധം

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
Fight Representative Image

മനസ്സിനുള്ളിൽ ഒളിഞ്ഞു കിടന്ന് ജീവിതം തകർക്കുന്ന തകർത്തുകൊണ്ടിരിക്കുന്ന ദുഷ്‌വികാരമാണ് കോപം. ഇവൻ മനസ്സിൽ കടന്നുകയറിയാൽ ഒരുവനെ അവിശ്വാസിയാക്കിമാറ്റും. കോപവും വിശ്വാസവും കൂടികലർന്ന മനുഷ്യമനസ്സ്  ക്രൂരവ്യാഘ്രത്തിന്റേതിന് തുല്യമാകും. ജീവനുള്ളതിനെ അതു കടിച്ചുകീറും ചോരകുടിക്കും. സമൂഹജീവികളോടുള്ള സഹവർത്തിത്വവും സഹകരണവും സ്നേഹസൗഹൃദവും നശിപ്പിക്കും. പക ജനിപ്പിക്കും. പക, ബന്ധങ്ങളെ വെട്ടിമുറിക്കും. കൊലചെയ്യാൻ പ്രേരിപ്പിക്കും.

നോക്കൂ വെറുമൊരു സംശയം മനുഷ്യനെ എവിടെ കൊണ്ടു ചെന്നെത്തിക്കുന്നൂ എന്ന്. തന്നെബാധിക്കുന്ന പ്രശ്നത്തെ ശരിയായ രീതിയിയിലൂടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്താൽ  മനസ്സിൽ സംശയത്തിന് ഇടം ലഭിക്കില്ല. മനസ്സമാധാനമാണ് എല്ലാത്തിനെക്കാളും വലുത്. 

സംശയത്തിൽ നിന്നാണ് കോപം ജനിക്കുന്നത്. കോപവും സംശയവും മനുഷ്യനെ നശിപ്പിക്കുന്ന വികാരമാണ്. രണ്ടുതലയിലും മൂർച്ചയുണ്ടിതിന്. എങ്ങനെയെന്നല്ലേ പറയാം. 

'ഞാൻ' എന്ന ഭാവത്തിൽനിന്നുമാണ് കോപം വരുന്നത്. ഇൗ കോപത്തെ അടക്കാനും പാടില്ല, പുറത്തേക്കു വിടാനും പാടില്ല എന്നു പറയും. കോപത്തെ ഉള്ളിലടക്കിയാൽ, തനിക്കു തന്നെ ദോഷമാണ്. അതു മനസ്സിൽ ഉമിത്തീപോലെ ഇരുന്നു നീറും. അതു ടെൻഷനായി മാറും. നമ്മുടെ ഒാരോ കർമ്മത്തിലും ആ കോപം നിഴലിക്കും. ഉള്ളിൽ കൊണ്ടുനടക്കുന്ന കോപവും താപവും നമ്മളെ രോഗികളാക്കി മാറ്റും. പുറത്തേക്കുവിട്ടാൽ ലോകത്തിനും ദോഷമായിത്തീരും. അതിനാലാണ് കോപം രണ്ടു തലയും മൂർച്ചയുള്ള പിടിയില്ലാത്ത വാളു പോലെയാണെന്നു പറയുന്നത്. അതു ഉപയോഗിക്കുന്നവനെയും ലക്ഷ്യമാക്കുന്നവനെയും മുറിപ്പെടുത്തും. കോപം, കോപിക്കുന്നവനേയും ഏറ്റുവാങ്ങുന്നവനെയും അപകടപ്പെടുത്തും. 

ക്ഷമയും വിവേകവും ഒന്നു മാത്രമാണു കോപത്തിനുള്ള മറുമരുന്ന്. 

ഒാഫീസിലെത്തി അൽപം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും അയാൾക്ക് ഭാര്യയുടെ ഫോൺ കാൾ വന്നു. ഇടയ്ക്കൊക്കെയുള്ളതാണ്. ഇന്നു വൈകുന്നേരം വീട്ടിൽ വാങ്ങികൊണ്ടു ചെല്ലേണ്ട സാധനങ്ങളുടെ ലിസ്റ്റ് പ്രതീക്ഷിച്ച അയാൾ റൈറ്റിങ് പാഡ് എടുത്ത നിവർത്തിവച്ചു. സാധാരണ നിർദ്ദേശ സ്വരമാണ് വരാറ്. എന്നാൽ ഇത്തവണ മയപ്പെട്ട സ്വരമാണ് ഫോണിലൂടെ വന്നത്. വൈകുന്നേരം ജോലികഴിഞ്ഞു വരുമ്പോൾ ഫാമിലി പാക്ക് ഐസ്ക്രീം കൊണ്ടുവരണമെന്നു മാത്രം.  ഒാഫീസ് ടെൻഷനും തിരക്കും കഴിഞ്ഞ് ഒാടി വീട്ടിലെത്തിയപ്പോൾ അയാൾ ഐസ്ക്രീം വാങ്ങാൻ മറന്നുപോയി. ഭാര്യയുടെ  ജന്മദിനമാണെന്ന കാര്യം രാവിലെ തന്നെ ഒാർത്തില്ല. മകളെ ആശംസിക്കാൻ പതിവായി വന്നെത്തുന്ന മാതാപിതാക്കൾക്കുള്ള ഭക്ഷണത്തിനൊടുവിൽ വിളമ്പാനുള്ളതായിരുന്നു ഐസ്ക്രീം. ഭാര്യ കോപംകൊണ്ടു വിറച്ചു. നാക്കിൽനിന്നു വന്ന വാക്കുകൾ ഇങ്ങനെ... "ഒാഫിസിലെ സുന്ദരിക്കോതകളുടെ  ജന്മദിനത്തിൽ വാട്ട്സാപ് അയയ്ക്കാൻ ഒരു മറവിയുമില്ല. കെട്ടിയ പെണ്ണിൻറെ കാര്യത്തിലുള്ള ബോധക്കേട് നിങ്ങളുടെ കുടുംബപാരമ്പര്യമാണ്. ഒരു സ്നേഹവുമില്ലാത്ത ഒരു മൃഗത്തിനെയാണല്ലോ ഞാൻ വിവാഹം കഴിച്ചത്."

ജന്മദിനാഘോഷത്തിന് വിളിച്ചുവരുത്തിയ ഇരുവരുടേയും മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് ഭാര്യ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചത്. ദേഷ്യം  അമിതമായപ്പോൾ നാവടയ്ക്കാൻ അവൾക്കു കഴിഞ്ഞില്ല. ഭർത്താവ് മൃഗമാണെന്നു വിശേഷിപ്പിച്ചു. പരസ്ത്രീ വിഷയത്തിൽ ദുർബലനാണെന്ന് സൂചിപ്പിച്ചു. എല്ലാം മാതാപിതാക്കൾ കേൾക്കെ. ഇനി പറയേണ്ടതില്ലല്ലോ. ആ വീട്ടിലെ അന്തരീക്ഷം എങ്ങനെയിരിക്കുമെന്നും അവരുടെ ദാമ്പത്യം എന്തായിതീരുമെന്നും. അവർ അടിച്ചുപിരിഞ്ഞു. 

ജന്മദിനം ഒാർക്കാത്തതും ഇപ്പോൾ ഐസ്ക്രീം വാങ്ങിക്കൊണ്ടുവരാൻ മറന്നതതുമൊക്കെ എന്നെ ശരിക്കും സങ്കടപ്പെടുത്തിയെന്നും നിങ്ങളോട് വല്ലാത്ത അരിശം തോന്നിയെന്നും ഇൗ സാഹചര്യത്തിൽ ഭാര്യ ശാന്തമായി ഭർത്താവിനു മുന്നിൽ  അവതരിപ്പിച്ചെങ്കിലോ തല്ലുകൂടൽ ഇല്ലാതാകുമെന്നു മാത്രമല്ല പ്രയോജനം, സംഭവിച്ച വീഴ്ചയെക്കുറിച്ച് ഭർത്താവിന് കുറ്റബോധമുണ്ടാകും. ഇത് ആവർത്തിക്കരുതെന്ന നിഷ്കർഷയുണ്ടാകും. അവരുടെ ഇടയിൽ സ്നേഹം പൂത്തുലയുകയും ചെയ്യുമായിരുന്നു. ക്ഷോഭം  അതു നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഉള്ളിൽ കൊണ്ടുവന്നത്. ക്ഷോഭത്തെ ഒരു ശക്തി എന്നു നിങ്ങൾ തെറ്റായി ധരിച്ചിരിക്കുന്നു. ക്ഷോഭം കൊണ്ട് എന്തൊക്കെയോ നേടാൻ കഴിയുമെന്നു നിങ്ങൾ വിചാരിക്കുന്നു. ക്ഷോഭം ഒരു ആയുധമാണെന്നു കരുതുന്നു, എന്നാൽ ആ ആയുധം മറ്റുള്ളവരുടെ നേരെ ഉപയോഗിക്കുമ്പോൾ അവരെ അതെത്രത്തോളം ബാധിക്കുന്നുവോ അതിനേക്കാളും കൂടുതൽ നിങ്ങളെ ബാധിക്കുന്നു. ക്ഷോഭിച്ചിരിക്കുമ്പോൾ ബുദ്ധി നേരെ ചൊവ്വേ പ്രവർത്തിക്കുകയില്ല. അതു കാരണം പല പ്രശ്നങ്ങൾ ഉണ്ടാകുന്നു

ഒരു സ്വകാര്യ സ്ഥാപനത്തിൽ പണിയെടുക്കുന്ന ഒരാളുടെ പ്രശ്നം മുൻകോപിയായ മേലധികാരിയായിരുന്നു. നല്ല വാക്കു പറയില്ല. തൊട്ടതിനും പിടിച്ചതിനും കടിച്ചു കീറും. വർത്തമാനം കേട്ടാൽ അടിച്ചുകൊല്ലാനുള്ള ക്ഷോഭമുണ്ടാകും. ഉള്ള തൊഴിൽ നഷ്ടമാകുമെന്ന് ഒാർക്കുമ്പോൾ കടിച്ചുപിടിച്ചു മനസ്സടക്കും. പക്ഷേ ക്ഷോഭപ്രകടനം മുഴുവനും വീട്ടിൽ ഭാര്യയോടും  മക്കളോടുമാണ്. സഹിക്കാൻ പറ്റാതായപ്പോൾ  ഭാര്യയും മക്കളും രണ്ടുപ്രാവശ്യം പിണങ്ങിപ്പോയി. പ്രശ്ന പരിഹാരത്തിനായി സമീപിച്ചപ്പോൾ ഡോക്ടറും സ്വാമിയും ദേഷ്യമടക്കാനാണ് ഉപദേശിച്ചത്. എന്നാൽ അതിനയാൾക്ക് കഴിഞ്ഞില്ല. കുറെ നാൾ  അയാളെ കണ്ടില്ല. എവിടെയായിരുന്നു എന്നാർക്കും അറിയില്ല. തിരുവനന്തപുരത്തുകാരനായ അയാൾ അതൊട്ടു വെളിപ്പെടുത്തിയുമില്ല. ഒരു നാൾ തികഞ്ഞ  സന്തോഷത്തോടെ  അയാൾ കയറി വന്നു. വീട്ടിലെത്തുമ്പോൾ കോപം പുറത്തെടുക്കാതിരിക്കാൻ അയാൾ നല്ലൊരു വഴി കണ്ടെത്തിയത്രെ. വല്ലാതെ  കോപത്തിനിടയാകുന്ന ദിവസങ്ങളിൽ ഒാഫീസ് സമയം കഴിഞ്ഞാൽ  നേരെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് പോകും. സമരക്കാർ ഒഴിയാത്ത സ്ഥലമാണല്ലോ അത്. വൈകുന്നേരം ആൾത്തിരക്ക് കൂടുന്ന നേരത്ത് മുദ്രാവാക്യം  തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ വിളിച്ചു കൂവും. ഏതെങ്കിലും ജാഥയുണ്ടെങ്കിൽ അതിൽചേരും. അവർ  ഉയർത്തുന്ന മുദ്രാവാക്യം ഉയർത്തി ഒന്നു രണ്ടു കിലോമീറ്റർ നടക്കും. കോപമൊക്കെ അപ്പോൾ ആവിയായി പറന്നുപോവും.

വീട്ടിലെത്തിയാൽ സമാധാനം, സന്തോഷം. തല്ലില്ല, വഴക്കില്ല.കോപനിയന്ത്രണത്തിന് അവരവർ തനതായ മാർഗ്ഗം കണ്ടെത്തണമെന്നാണ് ഇതിലൂടെ മനസിലാകുന്നത്. 

ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണ്. ആദ്യം അതുണക്കാനാണു നോക്കേണ്ടത്. അതിനാൽ ഇൗ സമയം മനസ്സിൽ വരുന്ന ചിന്തകളെ സാക്ഷിഭാവത്തിൽ നോക്കിക്കാണാൻ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാൽ അവ വാക്കായും പ്രവൃത്തിയായും വളരും. നമ്മെ കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യും. മനസ്സിനെ കഴിവതും ശാന്തമാക്കി വിവേകപൂർവ്വം ചിന്തിക്കണം. അങ്ങനെയായാൽ കോപം വരുത്തിവയ്ക്കുന്ന ഒട്ടുമുക്കാലും പ്രശ്നങ്ങളും നമുക്കൊഴിവാക്കാൻ കഴിയും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam