Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളസമൂഹം: മാറ്റിക്കുറിക്കപ്പെടുന്നുവോ?

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
x-default

നമ്മുടെ സമൂഹത്തിന് എന്തുപറ്റി ? എന്താണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒാരോ ദിവസവും 'പ്രബുദ്ധ കേരള' ത്തിലെ ജനകോടികൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ എത്രമാത്രം ഹൃദയഭേദകമാണെന്ന് നിങ്ങൾ ഒാർത്തു നോക്കൂ. അതെ, കേരളം അപ്പാടെ ഒരു ക്രിമിനൽ സ്വഭാവമുള്ള സമൂഹമായി മാറിക്കഴിഞ്ഞു. സമസ്ത മേഖലകളിലും മൂല്യച്യുതി സംഭവിച്ചത് കൊണ്ടാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് കേരളീയ സമൂഹം കൂപ്പുകുത്തിയതെന്നു വേണമോ കരുതാൻ.   മലയാളികളുടെ കളഞ്ഞുപോയ ആ നന്മ മനസ്സ് എവിടെ നിന്നാണ് ഇനി നാം കണ്ടെടുക്കേണ്ടത്? 

പ്രിയപ്പെട്ടവരേ,  ഇക്കഴിഞ്ഞ ആഴ്ചയിൽ നമ്മുടെ നാട്ടിൽ  തുടർച്ചയായി നടന്ന ചിലസംഭവങ്ങളാണ് ഇത്തരത്തിലൊരു ചിന്തയിലേക്കും ബോധ്യത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്.  കെ.എസ്.ആർ.ടി.സി ഡ്രൈവറെ ബസിനുള്ളിൽ കയറി അയാളുടെ മകന്റെ പ്രായം പോലുമില്ലാത്ത ഒരു പയ്യൻ തല്ലുന്ന ദൃശ്യം ടി.വിയിൽ കണ്ടപ്പോൾ ദൈവമേ എന്നു വിളിച്ച് കണ്ണുപൊത്താൻ മാത്രമാണ് കഴിഞ്ഞത്.  തിരുവനന്തപുരത്ത് പാങ്ങോട്ട് മറ്റൊരു കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിവാഹനിശ്ചയത്തിന് പോയ ഒരു സംഘം ആൾക്കാർ ഇതുപോലെ ബസ് തടഞ്ഞുനിർത്തി മർദ്ദിച്ച് അവശനാക്കിയെന്ന വാർത്തവായിച്ചത്.  ആശുപത്രികിടക്കയിൽ നട്ടെല്ലു തകർന്നുകിടന്ന അവശാനായ വൃദ്ധന്റെ കൈവിരളുകൾ ആശുപത്രി അറ്റന്റർ പിടിച്ചൊടിച്ചു. വേദനകൊണ്ട് നിലവിളിച്ചപ്പോൾ തല്ലാൻ കൈയോങ്ങി മുന്നിലെ ടിവിയിൽ ഇൗ ദൃശ്യം കണ്ടപ്പോഴും മനസ്സ് പിടച്ചു. ഏകദേശം ഇതേദിവസം തന്നെയാണ് ഒരു വൃദ്ധയെ ബൈക്ക് യാത്രികരായ യുവാക്കൾ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞതും. അബോധാവസ്ഥയിൽ റോഡിൽ കിടന്ന വൃദ്ധയെ ആരും ഗൗനിച്ചില്ല. 15മിനിട്ടിലധികം കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ മനസലിവ്തോന്നി ആശുപത്രിയിലെത്തിച്ചു. എന്ന വാർത്ത മനസ്സിനൽപം ആശ്വാസം പകർന്നപ്പോൾ അതിനെ പിഴുതെറിഞ്ഞുകൊണ്ട് മറ്റൊരു വാർത്തവന്നു. രണ്ട് കൗമാരക്കാർ പിള്ളേർ ബൈക്കപകടത്തിൽപ്പെട്ട് മുറിവേറ്റ് കിടന്നിട്ടും നാട്ടുകാർ കൂടി അവരെ തല്ലുകയും അസഭ്യം പറയുകയും ചെയ്തു. ഒന്നരമണിക്കൂർ കഴിഞ്ഞ് വീട്ടിൽനിന്നും ബന്ധുക്കൾ എത്തിയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചതത്രേ. വീട്ടിൽ നിന്നും ബന്ധുക്കൾ വരുന്നതുവരെ അവരെ തൊടരുതെന്ന് നാട്ടുകരിൽ ചിലർ ശാഠ്യം പിടിച്ചെന്നാണ് കേൾക്കുന്നത്. കുട്ടികൾ അമിതവേഗതയിൽ ബൈക്കോടിച്ചെന്നതാണ് നാട്ടുകാരുടെ കുറ്റപത്രം. നമ്മുടെ പൊതുനിരത്തിലൂടെ അമിതവേഗതയിൽ വാഹനങ്ങൾ ഒാടിക്കുന്നത് നിയന്ത്രിക്കപ്പെടേണ്ടതുതന്നെ. ശരിതെറ്റുകൾ പൂർണ്ണമായി തിരിച്ചറിയാൻ വേണ്ട പ്രായം എത്തിയിട്ടില്ലാത്ത കുട്ടികളെ ശാസിക്കുന്നതിനൊപ്പം അവരെ എടുത്ത് ആശ്വസിപ്പിക്കാനും ആശുപത്രിയിൽ എത്തിക്കാനും മനസുതോന്നാത്ത തരത്തിൽ നമ്മുടെ മനസാക്ഷി മരവിച്ചുപോയോ. മനസ്സിന്റെ പിടച്ചിൽ ഒടുങ്ങുന്നതിനുമുമ്പ് മനസിനെ കലുഷമാക്കികൊണ്ട് വീണ്ടും വന്നു വാർത്ത. യാത്രക്കിടയിൽ ബസിൽ വച്ച് ഒരാൾ തളർന്നു വീണു. ബോധംകെട്ടുവീണ ആളെ ആശുപത്രിയിൽ എത്തിക്കാൻ സഹയാത്രികർ ആവശ്യപ്പെട്ടിട്ടും കണ്ടക്ടർ തയ്യാറായില്ല. അവശനായി ബോധമില്ലാതെ കിടക്കുന്ന യാത്രക്കാരനെയും കൊണ്ട് ബസ് ഒാടി. അവസാനം യാത്രക്കാർ ബഹളം വച്ചതിനെതുടർന്ന് ശല്ല്യം  ഒഴിയട്ടെ എന്നമട്ടിൽ അരമണിക്കൂറിന് ശേഷം റോഡിൽ ഇറക്കി. ഇതിനകം ബസ് ആറ് ആശുപത്രികൾ പിന്നിട്ടു. നാട്ടുകാരുടെ സഹായത്തോടെ ഒരു സഹയാത്രികൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 മിനിറ്റ് മുൻപെത്തിച്ചിരുന്നെങ്കിലും മതിയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. 

 പെറ്റമ്മയെപോലും തല്ലാനും കഴുത്തുഞെരിക്കാനും തയ്യാറാകുന്ന മക്കളുടെ എണ്ണം പെരുകുന്നു എന്ന്  അഞ്ചാറു  ദിവസം മുൻപ് വായിച്ചവാർത്ത എന്നെ വല്ലാതെ ഞെട്ടിച്ചു. ശിശുക്ഷേമ സമിതി ആരംഭിച്ച തണൽ പദ്ധതിയിലെ ടോൾഫ്രീ നമ്പരിലേക്ക് അമ്മമാർ തന്നെയാണ് സ്വാനുഭങ്ങൾ വിളിച്ചറിയിക്കുന്നത്. വീട്ടിലെ മറ്റംഗങ്ങളോടുപോലും പറയാൻ കഴിയാത്ത നെഞ്ചുപൊട്ടുന്ന പൊള്ളുന്ന അനുഭവങ്ങളാണ്് അമ്മമാർ കൗൺസിലർന്മാരോട് ഫോണിലൂടെ പറയുന്നത്. ഒരു ദിവസം ഇത്തരത്തിലുള്ള 60 കോളുകൾ വരുന്നുണ്ടെന്നാണ് വാർത്ത. 

അട്ടപാടിയിലെ മുക്കാലിയിൽ മധുവിനെ തല്ലികൊന്ന സംഭവം കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. അന്ന് നാമെല്ലാം ഏകസ്വരത്തിൽ പറഞ്ഞത് കേരളംപോലൊരു സമൂഹത്തിൽ ഇത്തരത്തിലൊരു സംഭവം നടക്കാൻ പാടില്ലായിരുന്നു, ഇനി ഇത്തരംസംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നുമാണ്. ഇവിടെ കേരളം പോലൊരു സമൂഹം എന്ന വാക്കിൽ  അടിവരയിട്ടാണ് നമ്മൾ പ്രയോഗിച്ചത്. എന്താണ് ഇങ്ങനെ പ്രയോഗിക്കാൻ കാരണം. കേരളസമൂഹത്തിന് മറ്റു സമൂഹത്തെക്കാൾ എന്തക്കയോ പ്രത്യേകതയുണ്ട് എന്നാണ് ഇതിൽ പറഞ്ഞുവയ്ക്കുന്നത്. 

തെറ്റുകളും കുറ്റങ്ങളും ചെയ്യുക എന്നത് മനുഷ്യസഹജമാണ് . പക്ഷെ ചെയ്തു പോയ തെറ്റിൽ കുറ്റബോധം തോന്നുക എന്നത് അവൻ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നത് കൊണ്ടാണു.പക്ഷെ ഇന്നു സംഭവിക്കുന്നത് എന്താണ് ? ചെയ്ത തെറ്റുകൾ തെറ്റാണെന്ന തോന്നൽ പോലുമില്ല. അതു തെറ്റാണെന്ന് അവർ തിരിച്ചറിയുന്നില്ലെന്നതാണ്  അതിശയം.അവന്റെ മുന്നിലുള്ള തലമുറ അതുചെയ്യുമ്പോൾ അവൻ ചെയ്യുന്നതെങ്ങനെ തെറ്റെന്നവൻ മനസിലാക്കും. നല്ലത് കേൾക്കുകയും കാണുകയും ചെയ്യേണ്ട പ്രായത്തിൽ അവ കേട്ടില്ലെങ്കിൽ പകരം തെറ്റുകളുടെ ഒരു കൂമ്പാരമാണ് മനസ്സിൽ കയറുന്നതെങ്കിൽ അവിടെ നന്മ തിന്മകൾ മനസ്സില്ലക്കാനുള്ള ശേഷി നഷ്ടപെടുകയാണ്. അതായതു അവൻ ചെയുന്നത് അവന്റെ മനസാക്ഷിക്ക് ഒരു കുറ്റമായി തോന്നുകയില്ല. നമ്മുടെ ഇളംതലമുറയിൽ ശരിതെറ്റുകൾ തിരിച്ചറിയാനുള്ള ബോധനിലവാരം താഴ്ത്തുന്നതാണ് പ്രധാന കാരണം.

   

മനുഷ്യൻ മൃഗത്തിൽനിന്ന് വ്യത്യസ്തനാവുന്ന മൂലഘടകം മാനവികബോധമാണെന്നാണ് വിശ്വാസം.മാനവികബോധത്തിലെ പ്രധാന സവിശേഷത പരസ്പരസ്നേഹവും വിശ്വാസവുമാണ്. അതുനമ്മിൽ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. ഇതിന്റെ ഫലം മനുഷ്യത്വമില്ലായ്മയാണ്. മനുഷ്യനിലുള്ള ദൈവത്തിന്റെ അംശമാണ് മനുഷ്യത്വം. അതുനഷ്ടമായാൽ നമ്മൾ ഇരുകാലുള്ള മൃഗമാണ്. അത്തരത്തിൽ പരിണമിച്ചുപോയവരാണ് ഞാൻ നേരത്തേ പറഞ്ഞതുപോലുള്ള പ്രവർത്തികൾ ചെയ്യുന്നത്. അവരെ മനുഷ്യരുടെ ഗണത്തിൽപ്പെടുത്താൻ പൊതുസമൂഹത്തിന് കഴിയില്ല. പൊതുസമൂഹത്തിന്റെ ആരോഗ്യത്തിനും നിലനിൽപ്പിനും ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കുക.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam