Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഹൃദങ്ങള്‍ക്കൊരു പുതിയ മുഖം

 സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
Friendship Representative Image

പുതിയതലമുറ അതായത് ന്യൂജെന്‍ എന്നു വിളിക്കുന്ന ന്യൂജനറേഷന്റെ കാലത്ത് സൗഹൃദത്തിനുള്ള വ്യാഖ്യാനം തന്നെ ന്യൂജന്‍ സ്റ്റൈലില്‍ വേണ്ടിയിരിക്കുന്നു. ഇന്നു വാട്ട്സാപ്പും ഫേസ്ബുക്കും ട്വിറ്ററും പോലുള്ള ന്യുജെന്‍ മാധ്യമങ്ങൾ സാമൂഹ്യ മാധ്യമങ്ങള്‍ എന്ന സ്ഥാനം നേടിയെടുത്തിരിക്കുന്ന കാലമാണിത്. അവരുടെ സൗഹൃദങ്ങള്‍ക്ക് എന്റെ സൗഹൃദങ്ങള്‍ക്കൊപ്പമോ എന്നെപോലെ പഴയ തലമുറയില്‍പ്പെട്ടവരുടെ സൗഹൃദവുമായോ ഒരു പക്ഷേ യോജിച്ചു പോകാന്‍ സാധിക്കില്ലായിരിക്കും. എന്നാല്‍ ഞാന്‍ കഴിവതും പുതിയ തലമുറയോടൊപ്പം അവരുടെ രീതികളും ശൈലികളും സ്വാംശീകരിക്കാനും അവലംബിക്കാനും ശ്രമിക്കുന്നുണ്ട്. ഞാന്‍ എന്റെ കുട്ടിക്കാലത്ത് സമകാലികരുമായി സൗഹൃദം  സ്ഥാപിച്ചെടുത്തത് നാട്ടിലെ വായനശാലകളിലെ ഒത്തുചേരലിലൂടെയും ഗ്രാമത്തില്‍ ഞങ്ങളെല്ലാം കൂടിച്ചേര്‍ന്ന് രൂപീകരിച്ച കലാസംഘടനയിലൂടെയുമാണ്. അതിനു പ്രചോദനമായി ഞങ്ങള്‍ക്കു മുന്നില്‍ ചേട്ടന്മാര്‍ ഉണ്ടായിരുന്നു. നാട്ടിലെ രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും സജീവമായി നിലകൊണ്ടിരുന്ന ഇത്തരം ചേട്ടന്മാര്‍ ഞങ്ങൾക്കു മുന്നില്‍ മാതൃകയായി പ്രകാശമായി ഉണ്ടായിരുന്നു. അവര്‍ നല്‍കിയ ഗൈഡിങ്ങിലൂടെയാണ് സഹജീവികളോടും സമകാലികരോടും സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ ഞങ്ങളുടെ തലമുറയ്ക്കായത്. നേരിട്ടുള്ള ഇടപെടലിലൂടെ അടുത്തില്ലാത്തവരോട് കത്തിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. കത്തിനെക്കുറിച്ചു പറഞ്ഞപ്പോള്‍ എന്റെ മുന്നിലിരിക്കുന്ന പുതിയതലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാകുമോ എന്നു ഞാന്‍ സന്ദേഹിക്കുന്നു. കത്തിനെക്കുറിച്ച് പറയാനാണെങ്കില്‍ അതിന്റെ ഗുണഗണങ്ങളെക്കുറിച്ചു പറയാനാണെങ്കിലും അതുണ്ടാക്കിതന്ന സൗഹൃദങ്ങളെക്കുറിച്ചു പറയാനാണെങ്കിലും എനിക്കിവിടെ അനുവദിച്ചു തന്ന സമയം മുഴുവെനെടുത്താലും മതിയാകുമെന്നു കരുതുന്നില്ല. കത്തു പകര്‍ന്നു തന്ന സമത്വബോധവും  സ്‌നേഹവും ഭാഷാബോധവും വളരെ വലുതാണ്. ഇതിനെക്കാളുപരി കത്ത് എവുതുവാനുള്ള ശേഷി കൂടി സൃഷ്ടിച്ചു തന്നു എന്നു തന്നെ പറയാം. 

ഇന്നു പുതിയ തലമുറ കത്തെഴുതുന്നില്ല എന്നല്ല. അവരും എഴുതുന്നുണ്ട് ഞങ്ങളൊക്കെ എഴുതിയതുപോലെ, പെന്‍സില്‍ കൊണ്ടും പേനകൊണ്ടുമൊന്നുമല്ല. വിരൽതുമ്പുകൊണ്ട്. ആയിക്കോട്ടെ അതില്‍ തെറ്റൊന്നുമില്ല. ഇതു പുതുയുഗമാണ്. ഗൂഗിള്‍ എഴുത്തിന്റെയും ബ്ലോഗെഴുത്തിന്റേയും കാലം. ഇന്നത്തെ സൗഹൃദം ഇതിലൂടെയേ നടക്കൂ വളരൂ. അതുകൊണ്ട് അതിനെ കുറ്റപ്പെടുത്താനോ ശരിയല്ലെന്നു പറയാനോ ഞാനില്ല.    

കൂട്ടായ്മയുടെയും ഭൗതീക സംഗമങ്ങളുടെയും ഇടങ്ങള്‍ കുറഞ്ഞുവരുന്ന പുതിയ ലോകത്ത് സൗഹൃദങ്ങള്‍ പുതിയ നെറ്റ് വര്‍ക്കുകള്‍ തേടുകയാണ്. അതോടെ എല്ലാവരും തിരക്കിന്റെ ലോകത്തായിരിക്കുന്നു. സമയത്തിന്റെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ അങ്ങാടിയിലോ ബസ് സ്റ്റാന്റിലോ വച്ചുള്ള ആകസ്മിക കാഴ്ചകള്‍ക്കിടയിലെ കൈവീശലുകളിലും മറ്റുമായി പരിമിതപ്പെട്ടിരിക്കുകയാണ് ഇന്നത്തെ വ്യക്തിബന്ധങ്ങള്‍. നേരമില്ലാക്കാലമാണിത്. ആര്‍ക്കും ആരെയും കാത്തുനില്‍ക്കാന്‍ നേരമില്ലാത്ത കാലം. കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച് അണുകുടുംബങ്ങളായി പരിണമിച്ചപ്പോള്‍ മാനുഷിക ബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലുകള്‍ നഷ്ടമായി. പരസ്പരം കണ്ടുമുട്ടിയാലോ, കൂട്ടിമുട്ടിയാല്‍ തന്നെയും ഒരു സോറി പറഞ്ഞ് പിരിയുന്നതരത്തില്‍ മക്കള്‍ക്ക് കുടുംബ ബന്ധുക്കളെ തിരിച്ചറിയാന്‍ കഴിയാതായി. അവിടെയൊക്കെ നേരത്തെ പറഞ്ഞപോലെ നെറ്റ് വര്‍ക്കുകള്‍ തീര്‍ക്കുന്ന ബന്ധമെങ്കിലും ബാക്കിയുണ്ടെന്നതാണ് ആശ്വാസം. ഇല്ലായ്മയുടെ കാലത്ത് പങ്കുവെയ്പിന്റെ ആസ്വാദ്യകരമായ, മധുരകരമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ അയല്‍ബന്ധങ്ങള്‍ അകലം പാലിക്കപ്പെടുന്നു. ഇതിന്റെ പ്രത്യക്ഷ സൂചകങ്ങളാണ് പുതുതായി ഉയര്‍ന്നുവരുന്ന വീടുകളും മതില്‍കെട്ടുകളും. അതോടൊപ്പം സഹോദരങ്ങളും മക്കളും അമ്മയും അമ്മൂമ്മയും ഒന്നിച്ചിരുന്ന് കുടുംബകാര്യങ്ങള്‍ പങ്കുവെക്കുന്നതും ആശകളും പ്രതീക്ഷകളും കൈമാറുന്നതും ഇന്ന് ഓര്‍മ മാത്രമായി. 

ഇന്റര്‍നെറ്റ് നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ലോകത്ത് സൗഹൃദത്തിന് പുതിയ വഴിയും പുതിയ മുഖവുമാണ്. മിന്നിമറയുന്നത്. സിനിമാശാലയിലെ സ്‌ക്രീനിലും വീട്ടിലെ സ്വീകരണമുറിയിലെ ടിവി പെട്ടിയിലും തെളിയുന്നവര്‍  സൗഹൃദത്തിന്റെ പുതിയ ഇതളുകളാവുകയാണ്. അവരുമായി കൂട്ടുകെട്ടുണ്ടാക്കാനായി ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിക്കുന്നു.  അങ്ങനെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ആരൊക്കെയോ നമ്മുടെ കൂട്ടുകാരായിത്തീരുന്നു. ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത 'ബ്രോ'കള്‍ സൗഹൃദത്തിന്റെ ശബ്ദങ്ങളായിത്തീരുന്നു. ബോറടിപ്പിക്കുമ്പോഴെല്ലാം 'ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍' ആശ്വാസത്തിന്റെ കണ്ണികളായി മാറി. സത്യത്തില്‍ ബോറടിയില്ലാത്ത ഒരു ജീവിതമാണ് വാട്സാപ്പും ഫേസ്ബുക്കും അഭിനവ ലോകത്തിന് പകര്‍ന്നു നല്‍കിയത്. സ്മാര്‍ട്ട് ഫോണുകള്‍ സ്വകാര്യതയുടെ ഇടങ്ങളിലേക്ക് പുതിയ തലമുറയെ കൂട്ടിക്കൊണ്ടുപോയപ്പോള്‍ ടെലിവിഷന്‍ വീട്ടിനുള്ളില്‍ ഉണ്ടാക്കിത്തീര്‍ത്ത കൂടിയിരിപ്പിനെ പോലും ഇല്ലാതാക്കി. 

   

ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ കൈവരുന്ന സൗഭാഗ്യമാണ് നല്ല സുഹൃത്തുക്കള്‍. ഭൗതിക താല്‍പര്യങ്ങളില്‍ നിന്ന് മുക്തമായ സൗഹൃദത്തിന് മാറ്റു കൂടുകതന്നെ ചെയ്യും.  ആദര്‍ശത്തിന്റെ പേരിലുള്ള സൗഹൃദമാണെങ്കില്‍ അതിന്റെ തിളക്കം വീണ്ടും വര്‍ധിക്കും  പക്ഷേ അത്തരം സൗഹൃദങ്ങള്‍ കുറവാണെന്ന് മാത്രം. ആദര്‍ശ കൂട്ടുകളെ ദൈവത്തിനു വളരെ  ഇഷ്ടമാണ്.ദൈവത്തിന്റെ സ്നേഹം ലഭിച്ചാല്‍ പിന്നെ എല്ലാം ഭദ്രം. ലഭിച്ചില്ലെങ്കിലോ, മറ്റെന്തുകിട്ടിയിട്ടും വലിയ പ്രയോജനമുണ്ടാവില്ല. സമ്പത്ത്, സ്ഥാനമാനങ്ങള്‍, സൗന്ദര്യം, സഹപഠനം, സഹവാസം, സഹപ്രവര്‍ത്തനം തുടങ്ങിയവയെല്ലാം സൗഹൃദത്തിന്റെ അടിസ്ഥാനമാവാറുണ്ട്. 

സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നവനാണ് യഥാര്‍ഥ സുഹൃത്ത്. നിസ്വാര്‍ഥമായ സൗഹൃദത്തില്‍ മാത്രമേ അങ്ങനെയൊരു ദൃശ്യം കാണാനാവുകയുള്ളൂ.  സമൂഹത്തിലെ ഓരോ അംഗത്തെയും തന്റെ ശരീരത്തിലെ ഒരവയവം പോലെ കാണുന്നവനാണ് വിശ്വാസി എന്ന്  പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ബന്ധം വളര്‍ത്തിയെടുത്താല്‍ ലഭിക്കുന്ന സമ്മാനമാണ് അല്ലാഹുവിന്റെ സ്നേഹം.

ദൈവത്തിനുവേണ്ടി  സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ഒരാളെ സ്നേഹിക്കുക അത്തരത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ക്ക് അന്ത്യനാളില്‍ ദൈവത്തിന്റെ പ്രത്യേക തണല്‍ ലഭിക്കുകതന്നെ ചെയ്യും. ജീവിതത്തിന്റെ സൗഭാഗ്യമാണ് സൗഹൃദങ്ങള്‍ ‍'പിണങ്ങി നില്‍ക്കുന്നവരുടെ ആരാധനകള്‍ പോലും മാറ്റിവെക്കപ്പെടും, അവര്‍ പരസ്പരം ഇണങ്ങുവോളം' എന്നത് ഒരു പ്രധാനപ്പെട്ട നബിവചനമാണ്. ജീവിതത്തില്‍ എന്ത് ഏറ്റക്കുറച്ചിലുകളുണ്ടായാലും കൂടെ നില്‍ക്കാന്‍ എന്നും നല്ല സൗഹൃദങ്ങളുണ്ടാകും. സ്വന്തബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്‍ക്കാന്‍ കൂട്ടുകാര്‍ ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണ് സൗഹൃദം

നല്ല ഓര്‍മകള്‍ നല്‍കുകയും ഓര്‍മകള്‍ പങ്കിടാന്‍ പറ്റുകയും ചെയ്യുന്ന സൗഹൃദങ്ങളാണ് ജീവിതത്തിന്റെ കാതല്‍. നമുക്ക് നന്മ മാത്രം വരണേ എന്നാഗ്രഹിക്കുന്ന, നമ്മെക്കുറിച്ച് നല്ലതു മാത്രം കേള്‍ക്കാന്‍ കൊതിക്കുന്ന, മനസ്സുകൊണ്ടെങ്കിലും കൂടെയുണ്ടാവുന്ന വ്യക്തി സാമീപ്യം അതാണ് നല്ല ചങ്ങാത്തം. സന്തോഷങ്ങളില്‍ നമ്മോടൊത്തുണ്ടാകുവാന്‍ ആ മനസ്സാഗ്രഹിക്കുന്നു. ഹൃദ്യമായ സ്നേഹബന്ധങ്ങള്‍ ഇങ്ങനെയാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam