ഇലകളിൽ കേമൻ വാഴയില

വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുമായി വിദ്യാലയങ്ങളിലേക്ക് പോയിരുന്ന കുട്ടികൾ..ഉച്ച ഭക്ഷണത്തിന് ബെല്ലടിക്കുമ്പോൾ , പൊതിയഴിക്കുമ്പോൾ ഉയരുന്ന ഗന്ധം, കറിയും ചോറും ചേർന്നു കട്ടപിടിച്ചിരിക്കും...നല്ല തീക്കനലിൽ ഇട്ടു വാട്ടിയ വാഴയിലയിൽ വിളമ്പിയ ചോറ് തണുത്തിരിക്കും..എങ്കിലും ആ ചോറിന് പ്രത്യേക ഒരു രുചിയുണ്ട്....മലയാളിയുടെ മനസിൽ ഇന്നും ഗൃഹാതുരമായ ഓർമയാണ് വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുകൾ.. 

ഓണം പിറന്നാൽ, ഉണ്ണി പിറന്നാൽ മലയാളിക്ക് വാഴയിലയിൽ തന്നെ വേണം സദ്യ.. അതിപ്പോൾ ഇല തമിഴ് നാട്ടിൽ നിന്നു വന്നാലും മലയാളി അതങ്ങ് സഹിക്കും. പേപ്പർ വാഴയിലയൊക്കെ ഇറങ്ങിയെങ്കിലും സദ്യ ഗംഭീരമാകണോ നല്ല ഇലയിൽ തന്നെ വിളമ്പണം.. 

പറഞ്ഞുവരുന്നത് വാഴയില മഹാത്മ്യം തന്നെ..മലയാളിക്ക് ഇലകളിൽ കേമൻ വാഴയില തന്നെ.വാഴയുടെ ജന്മദേശം  പാപുവ ന്യൂഗിനി ആണെന്നാണ് വയ്പെങ്കിലും മലയാളിക്ക് അത് സമ്മതമല്ല. അവർക്ക് വാഴ സ്വന്തമാണ്. ഈ മണ്ണിന്റെ സ്വന്തമാണ്.

ലോകത്ത് ചൈനയിലും ഇന്ത്യയിലും ആണ് ഏറ്റവും കൂടുതൽ വാഴ കൃഷി ചെയ്യുന്നത്. 2016–ലെ കണക്കനുസരിച്ച് ലോകത്തെ 28 ശതമാനം വാഴപ്പഴവും ഈ രണ്ട് രാജ്യങ്ങളിലാണ് ഉല്പാദിപ്പിച്ചത്. തായ് ലൻഡ്, മ്യാൻമർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലും വാഴ വ്യാപകമായി കൃഷി ചെയ്യുന്നു. പൊതുവെ ബനാന എന്നറിയപ്പെടുന്ന വാഴയ്ക്ക് അനേകം വിഭാഗങ്ങളുണ്ട്. കേരളത്തിൽ തന്നെ എത്രയിനം വാഴകളാണുള്ളത്. നേന്ത്രൻ, നാടൻ പൂവൻ, മൈസൂർ പൂവൻ, ഞാലി പൂവൻ, കദളി, രക്ത കദളി, കണ്ണൻ,ചുണ്ടില്ലാ കണ്ണൻ,റോബസ്റ്റ അങ്ങനെ നീളുന്ന പട്ടിക. 

വാഴയില സദ്യ വിളമ്പാൻ മാത്രമല്ല ഇപ്പോൾ വിനിയോഗിക്കുന്നത്. വാഴയിലയിൽ പൊതിഞ്ഞ് പൊരിക്കുന്ന  മീൻ വിഭവങ്ങളുടെ രുചി ലോക പ്രശസ്തമാണ്. പ്രത്യേകിച്ച് കരിമീൻ പോലുള്ള ഇനങ്ങൾ. രാജ്യാന്തര തലത്തിലുള്ള രുചി പട്ടികയിൽ ഇത് ഇടം പിടിച്ചിട്ടുണ്ട്. മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഇലയട ഉണ്ടാക്കാനും വാഴയില തന്നെ വേണം.ശാസ്ത്രീയ നാമം MUSA ACUMINATA . ഈ കുടുംബത്തിൽ പെടുത്താവുന്ന ഒട്ടേറെ ഇനങ്ങൾ ലോകത്തു വേറെയുമുണ്ട്. എളുപ്പം കൃഷിചെയ്യാവുന്നതും പോഷക സമ്പന്നവുമായ വാഴയില്ലാത്തൊരു കേരളം സ്വപ്നത്തിൽ പോലും ഉണ്ടാവില്ല.