പെൺകുട്ടികൾ ഒളിച്ചോടിയാൽ എന്താണു കുഴപ്പം?

ഇറങ്ങിപ്പോയ പെൺമക്കളുടെ മുറി മ്യൂസിയമാണ്. പല അച്ഛനമ്മമാരും ആ മുറി അതേപോലെ സൂക്ഷിക്കും.

ഒളിച്ചോടി വിവാഹം കഴിച്ചിട്ട് കുറെ നാൾ കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്ന പെൺകുട്ടിയാണ് ലോകത്ത് ഏറ്റവും നിർഭാഗ്യവതി !

അച്ഛനും അമ്മയും ഏതോ നാടകത്തിലെ അഭിനേതാക്കളാണെന്ന് അന്ന് അവൾക്ക് സംശയം തോന്നും.  സ്വന്തം വീടിന് അവൾ അപ്പോൾ മകളുമല്ല, വിവാഹിതയുമല്ല. 

ഒരു വർഷം മുമ്പ് സംഭവബഹുലമായി ഒളിച്ചോടിയ നിലീന ഈയിടെയാണ് സ്വന്തം വീടിനടുത്തേക്കു തിരിച്ചു വന്നത്.

തൊട്ടപ്പുറത്തെ വീട്ടിലെ വല്യമ്മ മരിച്ച ദിവസം ഉച്ചയ്ക്കായിരുന്നു അവളുടെ വരവ്.  റോഡിലും വീട്ടുമുറ്റത്തെ പന്തലിലുമായി കുറെ ആളുകൾ ദു:ഖഭാവത്തിൽ സംസാരിച്ചു നിൽക്കുന്നുണ്ട്.  മോദി, അമിത് ഷാ, പിണറായി, സരിതാ നായർ, ഡിമോണിടൈസേഷൻ, ബാർ തുറക്കൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചായിരുന്നു അവരുടെ ചർച്ച. അതിനിടയിലൂടെയാണ് കറുപ്പു നിറമുള്ള ചുരിദാറൊക്കെയിട്ട് നിലീന പൂച്ചയെപ്പോലെ പതുങ്ങി മരണവീട്ടിലേക്കു കയറിച്ചെന്നത്.

ഒളിച്ചോട്ടത്തിനു ശേഷം ആദ്യമായാണ് അവൾ സ്വന്തം വീട് റോഡിനു വെളിയിൽ നിന്നെങ്കിലും ഒന്നു കാണുന്നത്. 

സത്യത്തിൽ നിലീനയ്ക്കു തിരിച്ചുവരാൻ പറ്റിയ ദിവസമായിരുന്നു അത്. അവളെ അധികമാരും ശ്രദ്ധിച്ചില്ല.  മരണവീട്ടിലെ ആളുകൾ മഴത്തുള്ളി വീണു ചിതറിയ ഉറുമ്പിൻകൂട്ടം പോലെയാണ്. അവർ മരിച്ചു കിടക്കുന്ന ആളെപ്പോലും ശ്രദ്ധിക്കാറില്ല. മരണ വീടുകളിൽ ഒരുപാടു പേർ ധരിക്കുന്നതുകൊണ്ട് കറുപ്പു നിറവും അത്ര പെട്ടെന്ന് കണ്ണിൽപ്പെടില്ല. 

വല്യമ്മയുടെ മൃതദേഹത്തിനു വലം വച്ച്, അവരുടെ മക്കൾ ഉപചാരപൂർവം ഇരിക്കുന്ന സ്ഥലത്തേക്ക് ചെന്ന്, അവരുടെയൊക്കെ കൈയിൽ ഒന്നു തൊട്ട് വെളിയിൽ ഇറങ്ങിവന്ന നിലീന വന്നുപെട്ടത് സ്വന്തം അമ്മയുടെ മുന്നിലേക്കാണ്.

അവൾ ചോദിച്ചു.. ഞാൻ വീട്ടിലേക്കു വന്നോട്ടെ ?

അമ്മയുടെ മറുപടി..  അച്ഛനോടു ചോദിച്ചിട്ടു മതി.

അത്രയേ സംസാരമുണ്ടായുള്ളു. 

നിലീന വേഗം മരണവീട്ടിൽ നിന്നു പുറത്തേക്കിറങ്ങി. സ്വന്തം വീട്ടിൽ കയറാതെ റോഡിലൂടെ നടന്നു. 

സ്വന്തം വീടിന്റെ മതിലിനരികിലൂടെ നടക്കുമ്പോൾ റോഡിലേക്ക് തലനീട്ടി നിന്ന നാലുമണിച്ചെടിയിൽ നിന്ന് ഒരു പൂവ് പൊട്ടിച്ചു. പെട്ടെന്ന് ഒരു പട്ടിയുടെ കുര.  അത് സ്വന്തം വീട്ടിൽ നിന്നോ അതോ മനസ്സിന്റെ ഉള്ളിൽ നിന്നോ ഒരു നിമിഷം അവൾ സംശയിച്ചു. പിന്നെ ആ പൂവ് മതിലിന്റെ ഉള്ളിലേക്കു തന്നെ വലിച്ചെറിഞ്ഞിട്ട് അവൾ മുന്നോട്ടു നടന്നു. 

കപ്പലിലെ ജോലിക്കാരനായ ഒരു ചെറുപ്പക്കാരനുമായി രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു നിലീനയുടെ ഒളിച്ചോട്ടം.  അയാൾ ആറുമാസം കടലിലും പിന്നെ ആറുമാസം കരയിലുമായിരുന്നു. അതിനാൽ അവരുടെ പ്രണയവും ആറുമാസം കടൽ പോലെ തിരയടിച്ചും അടുത്ത ആറുമാസം കര പോലെ കാത്തിരുന്നും മുന്നേറി.

ഒരു ദിവസം നിലീനയെ പെട്ടെന്നു കാണാതാവുകയായിരുന്നു. അച്ഛനും അമ്മയും ആങ്ങളെയും അവളുടെ മൊബൈൽ ഫോണിൽ മാറിമാറി വിളിച്ചെങ്കിലും നിങ്ങൾ വിളിക്കുന്ന മകൾ ഇപ്പോൾ നിങ്ങളുടെ പരിധിക്ക് പുറത്താണ് എന്ന് അപരിചിതയായ ഏതോ പെൺകുട്ടി നിസ്സംഗമായി മറുപടി പറ‍​​ഞ്ഞുകൊണ്ടേയിരുന്നു.

പെട്ടെന്ന് ഒരു ദിവസം രാത്രി കറന്റ് പോയി എല്ലാ മുറികളിലെയും ലൈറ്റ് അണയുന്നതുപോലെയാണ് പലപ്പോഴും പെൺകുട്ടികളുടെ ഒളിച്ചോട്ടം. വീട്ടിന്റെ നിറങ്ങളും ശബ്ദങ്ങളും കൂടി എടുത്തുകൊണ്ടാണ് അവൾ ഓടിപ്പോവുക. 

അന്നു രാത്രി അച്ഛൻ അമ്മയോടു ദേഷ്യപ്പെടും. അമ്മ ദൈവത്തോടും. 

ആരാണെന്ന് ഒന്നും നോക്കില്ലായിരുന്നു, പറഞ്ഞിരുന്നെങ്കിൽ രജിസ്റ്റർ വിവാഹമായിട്ടെങ്കിലും  ഞങ്ങൾ നടത്തിക്കൊടുത്തേനെ, ഇതിപ്പോൾ എല്ലാവരുടെയും മുഖത്ത് കരിവാരിത്തേച്ച് അവളുടെ ഒരുപ്പോക്ക്, പൊകഞ്ഞ കൊള്ളി പുറത്ത് എന്നൊക്കെയുള്ള പൊതുവാചകങ്ങളുടെ കൈയുംപിടിച്ച് ജീവിതം മെല്ലെ മുന്നോട്ടു നീങ്ങവേ...  വീടായി വീടിന്റെ പാടായി എന്ന മട്ടിൽ നിലീന വീടിനു പുറത്തായി.

സ്വന്തം വീട്ടിലേക്കാവുമ്പോൾ ചെരിപ്പൂരാതെതന്നെ വന്നപടി അകത്തേക്കു കയറിപ്പോകാനാണ് പൊതുവേ പെൺകുട്ടികൾക്കിഷ്ടം.  ‌അച്ഛന്റെയും ആങ്ങളയുടെയും ചെരിപ്പുകൾ പടികളിൽ വെയിലത്തെ തവളകളെപ്പോലെ പതുങ്ങി കിടക്കുന്നുണ്ടാകും. അവയെയൊക്കെ ചവിട്ടി മെതിച്ച് പെൺകുട്ടികൾ വീട്ടിനുള്ളിലേക്കു കയറിപ്പോകും.

ഒളിച്ചോടി തിരിച്ചു വരുന്ന പെൺകുട്ടിയോട് ഏറ്റവും പിണക്കംകാണിക്കുക പഴയ വീടാണ്.  ചെരിപ്പഴിച്ചു പുറത്തിട്ടു കയറിയാൽ മതിയെന്ന മട്ടിൽ വാതിൽ കുറുകെ നിൽക്കും.  സ്വീകരണ മുറിയിലെ പുതിയ ഹാഫ് പാവാടകളിട്ട ജനാലകൾ അവളെ മൈൻഡ് ചെയ്യില്ല.

ഇറങ്ങിപ്പോയ പെൺമക്കളുടെ മുറി  മ്യൂസിയമാണ്.  പല അച്ഛനമ്മമാരും ആ മുറി അതേപോലെ സൂക്ഷിക്കും. അതൊരു പ്രതികാരം കൂടിയാണ്.

ടീപ്പോയിയിലെ വനിത, ചുരുണ്ട മുടി നിവർത്തുന്നതിനുള്ള റൗണ്ട് ചീപ്പ്, നെയിൽ പോളിഷ്, തടിഫ്രെയിമിനുള്ളിൽ കുട്ടിക്കാലത്തെയോ മറ്റോ ബ്ളാക്ക് ആൻഡ് വൈറ്റ് പടം, രണ്ടോ മൂന്നോ സെറ്റ് വളകൾ എന്നിവ അന്നവൾ വച്ചിട്ടു പോയതുപോലെ അവിടെത്തന്നെ ഇരിക്കും. പിന്നെ അവൾ വീട്ടിലിടുന്ന കുറെ നിറമുള്ള അൽപം ലൂസായ ചെരിപ്പുകളും. 

അച്ഛനും അമ്മയും തമ്മിൽ തർക്കം നടക്കുക ഈ മുറിയെച്ചൊല്ലിയാണ്.

ആർക്കു വേണ്ടിയാടീ ആ മുറിയിങ്ങനെ ഒഴിച്ചിട്ടിരിക്കുന്നത് ? അയകെട്ടിയാൽ മഴക്കാലത്ത് തുണിയുണങ്ങാനെങ്കിലും ഉപയോഗിക്കരുതോ എന്ന് അച്ഛൻ.

നിങ്ങളല്ലേ ഒന്നിനും സമ്മതിക്കാത്തത്  എന്ന് അമ്മ.

ഞാനെന്തു പറഞ്ഞു ? അവളുടെ ഒരു സാധനോം ഞാൻ ഇനി കൈകൊണ്ടു തൊടില്ല എന്ന് അച്ഛൻ. 

അതു തന്നെയല്ലേ, മനുഷ്യാ ഞാനും പറഞ്ഞത്.  അവളുടെ സാധനങ്ങളൊന്നും കൈകൊണ്ടു തൊട്ടേക്കരുത്. ആ മുറിയിൽ ഇനി കയറുകയും വേണ്ട എന്ന് നിങ്ങളല്ലേ പറയാറുള്ളത് എന്ന് അമ്മ. 

അങ്ങനെ ആ മുറി നഷ്ടബന്ധങ്ങളുടെ സ്മാരകമായി തുടരും.

തിരിച്ചു വരുന്ന കാര്യം മുൻകൂട്ടി അറിയിക്കാതിരിക്കുന്നതാണ് നിലീനയ്ക്കു നല്ലത്. ഇല്ലെങ്കിൽ ചിലപ്പോൾ തലേന്നു തന്നെ അവളുടെ മുറിയിലെ പഴയ വസ്തുക്കളെല്ലാം എടുത്തു മാറ്റി ഒരു അപരിചിതത്വം സൃഷ്ടിച്ചേക്കും. പല അച്ഛനമ്മമാരിലും ആ ടെൻ‌ഡൻസി നിലനിൽപ്പുണ്ട്. 

വിവാഹം കഴിഞ്ഞ് നാലാമത്തെ ദിവസം വരന്റെ വീട്ടിൽ നിന്ന് പെൺകുട്ടി തിരിച്ചു വരുന്നത് ആറാട്ടു കഴിഞ്ഞ് ദേവിയുടെ തിരിച്ചെഴുന്നള്ളത്തു പോലെയാണ്. കുറെ ആഭരണങ്ങളൊക്കെയിട്ട്.. കൈവീശി, കിലുക്കി കിലുക്കി നടന്നു വരും. 

അമ്മേ, നമ്മുടെ വീട്ടിലെപ്പോലെയൊന്നുമല്ല, അവിടെ എല്ലാത്തിനും വേറൊരു സ്റ്റൈലാണ്.  ഇന്നലെ ഉച്ചയ്ക്ക് മഴ പെയ്തത് താഴെ നിന്ന് മുകളിലേക്കാ.. എന്നൊക്കെ സ്വന്തം അമ്മയോട് ഭർത്താവിന്റെ വീട്ടിലെ ഗമ പറയും.

അതു കേട്ട് അമ്മ ഉപദേശിക്കും... മോളേ, നീ നോക്കീം കണ്ടും നിന്നോണം. മഴ തലകുത്തിപ്പെയ്താൽ കുടയും തല കുത്തിപ്പിടിച്ചോണം.

പെൺകുട്ടികൾ ഒളിച്ചോടുന്നതുകൊണ്ട് ആർക്കാണ് നഷ്ടം ?

ഒളിച്ചോടുന്ന പെൺകുട്ടി നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതമല്ല;  അച്ഛനമ്മമാരുടെ ജീവിതമാണ്. 

Read more on : Malayalam Magazine, Beauty Tips in Malayalam