കാമുകി ആയിരിക്കാനാണ് കൂടുതൽ ഫ്രീഡം !

കോളജിൽ പഠിക്കുമ്പോൾ ഞാനന്ന് ആർട്സ് ഫെസ്റ്റിന് ഒരുപാട്ടു പാടിയത് ഓർമയുണ്ടോ ? അതിൽ എവിടെയോ നിന്റെ പേരുണ്ടായിരുന്നു എന്നു പറഞ്ഞ് ബാച്ച്മേറ്റ്സ് എന്നെ കുറെ കളിയാക്കി...

ഇന്ദുവിന് അന്ന് ഒരു നുണക്കുഴിയുണ്ടായിരുന്നില്ലേ.. ?

ഇന്ദു ചന്ദ്രമോഹൻ കവിളിലെ നാൽക്കവലയിൽ സ്റ്റക്കായി...:  ബാലു അതൊക്കെ ഓർമിക്കുന്നുണ്ടോ ? ഞാൻ തന്നെ മറന്നു.. !

ബാലു പറഞ്ഞു..: ഇന്നു കണ്ടപ്പോൾ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതാണ്.. !

നുണക്കുഴികളൊക്കെ കുറെക്കഴിയുമ്പോൾ നികന്നു പോകും. 

അതെപ്പോൾ ? 

ഇന്ദു പറഞ്ഞു..: നുണ പറയേണ്ടാത്ത പ്രായം വരുമ്പോൾ..

നുണ പറയേണ്ടാത്ത പ്രായം. അതെന്നു വരുമെന്ന് ബാലു ആലോചിക്കാൻ തുടങ്ങി. ഓരോ പ്രായത്തിൽ ഓരോരുത്തരോട് നുണ പറയുന്നു.  മുലകുടിക്കുമ്പോൾ അമ്മയോട്, സ്കൂളിൽ പോകുമ്പോൾ അച്ഛനോട്, കെട്ടിപ്പിടിക്കുമ്പോൾ കൂട്ടുകാരിയോട്, രാത്രി വൈകി വീട്ടിൽ വരുമ്പോൾ ഭാര്യയോട്, വിവാഹം കഴിച്ചു വിടുമ്പോൾ മകളോട്, മകന്റെ സംരക്ഷണയിലാകുമ്പോൾ അവന്റെ ഭാര്യയോട്, അതും കഴിഞ്ഞാൽ ഡോക്ടറോട്.. അങ്ങനെ നുണപറഞ്ഞുകൊണ്ടിരിക്കെ ഒരാൾ വന്നു തോളിൽപ്പിടിച്ചു പറയും... പോകാം. 

എങ്ങോട്ടെന്നു ചോദിച്ചാൽ അയാളും പറയും ഒരു നുണ. 

ഇന്ദു ചോദിച്ചു..: ബാലു എന്താ ആലോചിക്കുന്നത് ?

മരണത്തെപ്പറ്റി എന്നു പറഞ്ഞില്ല.  പെട്ടെന്നു പറയാൻ തോന്നിയത് ഒരു നുണയാണ്... ഞാൻ ആലോചിക്കുകയായിരുന്നു.. നമ്മൾ കണ്ടിട്ട് എത്ര നാളായി എന്ന്.. !

ഇന്ദു പറഞ്ഞു..: നുണ ! 

എങ്ങനെ മനസ്സിലായിയെന്ന് ചോദിക്കുന്നതിനു മുമ്പേ ഇന്ദു വിശദീകരിച്ചു..: എന്റെ ഭർത്താവ് നുണ പറയുമ്പോൾ കൺപീലികൾ ചെറുതായി ഇളകും. സെയിം സംഭവം ഇപ്പോൾ ബാലുവിന്റെ മുഖത്തും ഉണ്ടായി. ശരീരം നമ്മളറിയാതെ നമ്മളെ ഒറ്റിക്കൊടുക്കുന്നുണ്ട് ! 

ബാലു ചോദിച്ചു..:  ഇന്ദു നുണ പറയുമ്പോളോ?

അവൾ പറഞ്ഞു...:  ഞാനെന്നല്ല, ലോകത്ത് എല്ലാ പെൺകുട്ടികൾ നുണ പറയുമ്പോഴും അവരുടെ ഒരു മുടിയിഴ നരയ്ക്കാൻ തുടങ്ങും. സത്യം പറയുമ്പോൾ അതു വീണ്ടും കറുക്കും.. 

ബാലു ചിരിച്ചു..: പുളു.. !

അവൾ പറഞ്ഞു...: സത്യമാണോയെന്നറിയാൻ വീട്ടിൽപ്പോയി ഭാര്യയുടെ മുടി പരിശോധിച്ചു നോക്കിക്കോളൂ..

ഡോ. ശ്രീലതാ തമ്പി.. അതാണ് അയാളുടെ ഭാര്യയുടെ പേര്. ഗൈനക്കോളജിസ്റ്റാണ്.  ബാലു ആലോചിച്ചു.  ഭാര്യ ഓരോന്നു പറയുമ്പോളും അവളുടെ മുടിയിഴകളിൽ‌ പരതി നോക്കുന്നു, കറുപ്പെത്ര, വെളുപ്പെത്ര ?!.. കറുപ്പിന്റെ കാട്, അതിൽ വെളുപ്പിന്റെ അഞ്ചാറ് ഉണക്കമരങ്ങൾ..  അവ കണ്ടെത്താമെങ്കിലും ഇപ്പോൾ വെളുത്തതോ അതോ നേരത്തെ വെളുത്തതോ എന്ന് ആരോടു ചോദിക്കും !

ബാലു പറഞ്ഞു..: പെണ്ണുങ്ങൾ നുണ പറഞ്ഞാൽ കണ്ടെത്താൻ എളുപ്പമല്ല !

ഇന്ദു ചിരിച്ചു.. 

ഇന്ദുവിന്റെ മുടികൾക്ക് പാർക്കർ പേനയിലെ മഷിയുടെ കറുപ്പുണ്ടെന്ന് അയാൾക്കു തോന്നി. 

അയാൾ മെല്ലെ ഓർമകളിലൂടെ പിന്നോട്ടു നടന്നു... പത്താംക്ളാസിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള ലിറ്റററി പീരിയഡിൽ ചന്ദ്രമതി ടീച്ചർ ചോദിച്ചത്.. ബാലചന്ദ്രന്റെ മൂക്കിലെങ്ങനെയാ മഷി പറ്റിയത് ?

അപ്പോഴാണ് എല്ലാവരും അതു ശ്രദ്ധിച്ചത്. ബാലചന്ദ്രന്റെ മൂക്കിന്റെ തുമ്പത്ത് അർധചന്ദ്രാകൃതിയിൽ കറുത്ത മഷിപ്പാട്. 

ടീച്ചർ പറഞ്ഞു..:  പാർക്കർ പേന ഉപയോഗിക്കുന്നവർ എഴുന്നേറ്റു നിൽക്കൂ..

രണ്ടുപേർ മാത്രം.. ജേക്കബ് ഫിലിപ്പും ഇന്ദു ചന്ദ്രമോഹനും. ജേക്കബ് ഫിലിപ് അന്ന് ആബ്സെന്റായിരുന്നു. 

ഇന്ദുവിനോടു ടീച്ചറുടെ ചോദ്യം..: കൈയിൽ മഷിപറ്റിയാൽ നീ മുടിയിൽ തുടയ്ക്കുന്ന കാര്യം ഇവന് അറിയില്ലേ.. ?

ശംഖുമുംഖത്തെ കടൽക്കാറ്റിൽ ഇന്ദുവിന്റെ മുടിയിഴകൾ പാറുന്നുണ്ടായിരുന്നു.  കാറ്റു വന്ന് അവളുടെ മുടിയിഴകളിലെ വെളുപ്പും കറുപ്പും തിരയുന്നതുപോലെ അയാൾക്കു തോന്നി.  മുടിയിഴകളിലൂടെ വിരലോടിച്ച് അവിടവിടെ ചില വെള്ളിയിഴകൾ തിരഞ്ഞുപിടിച്ച് പുറത്തെടുത്തിട്ട് അതുകണ്ട് ചിരിച്ചു മദിച്ച്  കാറ്റ് കടലിലേക്കു പോകുന്നു. പിന്നെയും വരുന്നു. 

ഇന്ദു ചോദിച്ചു..:  ബാലു.. അന്നെന്നെ പ്രപ്പോസ് ചെയ്തത് ഓർമയുണ്ടോ? 

ഉണ്ട്.  അന്ന് എനിക്ക് ഡൈജസ്റ്റ് ചെയ്യാൻ പറ്റാത്ത എന്തോ മറുപടിയും ഇന്ദു പറഞ്ഞു.

അതെ, പഠിക്കാനുണ്ടെന്ന്.  പ്രണയമൊക്കെ പഠനത്തെ ബാധിക്കുമെന്ന് ഞാൻ അന്നു വിചാരിച്ചിരുന്നു. സീരിയസ്‍ലി..

സത്യത്തിൽ അത് ഒരു മണ്ടൻ തോട്ട് അല്ലേ.. ?

ആണോ ?

അല്ലേ.. എന്ന് ചോദിച്ച് ബാലു പെട്ടെന്ന് ഇന്ദുവിന്റെ കൈയിൽ പിടിച്ചു.

അവൾ പറഞ്ഞു...:  ഇങ്ങനെ തൊടണ്ടെന്നു തോന്നുന്നു. 

സോറി... ബാലു  കൈവലിച്ചു. 

എത്ര മുതിർന്നാലും ഉള്ളിൽ എവിടെയോ ഒരു കുട്ടി ഒളിച്ചിരിപ്പുണ്ട് എന്നു ബാലുവിനു തോന്നി. നാരങ്ങാവെള്ളം, പഞ്ചസാര, തീയ്, സാരിപ്പാവാട, വളയിട്ട കൈ ഒക്കെ കാണുമ്പോൾ അവൻ പുറത്തു ചാടുന്നു. കൈനീട്ടുന്നു.. തൊടുന്നു..

ഇന്ദു ചോദിച്ചു..:  പ്രണയിച്ചു വിവാഹം കഴിക്കാൻ പറ്റാതെ പോയതിൽ സങ്കടമുള്ളവർ മക്കളെ പ്രണയിക്കുന്നതിൽ നിന്ന് വിലക്കുന്നത് എന്തിനാണ്?

ബാലു പറയാൻ തുടങ്ങി..:  കോളജിൽ പഠിക്കുമ്പോൾ ഞാനന്ന് ആർട്സ് ഫെസ്റ്റിന് ഒരുപാട്ടു പാടിയത് ഓർമയുണ്ടോ ? അതിൽ എവിടെയോ നിന്റെ പേരുണ്ടായിരുന്നു എന്നു പറഞ്ഞ് ബാച്ച്മേറ്റ്സ് എന്നെ കുറെ കളിയാക്കി. ടോയ്ലെറ്റിലൊക്കെ നമ്മുടെ പേര് എഴുതി വച്ചിരുന്നു.

അത്രയൊക്കെ സംഭവിച്ചോ ? പാട്ട് എനിക്ക് ഓർമയില്ല. ഞാൻ ശ്രദ്ധിച്ചില്ല എന്നായി ഇന്ദു. 

അതുപോട്ടെ, ദാസേട്ടനും എംജി ശ്രീകുമാറും ഒരുമിച്ച് പാടാൻ വന്നത് ഓർമയുണ്ടോ ? ദാസേട്ടൻ പ്രഭാമയം എന്ന പാട്ടു പാടിയത്.

പ്രഭാമയം അല്ല.. വികാരനൗകയാണ് പാടിയത്.

അല്ല..

ആണ്..

ആണല്ല പെണ്ണ് എന്നു പറഞ്ഞു ബാലു വീണ്ടും ഇന്ദുവിന്റെ കൈയിൽ പിടിച്ചു. കൈകൾ എതിർത്തില്ല. വളകൾ മെരുങ്ങി.

ബാലു ചോദിച്ചു..: ഞാൻ വിളിച്ചു ചോദിക്കട്ടെ.

ആരോട് ?

ദാസേട്ടനോട്.. പുള്ളീടെ നമ്പർ എന്റെ കൈയിലുണ്ട്. 

പിന്നെ ഇതൊക്കെ ഓർത്തിരിക്കലല്ലേ പുള്ളിയുടെ ജോലി. ചുമ്മാ ചമ്മണ്ട.

ബാലു ആരെയോ ഡയൽ ചെയ്തു.  ബെല്ല് ഒരു പാട്ടായി വന്ന് പാതിയിൽ നിർത്തി. ആരും ഫോൺ എടുത്തില്ല. 

ബാലു ശരിക്കും ചമ്മി. അയാൾ പറഞ്ഞു..: ദാസേട്ടൻ റെക്കോർഡിങ്ങിലായിരിക്കും. റെക്കോർഡിങ് സമയത്ത് പ്രഭച്ചേച്ചി വിളിച്ചാൽപ്പോലും പുള്ളി എടുക്കുവേല..

ഇന്ദുവിനു ചിരി വന്നു..: ഇത്രയും ഫെയ്മസായ സിങ്ങർ പാടുന്ന സമയത്ത് അയാളുടെ വൈഫ് ഡിസ്റ്റർബ് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. 

ഇന്ദുവിന് അതെങ്ങനെ അറിയാം എന്നായി ബാലു. 

ഭാര്യയാകുന്നതോടെ ഒരു സ്ത്രീക്ക് അത്തരം സ്വാതന്ത്ര്യങ്ങൾക്കുള്ള അവസരങ്ങൾ കുറഞ്ഞു വരുന്നു.  കാമുകി ആയിരിക്കുന്നതാണ് സ്ത്രീകൾക്ക് കൂടുതൽ ഫ്രീഡം.  

ബാലു പറഞ്ഞു..:  ദാസേട്ടൻ ഫോൺ എടുത്തിരുന്നെങ്കിൽ ഞാൻ ഇന്ദുവിനെ പരിചയപ്പെടുത്തുമായിരുന്നു.

ആരാണെന്നു ചോദിച്ചാൽ എന്തു പറയും? എന്നായി ഇന്ദുവിന്റെ കൗതുകം.

ബാലു അവിടെ സ്റ്റക്കായി... എന്തു പറയും !

പരാജയപ്പെട്ട പ്രണയത്തിലെ നായികയെ നിർവചിക്കാൻ പറ്റിയ പദങ്ങൾ ലഭ്യമല്ല. പണ്ടത്തെ കാമുകി എന്നു പരിചയപ്പെടുത്തുന്നത് സാങ്കേതികമായി ശരിയല്ല. പ്രണയത്തിൽ ഭൂതവും ഭാവിയും ഇല്ല. വർത്തമാനം മാത്രം. നിർത്താതെ തുടരുന്ന വർത്തമാനം. 

ഇന്ദു ചോദിച്ചു..: ഏതാണ്ട്  തേർട്ടി ഈയേഴ്സ് ആയില്ലേ.. ? നമ്മൾ കോളജ് വിട്ടിട്ട് ?

യെസ്.. 

ഇന്ദു ചോദിച്ചു..:  അന്നു ഞാൻ വിവാഹത്തിന് സമ്മതിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു ?

ഇപ്പോഴത്തെ നമ്മുടെ ജീവിതത്തിൽ അക്കാര്യം ഡിസ്കസ് ചെയ്യുന്നതിൽ പ്രത്യേകിച്ച് റെലവൻസ് ഇല്ല.. എന്നായി ബാലു. 

കടൽ വന്ന് അവളുടെ കാലിൽ തൊടാൻ തുടങ്ങി.

ഇന്ദു ചോദിച്ചു..: ഒരാൾക്ക് മനസ്സിൽ പ്രണയം എത്ര വയസ്സുവരെയുണ്ടാകും ?

ബാലു പറഞ്ഞു..:  സ്വപ്നം കാണാനുള്ള കഴിവു നഷ്ടപ്പെടുന്നതുവരെ.. 

തിരിച്ചുപോകാൻ നേരം ഇന്ദു ചോദിച്ചു..: സത്യത്തിൽ എന്തിനാണ് എന്നോട് ഇവിടെ വച്ചു കാണാമെന്ന് ബാലു പറഞ്ഞത്..?

വെറുതെ എന്നു പറയാനാണ് എനിക്കിഷ്ടം.

ഇന്ദു പറഞ്ഞു..: അതു നുണ..

എന്റെ കൺപിലീകൾ ഇപ്പോൾ ഇളകിയോ ഇന്ദൂ..  

സത്യത്തിൽ ഞാൻ നോക്കിയില്ല.

ബാലു പറഞ്ഞു..: അതും നുണ !

എന്നിട്ട്.. അവളുടെ വിരലുകളിൽ മുറുകെപ്പിടിച്ച് അയാൾ അവളെ ചെറുതായി വേദനിപ്പിച്ചു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam