അന്നക്കുട്ടി വിളയാട്ടം !

ഒരു കവിളിൽ അടിച്ചാൽ നീ മറ്റെ കവിളും കാണിച്ചു കൊടുക്കണമെന്ന് ഫാ. ജോണി സക്കറിയ പറയുമ്പോൾ അജയ് ആലോചിച്ചത് ഇങ്ങനെയായിരുന്നു. – ഒരു കവിളിൽ ഉമ്മ വച്ചാൽ അന്നക്കുട്ടീ നീ മറ്റെ കവിളും എനിക്കു കാണിച്ചു തരണം !

അന്നക്കുട്ടി ജോൺ അതായിരുന്നു അജയിന്റെ കാമുകിയുടെ പേര്. ഞാലിപ്പൂവൻ വാഴക്കൂമ്പ് പോലെ ഒരു ഡിഗ്രിക്കാരി. 

അജയ് ഫിലിപ്പ് കൊട്ടാരത്തിൽ‌ എന്ന കാമുകനും ഫാ. ജോണി സക്കറിയ എന്ന യുവ വൈദികനും കോളജ് ഹോസ്റ്റലിൽ ഒരേ മുറിയിലാണ് താമസം. രണ്ടുപേരും പിജി വിദ്യാർഥികൾ. ജോണിയച്ചൻ വൈദിക പഠനത്തിനു ശേഷം ഇംഗ്ളീഷിൽ മാസ്റ്റർ ബിരുദമെടുക്കാൻ കോളജിൽ ചേർന്നതാണ്. 

വഴിയും വെളിച്ചവും അവളാണെന്നു കരുതിയ അജയ് ഫിലിപ്പും അവനാണെന്ന് വിശ്വസിച്ച ഫാ. ജോണി സക്കറിയയും വെള്ളയപ്പവും വീഞ്ഞും പോലെ നല്ല ചേർച്ചയോടെ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞു !

അജയിനെക്കാൾ ഒരു ക്ളാസും ഒരു നിലയും താഴെയാണ് അന്നക്കുട്ടി പഠിച്ചു വന്നത്. 

ഒരു ദിവസം സന്ധ്യയ്ക്ക് ജോണിയച്ചൻ കർത്താവിന്റെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി കൊളുത്തി ജീവനാഥാ എന്ന പ്രാർഥനാ ഗാനം പാടുകയായിരുന്നു. മെഴുകുതിരിനാളം പാട്ടിനൊപ്പിച്ച് മെല്ലെ മെല്ലെ പാശ്ചാത്യനൃത്തം ചെയ്യാൻ തുടങ്ങി. 

അജയ് പറഞ്ഞു.. മെഴുകുതിരികളുടെ നൃത്തം കാണുമ്പോൾ അവൾ കോളജ് ഓഡിറ്റോറിയത്തിന്റെ പടികൾ ഓടിയിറങ്ങുന്നത് എനിക്ക് ഓർമ വരുന്നു. അന്നക്കുട്ടി എന്തു നല്ല പേരാണച്ചോ...അവളുടെ പേര് !

ജോണിയച്ചൻ പറഞ്ഞു.. അതെ, അന്ന, ദൈവമാതാവ് മറിയത്തിന്റെ അമ്മയുടെ പേരാണല്ലോ അജീ..

മഞ്ഞുകാലങ്ങളിൽ അതിരാവിലെ അവളെ കണ്ടാൽ‌ വിശുദ്ധമായ ഒരു സന്തോഷം തോന്നും അച്ചോ.. 

പുലർകാലങ്ങളിൽ പ്രകൃതി വിശുദ്ധമായി കാണപ്പെടാറുണ്ട്. എല്ലാ ജീവജാലങ്ങളും രാവിലെ പാലും രാത്രിയിൽ വീഞ്ഞുമാണ് അജീ...

അന്നക്കുട്ടിയെക്കുറിച്ച് ഞാനെഴുതിയ കവിത അച്ചനു കേൾക്കണോ എന്നു ചോദിച്ചിട്ട് അജയ് പാടാൻ തുടങ്ങി.

പ്രണയകാലങ്ങളിൽ പ്രിയതമേ നിന്നെ

അരികിലായി ഞാൻ ചേർത്തു നിർത്തുന്നതും

മഴ വരുന്നതും കാത്തു നിൽക്കെ നമ്മൾ

ചെറുകുളിർ കാറ്റിൽ‌ അലകളാവുന്നതും... 

ഫാ. ജോണി സക്കറിയ ഒരു നിമിഷം ആകാശത്തേക്കു നോക്കിയിട്ടു പറഞ്ഞു.. അജീ, നീയെഴുതിയ ആ കവിത ഒരു വരി മാറ്റി ഞാൻ വിശുദ്ധമാക്കട്ടെ..

അച്ചൻ പാടി...

ദുരിതകാലങ്ങളിൽ പ്രിയതമൻ നിന്നെ

അരികിലായൊട്ടു ചേർത്തു നിർത്തുന്നതും

അലിവു പെയ്തുനിൻ ഹൃദയത്തിലാകവേ 

അമൃത സംഗീത ധാരയാവുന്നതും... 

അജയ് പറഞ്ഞു.. അച്ചോ, വല്ലാത്ത ചതിയായിപ്പോയി. ഇതിപ്പോൾ സോഡയുടെ ഗ്യാസ് കളഞ്ഞു പച്ചവെള്ളമാക്കിയതുപോലെ ! 

ജോണിയച്ചൻ മെല്ലെ അവന്റെ കൈ പിടിച്ചു... അജീ, നീ സോഡയെപ്പറ്റി ആലോചിക്കരുത് ! പാലിനെയും വീഞ്ഞിനെയുംപറ്റി ആലോചിക്കൂ.. 

അജയ് പറഞ്ഞു.. ഞായറാഴ്ച രാവിലെ കുർബാന കൂടാൻ പള്ളിയിൽ വരുമ്പോൾ അവളുടെ സ്കാർഫിന് പാലിന്റെ നിറമാണച്ചോ.. ! അവളുടെ കവിളുകൾ വീഞ്ഞാകാൻ വിരൽ കൊണ്ടൊന്നു തൊട്ടാൽ മാത്രം മതിയച്ചോ.. !

ജോണിയച്ചനു ദേഷ്യം വന്നു... പള്ളിയിൽ വരുന്ന വിശ്വാസികളായ എല്ലാ വനിതകളും വെളുത്ത സ്കാർഫ് ആണല്ലോ ഉപയോഗിക്കുന്നത്. നന്നായി നനച്ച് ഉപയോഗിച്ചാൽ നല്ല വെളുത്ത നിറം വരും ! 

അജയ് പറഞ്ഞു.. അച്ചോ, എനിക്കു ദേഷ്യം വരുന്നുണ്ട്. കടൽ കാണുമ്പോൾ അച്ചൻ നോഹയുടെ പെട്ടകം ഓർമിക്കും. ഞാൻ ടൈറ്റാനിക്കിലെ പാട്ടുസീനും !

സത്യം പറ‍ഞ്ഞാൽ അജയ് ഫിലിപ്പിന്റെ മാതാപിതാക്കൾ അവനെ ജോണിയച്ചന്റെ മുറിയിൽത്തന്നെ താമസിപ്പിക്കണമെന്ന് തീരുമാനിച്ചത് അവന്റെ കുടി നിർത്താനാണ്. സ്ഫടിക ഗ്ളാസിൽ വിദേശ മദ്യം നിറച്ച് മഴയിലേക്കു നീട്ടുന്നതായിരുന്നു അവന്റെ ഹോബി. സോഡയ്ക്കു പകരം മഴത്തുള്ളി ! 

അജയ് കുടി നിർത്തിയത് അച്ചന്റെ മുറിയിൽ താമസം തുടങ്ങിയതോടെയാണ്.

ഡിസംബർ വന്നു വിളക്കുകൾ തൂക്കാൻ തുടങ്ങി. ക്രിസ്മസ് പരീക്ഷയ്ക്കുമുമ്പ് ഒരു ദിവസം രാത്രിയിൽ പഠിച്ചു പഠിച്ചു മടുത്തപ്പോൾ ജോണിയച്ചനും അജയും ഹോസ്റ്റലിന്റെ മതിൽ ചാടി വെറുതെ നടക്കാനിറങ്ങി.

മുൻപേ നടന്നവർ പാടി നിർത്തിയ കാരൾ ഗാനങ്ങൾ പിന്നാലെ വരുന്നവരുടെ ചുണ്ടുകൾതേടി തെരുവുകളിലൂടെ അലയുന്നുണ്ടായിരുന്നു.

വെളുത്ത പെയിന്റടിച്ച രണ്ടു നിലയുള്ള ഒരു വീടിന്റെ മുന്നിൽ എത്തിയപ്പോൾ അജയ് ജോണിയച്ചന്റെ കൈയിൽ പിടിച്ചു... എന്റെ അന്നക്കുട്ടി ഈ വീട്ടിലുണ്ട് അച്ചോ..

അച്ചൻ നോക്കി.. ഗേറ്റിൽ ഗ്രേസ് വില്ല എന്നെഴുതിയ കൂറ്റൻ വീട്. രണ്ടോ മൂന്നോ നിറങ്ങളിൽ പൂത്ത ബൊഗെയ്ൻ വില്ലച്ചെടികൾ വരിവരിയായി നിന്ന് അച്ചന്റെ നേരെ തലകുനിച്ചു.

അച്ചൻ അവയെ പ്രത്യഭിവാദ്യം ചെയ്തു.. ആമേൻ !

വീടിന്റെ രണ്ടാംനിലയിലെ ബാൽക്കണിയിൽ വിളക്കു തെളിഞ്ഞു. മാലാഖമാർ അണിയുന്ന നീളൻ പഞ്ഞിക്കുപ്പായമിട്ട് അന്നക്കുട്ടി ബാൽക്കണിയിലേക്ക് ഇറങ്ങി വന്നു. 

അജയ് മദ്യം നുണഞ്ഞ മഴത്തുള്ളി പോലെ തുള്ളിച്ചാടാൻ തുടങ്ങി. അവൻ ചോദിച്ചു.. . അച്ചോ, ആ നിൽക്കുന്ന അന്നക്കുട്ടിയെക്കുറിച്ച് എന്താണ് അഭിപ്രായം ?

ജോണിയച്ചൻ ചോദിച്ചു.. നമ്മൾ വരുന്ന സമയം അവളെങ്ങനെയാ ഇത്ര കൃത്യമായി അറിഞ്ഞത് ?

ഞാൻ അവൾക്കൊരു വാട്സാപ് അയച്ചു. പ്രണയവും സഹനവും ഈ രാത്രിയിൽ നടക്കാനിറങ്ങുമെന്ന്...!

അവൾ എന്തു മറുപടി തന്നു.. ?

അത് അച്ചനോടു പറയാൻ ചമ്മലാണച്ചോ എന്നു പറഞ്ഞ് അജയ് ജോണിയച്ചന്റെ കൈകളിൽ മെല്ലെ ചുംബിച്ചു.. ബാൽക്കണിയിൽ നിന്ന് അവളതു കാണുന്നുണ്ടായിരുന്നു. 

അജയിന്റെയും അന്നക്കുട്ടിയുടെയും പ്രണയം ജനുവരിയും ഫെബ്രുവരിയും കടന്ന് മാർച്ചിലെ പരീക്ഷയ്ക്ക് തയാറെടുത്തു തുടങ്ങി. പകലിനും രാത്രിക്കും പതിവിലും നീളം കൂടി. 

ഒരു ഞായറാഴ്ച ഉച്ചയ്ക്ക് അജയിന്റെ വാട്സാപ്പിലേക്ക് അന്നക്കുട്ടി വെപ്രാളത്തോടെ ഓടിവന്നു... അജീ, നീ വേഗം രക്ഷപ്പെട്ടോ.. എന്റെ ചേട്ടന്മാർ നിന്നെ തല്ലാൻ വരുന്നുണ്ട്.

കുറെ നാളായി അന്നക്കുട്ടിയുടെ വീട്ടിലെ നായക്കുട്ടി മുതൽ സകലരും തന്നെ നോട്ടമിട്ടിരിക്കുകയാണെന്ന് അജയിന് അറിയാം. പക്ഷേ പെട്ടെന്നൊരു പ്രകോപനത്തിന്റെ കാരണം അവനു പിടികിട്ടിയില്ല.

അന്നക്കുട്ടി പറ‍ഞ്ഞു.. നീ ഇന്നലെ രാത്രീല് അയച്ച വാട്സാപ് മെസേജ് ‍ഡെലീറ്റ് ചെയ്യാൻ മറന്നുപോയി.. മൂത്ത ചേട്ടായി അതു കണ്ടു പിടിച്ചു. 

അന്നക്കുട്ടിയുടെ വീട്ടിൽ നിന്ന് കോളജ് ഹോസ്റ്റലിലേക്ക് നാലു കിലോമീറ്റർ. ബുളളറ്റിലാണ് വരവ്. ചേട്ടന്മാർ പറന്നെത്തും..

അജയ് ഹോസ്റ്റൽ മുറിയിൽ നിന്ന് ബാൽക്കണിയിലേക്ക് ഓടി വന്നു. പാർക്കിങ്ങിലേക്ക് പാ‍‍ഞ്ഞുവന്നത് മൂന്നു ബുള്ളറ്റുകൾ. സെക്യൂരിറ്റിക്കാരനെ കടലാസുപോലെ ചുരുട്ടി ചവറ്റു കൊട്ടയിൽ‌ എറിഞ്ഞിട്ട് ആറുപേർ സ്റ്റെപ്പുകൾ ഓടിക്കയറാൻ തുടങ്ങുന്നത് അവൻ കണ്ടു.

അജയ് മുറിയിലേക്ക് ഓടി. ജോണിയച്ചൻ കുളിക്കുകയാണ്. വെള്ളത്തിന്റെ ജപമണികൾ കൊണ്ട് കുളിമുറി പ്രാർഥന ചൊല്ലുന്നതു കേൾക്കാമായിരുന്നു. 

അജയ് കട്ടിലിൽ കിടന്ന ജോണിയച്ചന്റെ വെളുത്ത നീളൻ ളോഹ എടുത്ത് ധരിച്ചു. കണ്ണാടിയിൽ നോക്കി. ഒരു ഗൗരവത്തിന്റെ കുറവുണ്ട്. ജോണിയച്ചന്റെ കറുത്ത ഫ്രെയിമുള്ള കണ്ണട കൂടി വച്ചു. ഇപ്പോൾ കറക്ട് ലുക്കാണ് !

പിന്നെ അവൻ മെല്ലെ മുറിക്കു പുറത്തിറങ്ങി. ശാന്തമായ കാൽവയ്പുകളോടെ അജയ് ഫിലിപ് പുറത്തേക്കു നടന്നു. 

പടവുകൾ ഓടിക്കയറി വന്നവർ എതിരെ വരുന്ന യുവവൈദികനെ കണ്ടു സ്റ്റക്കായി. അവർ ചോദിച്ചു.. അച്ചോ, അവൻ മുറിയിലുണ്ടോ ?

അജയ് പറഞ്ഞു.. അക്രമം ഒന്നിനും പരിഹാരമല്ല മക്കളേ, സമാധാനമല്ലേ നല്ലത്.. !

അതു ശ്രദ്ധിക്കാതെ അവർ ഹോസ്റ്റലിനുള്ളിലേക്ക് ഓടിപ്പോകുന്നത് അജയ് കണ്ടു. 

പിറ്റേന്നു രാവിലെ അജയ് മടിച്ചു മടിച്ചു ഹോസ്റ്റൽ മുറിയിലേക്കു തിരിച്ചു വരുമ്പോൾ ജോണിയച്ചൻ കൂളായി വരാന്തയിലൂടെ പാട്ടുംപാടിക്കൊണ്ട് നടക്കുകയായിരുന്നു... 

അച്ചൻ പറഞ്ഞു.. അജീ, ഞാൻ ആ പ്രശ്നം എന്നത്തേക്കുമായി സോൾ‌വ് ചെയ്തു. നിന്നെ ഇനി അവരൊന്നും ചെയ്യില്ല. 

അജയിന് ഒന്നും പിടികിട്ടിയില്ല. 

അച്ചൻ വിശദീകരിച്ചു.. നീയാണെന്നു വിചാരിച്ച് അവര് എന്നെ തല്ലാൻ വന്നു. അന്നക്കുട്ടിയെ ഇനി കാണില്ല, സംസാരിക്കില്ല, മെസേജ് അയയ്ക്കില്ല, എതിരെ വന്നാൽ മൈൻഡ് ചെയ്യുക പോലുമില്ല ! ഇങ്ങനെ ഒരു പേപ്പറിൽ എഴുതി നിന്റെ ഒപ്പും ഇട്ടുകൊടുത്തു.. !

അജയ് ഞെട്ടി.. അച്ചന്റെ കവിളിൽ അടിക്കാൻ വന്നപ്പോൾ എന്റെ കവിളു കാണിച്ചു കൊടുത്തതുപോലെയായിപ്പോയി ! 

അച്ചൻ ചിരിച്ചു.. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്നല്ലേ അജീ... !

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam