കല്യാണി..നീ കളവാണി..

മേഘമലയിലേക്കുള്ള യാത്രയുടെ വിവരം മാധവനും കല്യാണിയും രഹസ്യമാക്കി വച്ചു. 

നാലു ദിവസത്തേക്ക് റേഞ്ച് ഔട്ടായിരിക്കുമെന്നു മാത്രം മാധവൻ ഫ്രണ്ട്സിനോടു പറഞ്ഞിരുന്നു. 

കല്യാണി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. ഹോസ്റ്റലിൽ ചോദിച്ചവരോട് അമ്മാവന്റെ മകൾ എൻഗേജ്ഡ് ആണെന്നു പറഞ്ഞു. വായിൽ ഒരു ചോക്ലേറ്റ് ഇട്ട് പറഞ്ഞതുകൊണ്ട് കേട്ടവർ എൻഗേജ്മെന്റ് എന്നു കരുതുകയും ചെയ്തു.

പശ്ചിമ ഘട്ടത്തിലെ മഴവില്ലുകളുടെയെല്ലാം ഒരറ്റം തുടങ്ങുന്നത് മേഘമലയിൽ നിന്നാണ്. 

ഒട്ടകത്തലമേട് ബേസ് സ്റ്റേഷനാണ്. കുറെ മെല്ലിച്ച കുതിരകൾ അലഞ്ഞു നടക്കുന്ന ഒരു ഇടത്തരം ടൂറിസം സ്പോട്ട്.  വന്നിറങ്ങുമ്പോഴേ ചാടിവീഴുന്നത് കടല വിൽക്കുന്ന പയ്യന്മാരാണ്.  കല്യാണം കഴിച്ചവരെയും അല്ലാത്തവരെയും തിരിച്ചറിയാൻ അവന്മാർക്കു പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടെന്ന് നോട്ടംകണ്ടപ്പോൾ കല്യാണിക്കു തോന്നി.  ടൂറിസം കേന്ദ്രങ്ങളിൽ കറങ്ങി നടക്കുന്ന എല്ലാവരും ഇത്തരം അപൂർവമായ സിദ്ധികളുള്ളവരാണെന്ന് മാധവൻ അവളെ സമാധാനിപ്പിച്ചു. 

ഹീറോ, ഹെർക്കുലീസ്, അക്കില്ലസ് എന്നൊക്കെ പേരിട്ട കുറെ കുതിരകൾ പ്രത്യേകിച്ച് ഒരു വികാരവുമില്ലാതെ ഉണങ്ങിയ പുല്ലു തിന്നു നടക്കുന്ന സ്ഥലമാണ് ഒട്ടകത്തലമേട്. അവിടം വരെ ബസ് ചെല്ലും. അവിടെ നിന്ന് ജീപ്പ് മേഘമല കയറാൻ തുടങ്ങുന്നു.   

മേഘമലയുടെ തുമ്പത്താണ് മാധവനും കല്യാണിക്കും ഒളിച്ചു താമസിക്കാൻ തിരഞ്ഞെടുത്ത റിസോർട്ട്.  വായുവിൽ ഏറ്റവും ഉയരത്തിൽ പറക്കുന്ന ജനുസ്സിൽപ്പെട്ട ചിത്രശലഭത്തിന്റെ ജാപ്പനീസ് പേരാണ് ആ റിസോർട്ടിന്.  ഒരു സമയം ആറിലധികം പേരെ അവിടെ താമസിപ്പിക്കാറില്ല. 

വള്ളി എന്നു പേരുള്ള ഒരു തമിഴത്തി പെൺകുട്ടിയായിരുന്നു മേഘമലയിലേക്കുള്ള ജീപ്പിന്റെ ഡ്രൈവർ.  പണ്ടത്തെ ബാലചന്ദ്രമേനോനെപ്പോലെ അവൾ ടവ്വൽ മടക്കി തലയിൽകെട്ടി വച്ചിരുന്നു. 

ബോണറ്റിൽനിന്നു ചാടുന്ന കുതിരകളുടെ സ്റ്റീൽ പ്രതിമയുള്ള പഴയ വില്ലീസ് ജീപ്പാണ്. സീറ്റ് ബെൽറ്റിനു പകരം ചതച്ചു മയപ്പെടുത്തിയ ചണം ഉപയോഗിച്ച് യാത്രക്കാരെ സീറ്റിൽ കെട്ടി വച്ചിട്ടാണ് യാത്ര. 

കല്യാണിയാണ് മുൻസീറ്റിൽ കയറിയത്. സീറ്റിൽ കെട്ടിവയ്ക്കുമ്പോൾ ഷോൾഡറുകൾ വേദനിച്ചു, അവൾ വള്ളിയോടു ചൂടായി.. ബി സോഫ്റ്റ്. എനിക്ക് പെയ്ൻ ഉണ്ട്.

വള്ളി പറഞ്ഞു.. എങ്കിൽ നീ ബാക്ക് സീറ്റിൽ ഇരുന്നോളൂ...  ഡ്രൈവ് ചെയ്യുമ്പോൾ പുരുഷന്മാർ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നതാണ് എനിക്കു സന്തോഷം.

എനിക്ക് അത്ര സന്തോഷമില്ലെന്ന് പറഞ്ഞ് കല്യാണി മുന്നിൽത്തന്നെ മുഖം വീർപ്പിച്ച് ഇരുന്നു. 

ജീപ്പ് കുന്നുകയറാൻ തുടങ്ങി.  റിസോർട്ടിലേക്കുള്ള വഴിയിൽ നാലു സ്റ്റോപ്പുകളുണ്ട്. ആദ്യത്തെ സ്ഥലത്ത് പനങ്കള്ളും രണ്ടാമത്തെ സ്ഥലത്ത് കാട്ടുതേനും കുടിക്കാൻ കിട്ടും. മൂന്നാമത്തെ സ്റ്റോപ്പിൽ പഞ്ഞപ്പുല്ലുകൊണ്ടുള്ള അടയാണ്.  നാലാമത്തെ പോയിന്റിൽ കപ്പ പുഴുങ്ങിയതും കാന്താരിമുളകും കിട്ടും.. യാത്രക്കാർക്ക് ഇതിൽ ഏതെങ്കിലും രണ്ടെണ്ണം തിരഞ്ഞെടുക്കാം. നാലെണ്ണവും ഒരുമിച്ച് ടേസ്റ്റ് നോക്കാൻ കൂടി തരില്ല. 

ആദ്യ സ്റ്റോപ്പിൽ കല്യാണി പനങ്കള്ള് സെലക്ട് ചെയ്തപ്പോൾ മാധവനൊന്നു കിടുങ്ങി. അവൾ അതുകൊണ്ട് കയ്യും കാലും മുഖവും കഴുകാനാണ് ഉപയോഗിച്ചത്. ഈയിടെ ഏതോ വിമൻസ് മാഗസിനിൽ വായിച്ചതാണെന്ന് അവൾ പറഞ്ഞു. നല്ല നിറം കിട്ടുമെന്നൊക്കെയായിരുന്നു ആ ആർട്ടിക്കിൾ. അല്ലെങ്കിൽത്തന്നെ അവൾക്കു നല്ല നിറമാണ്. 

കല്യാണി കള്ളുമായി നിൽക്കുന്നത് ആരെങ്കിലും കണ്ടോ എന്നു മാധവൻ നോക്കി. വള്ളി ചിരിച്ചു.. ആരെയും പേടിക്കണ്ട. ഈ റിസോർട്ടിൽ നിങ്ങൾക്ക് പേരുൾപ്പെടെ എന്തും കള്ളം പറയാം. 

കല്യാണി വള്ളിയെ സൂക്ഷിച്ചു നോക്കി. 

അഞ്ചു മണിക്കൂർ വേണ്ടി വന്നു വള്ളിയുടെ ജീപ്പ് മേഘമലയിലെത്താൻ. ടോപ് സ്റ്റേഷനിൽ മഞ്ഞു വീഴാൻ തുടങ്ങിരുന്നു.  ചെറിയ തണുപ്പ്, പുതപ്പുമായി വന്ന് ഉടലിന്റെ അനുവാദം കാത്തു നിന്നു.

കുന്നിൻ ചെരുവിൽ എവിടെയോ നിന്ന് ഒരു ഒറ്റക്കുയിലിന്റെ കൂവൽ പല തവണ കേട്ടു. വള്ളി ആ ഭാഗത്തേക്ക് ഓടിപ്പോകുന്നതു കണ്ടു.

അൽപം കഴിഞ്ഞതോടെ അവിടെ നിന്ന് രണ്ടു കുയിലുകളുടെ ശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ കുയിലും മാറി മാറി കൂവിക്കൊണ്ടേയിരുന്നു. 

സ്വീകരിക്കാൻ വന്ന റിസപ്ഷനിസ്റ്റ് പയ്യനോടു കല്യാണി ചോദിച്ചു.. എന്തിനാ അവൾ ഓടിയത് ?

പയ്യനും കുയിലിനെപ്പോലെ ഒന്നു നീട്ടിക്കൂവി !

പ്രകൃതിയോടു ചേർന്നു നിൽക്കുന്നതായിരുന്നു ആ റിസോർട്ട്. അധികം ആർഭാടങ്ങളൊന്നുമില്ല. ഒന്നോ രണ്ടോ ചെറിയ കെട്ടിടങ്ങൾ. ബാക്കി സ്ഥലം വിശാല മനസ്സുപോലെ തുറന്നു  കിടന്നു.

റിസപ്ഷനിലെ രജിസ്റ്ററിൽ എഴുതാനായി മാധവനോടു പേരു ചോദിച്ച പയ്യനോട് കല്യാണി പറഞ്ഞു.. മായാവി. 18 വയസ്.

പയ്യൻ ഒരു മടിയും കൂടാതെ അതു തന്നെ എഴുതുന്നതു കണ്ടു. 

കല്യാണി ഒരു പണി തന്നതാണെന്ന് മാധവന് മനസ്സിലായി. മായ അവന്റെ പഴയ കാമുകിയുടെ പേരാണ് –  മായ വി. അതായത് മായാ വിശ്വനാഥൻ ! 

അതിന്റെ വാശിക്ക് മാധവൻ കല്യാണിയുടെ പേരും മാറ്റിപ്പറഞ്ഞു.. കെ. കുശുമ്പി. 49.

പയ്യൻ ഒരു സംശയവും ഇല്ലാത്ത മട്ടിൽ അതും രജിസ്റ്ററിൽ എഴുതി. 

കല്യാണി ചോദിച്ചു.. ഏതാ ഞങ്ങളുടെ റൂം ?

പയ്യൻ പറഞ്ഞു.. റൂം റെഡിയായിട്ടില്ല.  കുന്നിൻ മുകളിൽ ടെന്റ് കെട്ടിക്കൊടുക്കുന്നതാണ് ഇവിടത്തെ രീതി. ടെന്റ് കെട്ടുന്ന ജോലിക്കാരൻ ഇന്നു നേരത്തെ ഉറങ്ങാൻ പോയി.  ഇനി നാളെയേ വരൂ.

കല്യാണി കൺഫ്യൂഷനിലായി.. അപ്പോൾ ഇന്നു രാത്രി ഞങ്ങളെന്തു ചെയ്യും ? 

കുന്നിൻ മുകളിൽ എവിടെ വേണമെങ്കിലും കിടന്നുറങ്ങാം. ദേവദാരു മരങ്ങളുടെ ചുവട്ടിൽ മാത്രം കിടക്കരുത്. അവ രാത്രിയിലാണ് പൂക്കുന്നത്. പൂക്കളുടെ മണം തുടർച്ചയായി ശ്വസിച്ചാൽ ചിലപ്പോൾ രണ്ടു മൂന്നും ആഴ്ചകളോളം ബോധമില്ലാതെ കിടന്നുറങ്ങിപ്പോകും. 

മാധവൻ ചോദിച്ചു.. അങ്ങനെ സംഭവിച്ചിട്ടുണ്ടോ ?

ഉണ്ട്. ചെക്കോസ്ളോവാക്യയിൽ നിന്നൊരു കപ്പിൾസ് ഇപ്പോഴും കിടന്നുറങ്ങുന്നുണ്ട്. നാലു ദിവസം കൂടി കഴിഞ്ഞാലേ ഉണരൂ.

കല്യാണി പറഞ്ഞു.. അടിപൊളി !

ദേവദാരു മരങ്ങൾ എങ്ങനെ തിരിച്ചറിയുമെന്നായിരുന്നു മാധവന്റെ ആശങ്ക.

റിസപ്ഷനിസ്റ്റ് പറഞ്ഞു.. ഇരുട്ടിൽ അതത്ര എളുപ്പമല്ല. മരങ്ങൾ നിങ്ങളെ കാണുമ്പോൾ ചില്ലകൾ താഴ്ത്തി അടുത്തേക്കു വിളിക്കും. മൈൻഡ് ചെയ്യാതിരുന്നാൽ മതി.

കല്യാണി ചുറ്റും നോക്കി. ഇരുട്ട് അവിടെയും ഇവിടെയും നിന്ന് ചില മരങ്ങളുടെ രൂപത്തിൽ വിളിക്കുന്നതുപോലെ അവൾക്കു തോന്നി.  അവൾ പറഞ്ഞു..  പോടാ..

ഓപ്പൺ ഏരിയയിൽ ഉറങ്ങുന്നത് സേഫ് ആണോ? ഇവിടെ വൈൽഡ് അനിമൽസ് ഉണ്ടോ ? എന്നൊക്കെ മാധവൻ ചോദിക്കുന്നുണ്ടായിരുന്നു.

റിസപ്ഷനിസ്റ്റ് പറഞ്ഞു..  ഇവിടെ സംസാരം വളരെ കുറവാണ്. ഒരു ദിവസം പരമാവധി 240 വാക്കുകൾ മാത്രമേ ഞങ്ങൾ സ്റ്റാഫ് സംസാരിക്കാറുള്ളൂ. ഇപ്പോൾത്തന്നെ അതിൽ 180 വാക്കുകൾ തീർന്നു കഴിഞ്ഞു.

കല്യാണിക്കു ചിരിവന്നു. അവൾ പറഞ്ഞു.. മാഡി, ഇനി ഒന്നും മിണ്ടണ്ട. പുലി വന്നാൽ രക്ഷിക്കണേ എന്നു വിളിച്ചു കൂവാൻ മൂന്നോ നാലോ വാക്കുകൾ ബാക്കി വേണമല്ലോ.

റിസപ്ഷനിസ്റ്റ് പറഞ്ഞു.. വൈൽഡ് അനിമൽസായി ഇവിടെ പുലി ഇല്ല. അഞ്ചോ ആറോ സ്പീഷിസേയുള്ളൂ.  രമണൻ എന്ന പേരുള്ള ഒരു പാമ്പും അതിന്റെ ഫാമിലിയും. കാട്ടുമയിലിന്റെ പേര്  അരുണിമ. വിക്രമൻ എന്നൊരു കുരങ്ങൻ. രാഗിണിയാണ് പെൺമുയൽ, ഗോപകുമാർ എന്നു പേരുള്ള ഒരു കുതിര. പിന്നെ കുറെ കിളികൾ. അവയ്ക്കു പേരിട്ടു വരുന്നതേയുള്ളൂ. എല്ലാവരെയും സൗകര്യത്തിന് കാവ്യ എന്നു വിളിക്കാം. ഇവയൊന്നും ആരെയും ഉപദ്രവിക്കില്ല. വിരാട് കോലിയെ മാത്രം ഒന്നു ശ്രദ്ധിച്ചേക്കണം. 

കോലിയോ ? 

അവനൊരു മുള്ളൻ പന്നിയാണ്. കോലി എന്നും രാവിലെ കുന്നിന്റെ അറ്റത്തു പോയി താഴ്‍വരയിലേക്ക് മുള്ളുകൾ എയ്തുവിടും. അത് ഫിറ്റ്നെസിനുള്ള വ്യായാമമാണെന്നാണ് അവൻ പറയുന്നത്. സത്യം അതല്ല. അവന്റെ ഇണയെ ഗ്രാമത്തിലെ ഒരു കർഷൻ തോട്ടയെറിഞ്ഞു കൊന്നു. അയാളെ അമ്പെയ്യുന്നതാണ്. ഒരു തവണ പോലും കൊണ്ടിട്ടില്ല.

ഗുഡ്നൈറ്റ് പറഞ്ഞ് റിസപ്ഷനിസ്റ്റ് പോയി. കല്യാണിയും മാധവനും ഉറങ്ങാൻ പറ്റിയ സ്ഥലം തേടി അലഞ്ഞു. പിന്നെ ഉറങ്ങേണ്ടെന്നു തീരുമാനിച്ച് നിലാവുള്ള ഒരിടം നോക്കി പരസ്പരം തോളിൽ ചാരിയിരുന്നു കഥ പറയാൻ തുടങ്ങി. മഞ്ഞ് അവർക്കു ചുറ്റും വെളുത്ത കർട്ടനിട്ടു.

മൃഗങ്ങൾ ഓരോന്നായി വരാൻ തുടങ്ങി. ആദ്യം മയിൽ, പിന്നെ മുയൽ അങ്ങനെ എല്ലാവരും വന്നു. ഓരോ കഥയും തീരുമ്പോൾ മൃഗങ്ങളെല്ലാം കൈയടിച്ചു. മയിൽ ഡാൻസ് ചെയ്തു. വിരാട് കോലി മാത്രം അങ്ങോട്ടു വന്നില്ല. അവൻ ഫിറ്റ്നെസ് പരിശീലനത്തിനു പോയിക്കാണുമെന്ന് വിക്രമൻ പറഞ്ഞു. 

രാത്രിയുടെ മുഖം വെളുക്കാൻ തുടങ്ങി. 

രാവിലെ മുഖത്ത് വെള്ളം വീണപ്പോഴാണ് മാധവൻ ഉണർന്നത്. 

നിലത്തു കിടന്നുറങ്ങുകയായിരുന്നു മാധവനും കല്യാണിയും.  വള്ളിയുണ്ട് മുന്നിൽ നിൽക്കുന്നു. കൈയിലെ പാത്രത്തിൽ നിന്ന് അവൾ വെള്ളം കുടഞ്ഞതാണ്. കല്യാണിക്ക് ആദ്യം സംഭവം പിടികിട്ടിയില്ല. 

വള്ളി പറഞ്ഞു... മന്ദാരത്തിന്റെ ഇലകളിൽ വീണ മഞ്ഞുതുള്ളികളാണിവ. ഇവയിൽ കുളിച്ചാണ് ചിത്രശലഭങ്ങൾക്ക് ഇത്രയും നിറങ്ങൾ വരുന്നത്. 

മാധവൻ ചോദിച്ചു.. എനിക്കു കുളിക്കാൻ കിട്ടുമോ?

വള്ളി ചിരിച്ചു..  കിട്ടും, പക്ഷേ മന്ദാരച്ചെടിയായി ജനിക്കണം. 

ബ്രേക്ക് ഫാസ്റ്റിന് അപ്പവും സ്റ്റൂവും കാട്ടുപൂക്കൾ വാറ്റിയെടുത്ത ജ്യൂസും ആയിരുന്നു. ചുട്ടെടുത്ത കുറെ പഴങ്ങളും കിട്ടി.

വെയിൽ പരന്നതോടെ കല്യാണി മാധവനെയുംകൂട്ടി കുന്നിൻ മുകളിലൂടെ കറങ്ങാനിറങ്ങി. സാരിയുടുത്ത ഒരു റഷ്യക്കാരൻ എതിരെ വന്നു. അയാളുടെ കൂടെ വന്ന സ്ത്രീയുടെ വേഷം കൈലിയും ഷർട്ടുമായിരുന്നു.

ഇവരും ദേവദാരുവിന്റെ ചുവട്ടിൽ ഉറങ്ങിയതാണോ ?

റിസപ്ഷനിസ്റ്റ് പറഞ്ഞു... മറ്റുള്ളവരുടെ കാര്യങ്ങളിൽ കയറി തലയിടരുത്. പ്ളീസ്. 

കല്യാണി ഒന്നു ചമ്മി.

നാലു ദിവസത്തെ വെക്കേഷൻ പെട്ടെന്നു തീർന്നതുപോലെ തോന്നി രണ്ടുപേർക്കും. തിരിച്ചിറങ്ങാൻ ജീപ്പുമായി വള്ളി വന്നു. 

കുന്നിറങ്ങുമ്പോൾ കല്യാണി മാധവനോടു ചോദിച്ചു.. നാലു ദിവസമായി മുങ്ങിയിട്ട്. നീ വീട്ടിൽ എന്തു പറയും ?

മാധവൻ പറഞ്ഞു.. ഞാൻ ഒന്ന് ആലോചിക്കട്ടെ. നീ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ.. 

വള്ളി പറഞ്ഞു.. അതിനിത്ര ആലോചിക്കാനെന്താ ? നിങ്ങളുടെ പേരന്റ്സിനെ കൊണ്ടു വന്ന് ഇവിടത്തെ ദേവദാരു മരത്തിന്റെ ചുവട്ടിൽ കിടത്താം. കുറെ ദിവസത്തേക്ക് സുഖമായി ഉറങ്ങിക്കോളും.

ജീപ്പ് കാറ്റിനൊപ്പം ഭാരം കുറഞ്ഞ ഒരിലയായി കുന്നിറങ്ങി.  വീണ്ടും ഒട്ടകത്തലമേട് !