ചേരയ്ക്കു ചോര; അഥവാ മോഹൻലാൽ പാലിനൊപ്പം !

രാത്രിയിൽ ഉറങ്ങാൻ നേരം നാലു ഗുളികകൾ എടുത്തിട്ട് അദ്ദേഹം പറഞ്ഞു... ഇത് മമ്മൂട്ടി, ഇത് മോഹൻലാൽ, ബാക്കിയുള്ളത് ദുൽഖർ സൽമാനും പ്രണവും. നാലു കവിൾ പാലിനൊപ്പം ആ ഗുളികകൾ ഓരോന്നായി വിഴുങ്ങിയിട്ട് അദ്ദേഹം പറഞ്ഞു..  എന്നും ഇതു നാലും ഉറങ്ങാൻ നേരം കഴിക്കുന്നതുകൊണ്ടാണ് എനിക്ക് ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കാൻ കഴിയുന്നത്. ഫ്ളെക്സിബിളിറ്റിക്കാണ് ലാൽ ഗുളിക.  ശക്തമായി ഡയലോഗ്  പറയാൻ മമ്മൂട്ടി. യൗവനം നിലനിർത്താൻ മക്കൾസ്!  ഇതു നാലും കഴിച്ചാൽ പാട്ടും പാടി അഭിനയിക്കാം.

രാജീവൻ പാലൂർ എന്ന പത്രപ്രവർത്തകൻ അന്തംവിട്ടിരുന്നു. മമ്മൂട്ടിയും ലാലും എന്തു ഗുളികയായിരിക്കും കഴിക്കുക എന്ന് ആലോചിക്കുകയായിരുന്നു അയാൾ. എല്ലാ പത്രപ്രവർ‌ത്തകരും അങ്ങനെയാണ്. ഉമ്മൻ ചാണ്ടി എന്നു പറയുമ്പോൾ ചെന്നിത്തലയെപ്പറ്റിയും മഴ എന്നു പറയുമ്പോൾ അണക്കെട്ടിനെപ്പറ്റിയും ആലോചിക്കും. 

മലയാള സിനിമയിലെ ഒരു സീനിയർ നടനൊപ്പം ഹോട്ടൽ മുറിയിൽ ഒരു രാത്രി ചെലവിടാനെത്തിയതായിരുന്നു പത്രപ്രവർത്തകനായ രാജീവൻ പാലൂർ. ഒരു താരം, ഒരു പകൽ, ഒരു രാത്രി, ഒരുപാട് രഹസ്യം എന്ന തലക്കെട്ടിൽ ഒരു  ഫീച്ചറാണ് അയാളുടെ ലക്ഷ്യം. 

നടൻ പത്രപ്രവർത്തകനോടു ചോദിച്ചു.. ഇയാൾക്ക് മമ്മൂട്ടിയെയാണോ ലാലിനെയാണോ ഇഷ്ടം ?

എല്ലാവരും പറയുന്നതുപോലെ രാജീവൻ പാലൂർ പറഞ്ഞു.. രണ്ടുപേരെയും ഇഷ്ടാണ്.

അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു..  താൻ ചില നായികമാരുടെ അമ്മമാരെപ്പോലെ സംസാരിക്കരുത്.  

പിന്നെ അദ്ദേഹം ഷീല എന്നുപേരുള്ള ഒരു വെളുത്ത പൂച്ചയെ എടുത്ത് ലാളിക്കാൻ തുടങ്ങി. ഒരുപാടു രോമങ്ങളുള്ള ഒരു തലയണ പോലെ ആ പൂച്ച കട്ടിലിൽ അദ്ദേഹത്തിന്റെ അടുത്തു കിടന്നു. രോമങ്ങൾ നിറഞ്ഞ വാൽ റ, ഴ, ല, ശ രൂപത്തിൽ വഴറ്റിയും ചുഴറ്റിയും പൂച്ച അദ്ദേഹത്തെ തലോടുന്നുണ്ടായിരുന്നു.

അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വളർത്തുപൂച്ചയായിരുന്നു അത്. പലപ്പോഴും കൂടെയുണ്ടാകും. ഒരു സിനിമയിൽ പുലിയുടെ സഹോദരിയായി അഭിനയിച്ചിട്ടുമുണ്ട്. 

രാജീവൻ ചോദിച്ചു..  എന്തിനാണ് ഈ പൂച്ചയ്ക്ക് ഇങ്ങനെയൊരു പേര് ?

നടൻ പറഞ്ഞു.. പൂച്ചയ്ക്ക് ഇടാൻ ഏറ്റവും പറ്റിയ പേരാണ് ഷീല. സിനിമയിൽ നല്ലവരായ അച്ഛൻ കഥാപാത്രങ്ങൾക്ക് മേനോൻ എന്നു പേരിടുന്നതുപോലെ.. 

പത്രപ്രവർത്തകൻ ചോദിച്ചു.. സാറിനെ എപ്പോഴെങ്കിലും ഭാര്യ അവിശ്വസിച്ചിട്ടുണ്ടോ ?

ഉണ്ട്. ഉറങ്ങുമ്പോൾ. ഞാൻ ഉറങ്ങുകയാണോ, അതോ ഉറങ്ങുന്നതായി അഭിനയിക്കുകയാണോ എന്ന് അറിയാനായി അവൾ എന്നെ ഇടയ്ക്കിടെ വിളിച്ചുണർത്താറുണ്ട്. അപ്പോൾ ഞാൻ ദേഷ്യം വരുന്നതായി അഭിനയിക്കും. 

ഭാര്യയെക്കാൾ സുന്ദരിമാരാണ് നായികമാരെന്ന് തോന്നാറില്ലേ ? അത് സാറിന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു ?

സിനിമാ നടന് ഭാര്യയെയും നായികയെയും തമ്മിൽ വേർതിരിച്ചു കാണാൻ സിംപിളാണ്. ഭാര്യയോട് ഐ ലവ് യു എന്നു പറയുമ്പോൾ അത് ആസ്വദിക്കുന്നത് ഭാര്യയാണ്. നായികയെ നോക്കി അതു പറയുമ്പോൾ ആസ്വദിക്കുന്നത് നായികയല്ല, പ്രൊഡ്യൂസറാണ്. 

പത്രപ്രവർത്തകൻ വിട്ടില്ല. അടുത്ത ചോദ്യം തൊടുത്തു.. സിനിമയിലെ ചുംബനം റിയൽ ആണോ സാർ ? സിനിമ റിലീസായിക്കഴിഞ്ഞാൽ പല നടിമാരും അച്ഛനും അമ്മയ്ക്കും ആ സീൻ‌ കണ്ട് ഇഷ്ടായില്ല, അവർ ദേഷ്യപ്പെട്ടു എന്നൊക്കെ പറയാറുണ്ടല്ലോ ! അങ്ങനെ പറയുന്നതിന്റെ ഗുട്ടൻസ് എന്താണ് ?

നടൻ ചിരിച്ചു.. എടോ പത്രപ്രവർത്തകാ, അതൊക്കെ അച്ഛനും അമ്മയും പറഞ്ഞു പറയിപ്പിക്കുന്നതാണ്. അങ്ങനെ പറയുമ്പോൾ ക്രെഡിബിളിറ്റി കൂടും. 

രാത്രിയിൽ കിടപ്പുമുറിയിലെ ലൈറ്റുകൾ ഓൺ ചെയ്തിട്ടായിരുന്നു ആ സീനിയർ നടൻ എന്നും ഉറങ്ങാറുള്ളത്. സിനിമയിൽ ഇരുട്ടും ഉറക്കവും ചിത്രീകരിക്കുന്നത് നിരവധി ലൈറ്റുകളുടെ സഹായത്തോടെയാണല്ലോ. വെള്ളിവെളിച്ചത്തിൽ രാവും പകലും എന്ന് തലക്കെട്ട് കൊടുക്കാമെന്ന് പത്രപ്രവർത്തകൻ ആലോചിച്ചു. 

നടൻ പറയാൻ തുടങ്ങി... അഞ്ജലി സ്റ്റുഡിയോയിൽ നടന്മാർക്കു താമസിക്കാൻ കോട്ടേജുകളുണ്ട്. കോട്ടേജിലെ എന്റെ മുറിയിൽ ശാരംഗപാണി കഥ പറയാൻ വരുമായിരുന്നു. കട്ടിലിൽ ഞാനിരിക്കും. മേശപ്പുറത്ത് കമ്പളം മടക്കി വിരിച്ച് അതിലിരുന്ന് ശാരംഗൻ കഥ പറയാൻ തുടങ്ങും. 

ആനയുടെ അത്ര വലിയ ശബ്ദത്തിലാണ് ശാരംഗന്റെ കഥ പറച്ചിൽ. അടുത്ത മുറികളിൽ പ്രേംനസീറും ഉമ്മറും ജോസ് പ്രകാശുമൊക്കെയുണ്ട്. അവർക്കും കേൾക്കാൻ പറ്റും. 

കഥ കേട്ടുകേട്ട് ചിലപ്പോൾ ഞാൻ ഉറങ്ങിപ്പോകും. എങ്കിലും ശാരംഗൻ കഥ പറച്ചിൽ നിർത്തില്ല. കാരണം അപ്പുറത്തെ മുറിയിൽ ഇരുന്ന് നസീറും ഉമ്മറും ഭാസിയുമൊക്കെ കഥ കേൾക്കുന്നുണ്ടാകും. ഇടയ്ക്കിടെ മുളുന്നുമുണ്ടാകും. 

ഒരിക്കൽ ശാരംഗൻ ഒരു പ്രേതകഥ പറയുകയാണ്. ക്ളൈമാക്സിലെത്തിയപ്പോൾ എല്ലാവരും പേടിച്ച് പുതപ്പിനടിയിൽ കയറി.  കറന്റ് പോയി. 

പെട്ടെന്ന് കോട്ടേജിന് പുറത്തുനിന്ന് ഒരു സ്ത്രീ ശബ്ദം..  ചേര, ചേര..

എല്ലാവരും ഞെട്ടിയുണർന്നു. 

അത് ജയഭാരതിയായിരുന്നു. ഭാരതി രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കാലിൽ ഒരു കയർ തട്ടിയതായിരുന്നു. അത് പാമ്പാണെന്നു കരുതി പേടിച്ചു കരഞ്ഞതാണ്.

ശാരംഗപാണി ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.. ചോര.. ചോര..

അത് ആ സിനിമയിലെ പഞ്ച് ഡയലോഗായി.

രാജീവൻ പാലൂർ ചോദിച്ചു.. സിനിമാ താരങ്ങൾക്കൊക്കെ ധാരാളം പൈസ കിട്ടില്ലേ ? സാർ ഈ പൈസ കൊണ്ട് എന്തു ചെയ്യും ?

എനിക്ക് ഇനിയും ഒരുപാടു സിനിമകളിൽ അഭിനയിക്കണം. ധാരാളം പൈസയുണ്ടാക്കണം. ആ പണം കൊണ്ട് പണ്ട് ഞാൻ അഭിനയിച്ച കുറെ സിനിമകളുടെ പ്രിന്റുകൾ‌ വാങ്ങണം. 

എല്ലാ നടന്മാരും സാറിനെപ്പോലെ ആത്മരതിക്കാരാണോ ?

ആ സിനിമകളെല്ലാം വാങ്ങി കത്തിച്ചുകളയാനാണ്. കാമിനീ നിൻ കവിൾത്തടം കണ്ട് കാമലോലുപനായീ ഞാൻ എന്നൊക്കെയുള്ള പാട്ടുകളിലെ എന്റെ അഭിനയം ടിവിയിൽ വരുമ്പോൾ ഭയങ്കര ചമ്മലാടോ !

രാജീവൻ ചോദിച്ചു..  പുതിയ നായകന്മാരെക്കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം ?

സീനിയർ നടൻ ചിരിച്ചു. എന്നിട്ടു പറഞ്ഞു.. അതിനുള്ള ഉത്തരം എന്റെ പട്ടി പറയും. സോറി പൂച്ച പറയും. തനിക്ക് എന്നോടു മാത്രമേ ചോദ്യങ്ങളുള്ളോ ?  ഷീലയോട് ഒന്നും ചോദിക്കാനില്ലേ.. ?

പൂച്ചയുറക്കം അതുകേട്ട് മെല്ലെ കോട്ടുവായിട്ടു.