' ക്ലാസ് കട്ട് ചെയ്യും, മേക്അപ്പ് ഇല്ലേയില്ല, അതായിരുന്നു ഞങ്ങളുടെ ദീപിക പദുക്കോൺ'

ദീപിക പദുക്കോൺ'

ബോളിവുഡ് ലോകത്തെത്തി ചുരുങ്ങിയ കാലംകൊണ്ടു തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നടി ദീപിക പദുക്കോൺ‌. ബോളിവുഡും കടന്നു ഹോളിവുഡ്  വരെ എത്തിനില്‍ക്കുന്ന ദീപികയ്ക്കു പക്ഷേ തെല്ലും ജാഡയില്ല. സിനിമയിലേക്ക് എത്തുംമുമ്പും ദീപിക ലാളിത്യത്തിന്റെ ഉദാത്ത മാതൃകയായിരുന്നുവെന്നു പറയുകയാണ് താരത്തിന്റെ ഒരു മുൻ ക്ലാസ്മേറ്റ്. ഒരു സമൂഹമാധ്യമത്തിലൂടെയാണ് ദീപികയുടെ ക്ലാസ്മേറ്റ് എന്നു പരിചയപ്പെടുത്തിയ പെൺകുട്ടി കോളജ് കാലങ്ങളിൽ താരം എങ്ങനെയായിരുന്നുവെന്നു പറയുന്നത്. 

'' ബോംബെയിലേക്ക് പോകുംമുമ്പ് മൗണ്ട് കാർമൽ സ്കൂളിൽ ആറുമാസക്കാലം ദീപിക എ​ന്റെ ക്ലാസ്മേറ്റ് ആയിരുന്നു. ബാഡ്മിന്റൺ, മോഡലിങ് തുടങ്ങിയ പ്രഫഷണൽ ആയിട്ടുള്ള ഉത്തരവാദിത്തങ്ങൾക്കു വേണ്ടി അവൾ പലപ്പോഴും ക്ലാസുകൾ കട്ട് ചെയ്യാറുണ്ടായിരുന്നു. ഒത്തിരി അറ്റന്‍ഡൻസ് നഷ്‌ടമായതുകൊണ്ടുമാകാം പിന്നീടവൾ കോളജ് മാറിയത്.  

കോളജിൽ വരുമായിരുന്ന കാലത്ത് പദുക്കോൺ അക്കാദമിയിൽ നിന്ന്  പരിശീലിച്ചിരുന്ന അതേ ട്രാക് പാന്റ്സ് ഒക്കെയിട്ട് വിയർത്തായിരിക്കും വരുന്നത്. അതിനു പ്രത്യേക ധൈര്യവും വേണമായിരുന്നു. കാരണം ബാംഗ്ലൂരിലെ ഫാഷൻ കാപിറ്റൽ എന്നായിരുന്നു മൗണ്ട് കാർമൽ കോളജ് അറിയപ്പെട്ടിരുന്നത്, നാലോ അഞ്ചോ അടിയുള്ള ഹീല്‍സ് ധരിച്ചു ഫാഷനബിളായി വരുന്ന പെൺകുട്ടികൾക്കിടയിലേക്ക് ഈ സൂപ്പർ മോഡൽ വന്നിരുന്നത് കറുത്ത ഒരു ട്രാക്പാന്റ്സും ജാക്കറ്റും ധരിച്ച് തെല്ലും മേക്അപ്പില്ലാതെ പോണിടെയിൽ ഹെയർസ്റ്റൈലിലാണ്. 

ബഹളക്കാരിയല്ലാതിരുന്ന ദീപിക മാന്യതയോടു പെരുമാറുന്നവളുമായിരുന്നു. ലാസ്റ്റ് ബെഞ്ചിലാണ് അത്രയൊന്നും പഠിത്തക്കാരിയല്ലാതിരുന്ന ആ സ്വീറ്റ് ഗേൾ ഇരിക്കാറുള്ളത്. ''

എന്തായാലും ദീപികയെക്കുറിച്ചു കേട്ട പുതിയ വിശേഷങ്ങൾ ആരാധകര്‍ക്കിടയിൽ സംസാരമായിരിക്കുകയാണ്. നുണക്കുഴികവിളുകളുടെ ആ സുന്ദരി സിനിമയിൽ മാത്രമല്ല ജീവിതത്തിലും പലർക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് സഹപാഠിയുടെ പോസ്റ്റ്.