'കാളിദാസനെപ്പോലെയുണ്ടെന്നു കേൾക്കുമ്പോൾ സന്തോഷം'

സുഭാഷ് ബാലകൃഷ്ണനും ഭാര്യ സൗപർണികയും

വീട്ടമ്മമാരുടെ സിനിമയാണ് സീരിയലുകൾ. അതിലെ ഒാരോ നടനും നടിയും സ്വന്തം വീട്ടിലെ കുടുംബാംഗത്തെപ്പോലെയാണ് മലയാളിക്ക്. അതുകൊണ്ടു തന്നെ സീരിയൽ താരങ്ങൾക്ക് ഇന്ന് ആരാധകരും ഏറെയാണ്. മഴവിൽ മനോരമയിലെ അമ്മുവിന്റെ അമ്മ എന്ന സീരിയലിൽ മാളവിക വെയ്ൽസിന്റെ ഭർത്താവായി അഭിനയിക്കുന്ന സുഭാഷ് എന്ന പുതുമുഖ നടന് മിനിസ്ക്രീനിൽ ആരാധകരേറെയാണ്. സുഭാഷ് ബാലകൃഷ്ണന്റെ വിശേഷങ്ങളറിയാം.

അമ്മുവിന്റെ അമ്മ എന്ന സീരിയലിൽ എങ്ങനെ എത്തി?

ഞാൻ മസ്ക്കറ്റിൽ ബിസിനസ് ചെയ്യുകയാണ്. രണ്ടു മാസം കൂടുമ്പോഴാണ് നാട്ടിൽ വരുന്നത്. നേരത്തെ ക്ലീൻ ഷേവായിരുന്നു. ഇൗ അടുത്ത കാലത്താണ് താടി വച്ചു തുടങ്ങിയത്. സീരിയൽ താരം സൗപർണിക എന്റെ ഭാര്യയാണ്. അങ്ങനെ ഞാൻ നാട്ടിൽ എത്തിയപ്പോൾ ഞാനും ഭാര്യയും ചേർന്നൊരു സെൽഫി വാട്സാപ്പിൽ ഇട്ടു. അങ്ങനെ എന്റെ താടി വച്ച ഫോട്ടോ കണ്ട് സീരിയലിന്റെ നിര്‍മാതാവ് സജിൻ രാഘവൻ വിളിക്കുകയായിരുന്നു. ഇൗ രൂപത്തിലൊരാളെ അന്വേഷിക്കുകയായിരുന്നു, സുഭാഷ് ഇൗ കഥാപാത്രത്തിന് യോജിക്കുമെന്നു തോന്നുന്നു എന്നു പറഞ്ഞു. അഭിനയിക്കുമോ എന്നു ചോദിച്ചു, ഇത്രയും വലിയ  ആളുകൾ പറയുമ്പോൾ നമുക്കു നിരസിക്കാൻ കഴിയില്ല. അങ്ങനെയാണ് ഇതിലേക്ക് എത്തുന്നത്. സംവിധായകൻ ഷൈജു സുകേഷിനേയും നേരത്തേ തന്നെ പരിചയമുണ്ടായിരുന്നു. ഇവർ രണ്ടുപേരും ചേർന്നാണ് എന്നെ ഇൗ സീരിയലിലേക്ക് ക്ഷണിച്ചത്. ഷൈജുച്ചേട്ടൻ നേരത്തെ  മറ്റൊരു സീരിയലിലേക്ക് എന്നെ വിളിച്ചിരുന്നു. അന്നു പോകാൻ കഴിഞ്ഞില്ല. നേരത്തെ ഞാൻ കുറച്ചു തടിച്ച ആളായിരുന്നു. രണ്ടു വർഷം മുൻപാണ് തടി കുറച്ചത്. 22 കിലോയോളം കുറച്ചു. അന്ന് എന്നെ കണ്ടിട്ടുള്ളവർക്കൊന്നും ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല.

സൗപർണികയാണ് പറഞ്ഞത് ഇത്തരം കഥാപാത്രങ്ങളാണ് ശരിക്കും ഒരു നടൻ അഭിനയിക്കേണ്ടതെന്ന്. സാധാരണ നായകനോ വില്ലനോ ഒക്കെ ആകാൻ എല്ലാവർക്കും സാധിക്കും...

അഭിനയം ആദ്യമായിട്ടാണോ?

ഞാൻ അ‍ഞ്ചു വർഷം മുമ്പ് ദൂരദർശന്റെ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്, പിന്നെ ആ ഫീൽഡ് മാറി. പുതിയ അവസരങ്ങളൊന്നും തേടിപ്പോയില്ല. ബിസിനസുമായി മുന്നോട്ടു പോയി. നടനാവണമെന്ന് ആഗ്രഹമുള്ള ഒട്ടേറെപ്പേർ നമ്മുടെ നാട്ടിലുണ്ട്, കഴിവുള്ളവരാണെല്ലാവരും. എനിക്ക് നടനാവണമെന്ന് എല്ലാവരും പറയുമെങ്കിലും പക്ഷെ അവരൊന്നും അവസരങ്ങൾ തേടിപ്പോകാറില്ല. അങ്ങനെ ഒതുങ്ങിപ്പോകുകയാണ് പതിവ്. അതുകൊണ്ട് അഭിനയം എനിക്ക് ഇഷ്ടമാണ്. 

ഭാര്യ സൗപർണികയുടെ പിന്തുണ എങ്ങനെയാണ്?

അമ്മുവിന്റെ അമ്മയിൽ  കുറച്ചു ഭ്രാന്തുള്ള ആളായിട്ടാണ് അഭിനയിക്കുന്നത്. ആദ്യം അല്‍പം ഭയമുണ്ടായിരുന്നു. പക്ഷെ അപ്പോൾ സൗപർണികയാണ് പറഞ്ഞത് ഇത്തരം കഥാപാത്രങ്ങളാണ് ശരിക്കും ഒരു നടൻ അഭിനയിക്കേണ്ടതെന്ന്. സാധാരണ നായകനോ വില്ലനോ ഒക്കെ ആകാൻ എല്ലാവർക്കും സാധിക്കും. ഇതു പക്ഷെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന്. ചില സീനുകളൊക്കെ കാണുമ്പോൾ ഇങ്ങനെയല്ല അങ്ങനെ ചെയ്യേണ്ടിയിരുന്നു എന്നൊക്കെ സൗപർണിക പറയും. 

ഒരുമിച്ചൊരു സീരിയൽ ആഗ്രഹമില്ലേ?

തീർച്ചയായും ആഗ്രഹമുണ്ട്. മറ്റാരേക്കാളും സ്വന്തം ഭാര്യയുടെ കൂടെ അഭിനയിക്കുമ്പോൾ നമ്മൾ കംഫർട്ടബിൾ ആയിരിക്കുമല്ലോ. പക്ഷെ അങ്ങനെയൊക്കെ പറഞ്ഞാലും അവൾ‌ നോക്കി നിൽക്കുമ്പോൾ എനിക്ക് അഭിനയിക്കാൻ കുറച്ച് ചമ്മലുണ്ട്. അമ്മുവിന്റെ അമ്മ ഷൂട്ട് ചെയ്യുന്നത് കൊച്ചിയിലാണ്. ആ സമയത്ത് അവൾക്ക് തിരുവനന്തപുരത്ത് ഷൂട്ടുണ്ടായിരുന്നു. എന്നോട് ഉടൻ കൊച്ചിയിലേക്ക് വരാം എന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ടെന്നു പറഞ്ഞു. കാരണം അവളുടെ മുന്നിൽ വച്ച് അഭിനയിക്കുമ്പോൾ ചമ്മലുണ്ടാവും.

സ്വന്തം ഭാര്യയുടെ കൂടെ അഭിനയിക്കുമ്പോൾ നമ്മൾ കംഫർട്ടബിൾ ആയിരിക്കുമല്ലോ. പക്ഷെ അങ്ങനെയൊക്കെ പറഞ്ഞാലും അവൾ‌ നോക്കി നിൽക്കുമ്പോൾ എനിക്ക് അഭിനയിക്കാൻ കുറച്ച് ചമ്മലുണ്ട്...

ആരാധകർ?

ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പുറത്തു പോകുമ്പോൾ സീരിയലിൽ അഭിനയിക്കുന്നുണ്ടോ, ടിവി ഷോ ചെയ്യുന്നുണ്ടോ എന്നൊക്കെ വന്നു ചോദിക്കും. ഒരു ദിവസം റെയിൽവെ സ്റ്റേഷനിൽ വച്ച് ഒരു ചേച്ചി വന്ന് എന്തിനാ മോനേ അമ്മുവിനോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്, അവൾ പാവമാണ് എന്നൊക്കെ പറഞ്ഞു. അവർക്കറിയാം സീരിയലാണെന്ന്, എങ്കിലും അവർ അറിയാതെ പറഞ്ഞു പോയി.

കാളിദാസന്റെ ഛായയുണ്ടെന്ന് പറയുന്നുണ്ടല്ലോ?

എന്നോട് കുറച്ച് പേർ അങ്ങനെ പറഞ്ഞു. പക്ഷെ ഞാനത് വിശ്വസിച്ചില്ല. കാരണം കാളിദാസന്റെ അത്ര ഗ്ലാമർ എനിക്കുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും കേൾക്കുമ്പോൾ സന്തോഷമാണ്. താടി വച്ച ശേഷമാണ് അങ്ങനെ പറയുന്നത് കേൾക്കുന്നത്. 

ബിസിനസ് മുന്നോട്ട് കൊണ്ടുപോകുമോ?

തീർച്ചയായും. രണ്ടു മാസം കൂടുമ്പോൾ ഞാൻ നാട്ടിൽ വന്ന് പോകാറുണ്ട്. ഐടി കമ്പനി നടത്തുകയണ്. അത് ഇവിടെ നിന്നും മാനേജ് ചെയ്യാവുന്നതേ ഉള്ളൂ. കൂടാതെ കോഴിക്കോട് ഒരു ട്രാവൽ ഏജൻസി തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.

കാളിദാസന്റെ അത്ര ഗ്ലാമർ എനിക്കുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും കേൾക്കുമ്പോൾ സന്തോഷമാണ്. താടി വച്ച ശേഷമാണ് അങ്ങനെ പറയുന്നത് കേൾക്കുന്നത്...

സൗപർണികയുമായുള്ള വിവാഹം?

കോഴിക്കോടാണ് എന്റെ സ്വദേശം. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. എന്റെ സഹോദരി സബിതയും സീരിയൽ താരമാണ്.

Read More: Trending, Glitz n Glamour