മരിയയുടെ വിജയം സന്തോഷിപ്പിച്ചു; ലക്ഷ്യം സിനിമ : അര്‍ച്ചന രവി

അർച്ചന രവി

നാലോളം സൗന്ദര്യ മല്‍സര വേദികളിൽ ഫസ്റ്റ് റണ്ണറപ് ആയ അനുഭവ പരിചയം വെച്ചാണ് അർച്ചന രവി എന്ന കോട്ടയംകാരി മനോരമ ഓൺലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയൽ 2017ൽ പങ്കെടുക്കാനെത്തുന്നത്. ഇതുവരെ താൻ കണ്ടുശീലിച്ച ബ്യൂട്ടി പേജന്റുകളിൽ നിന്നും തീർത്തും വ്യത്യസ്ത അനുഭവമാണ് മിസ് മില്ലേനിയൽ തനിക്കു സമ്മാനിച്ചതെന്നു പറയുന്നു ഫസ്റ്റ് റണ്ണറപ്പായ അർച്ചന . മിസ് മില്ലേനിയൽ പട്ടം നേടാൻ കഴിയാത്തതിൽ തെല്ലും നിരാശയില്ലെന്നു മാത്രമല്ല മരിയയുടെ വിജയമാണത്രേ അർച്ചനയും ആഗ്രഹിച്ചിരുന്നത്. മിസ് മില്ലേനിയൽ മൽസരത്തിലെ അനുഭവങ്ങളെക്കുറിച്ചും അഭിനയ മോഹത്തെക്കുറിച്ചും മനോരമ ഓണ്‍ലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് അര്‍ച്ചന.

മിസ് മില്ലേനിയൽ പട്ടം സ്വന്തമാക്കിയ മരിയ ഫ്രാന്‍സിസ്, ഫസ്റ്റ് റണ്ണറപ് ആയ അർച്ചന രവിക്കും സെക്കൻഡ് റണ്ണറപ് ആയ നിത്യഎൽസ ചെറിയാനും ഒപ്പം

മിസ് മില്ലേനിയൽ മൽസരത്തിലെ ഫസ്റ്റ് റണ്ണറപ്, കിരീടം സ്വന്തമാക്കാൻ കഴിയാത്തതിൽ നിരാശയുണ്ടോ?

ഇല്ലെന്നു മാത്രമല്ല ഫസ്റ്റ് റണ്ണറപ് ആയതിൽ ഒരുപാടൊരുപാടു സന്തോഷമുണ്ട്. അർഹരായവർക്കു തന്നെയാണ് അതതു സ്ഥാനങ്ങൾ ലഭിച്ചത്. ഫൈനല്‍ ത്രീയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ഫസ്റ്റ് റണ്ണറപ് ആയിരിക്കുമെന്നു ഞാൻ ഊഹിച്ചിരുന്നു. പരിപാടി കഴിഞ്ഞ് വീ‌ട്ടിലെത്തും മുമ്പു തന്നെ പലരും ചാനലിലൂടെയും ഓൺലൈനിലെ അപ്ഡേറ്റ്സിലൂടെയുമൊക്കെ വിവരം അറിഞ്ഞിരുന്നു, ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിച്ച് അഭിനന്ദിച്ചിരുന്നു. 

മരിയയുടെ വിജയമാണ് ഏറ്റവും സന്തോഷിപ്പിച്ചതെന്നു പറഞ്ഞല്ലോ, കാരണം?

മറ്റൊന്നുമല്ല, ഫേസ് ഓഫ് ചേഞ്ച് എന്ന ആ ടാഗ്‌ലൈനിന് ഉതകുന്ന വിജയിയാണു മരിയ. ഇതുവരെയും നാം കണ്ടു ശീലിച്ചിട്ടുള്ള സൗന്ദര്യ മൽസര വേദികളിലെ ഫലം അല്ല അവിടെ കണ്ടത്. നിറത്തിന്റെയോ സോകോൾഡ് സൗന്ദര്യ സങ്കൽപങ്ങളുടെയോ പിൻബലമില്ലാതെ ആത്മവിശ്വാസവും പോസിറ്റീവ് എനർജിയും കൊണ്ടു കിരീടം സ്വന്തമാക്കിയ ആളാണു മരിയ. വിധികർത്താക്കളെ മാത്രമല്ല ഞങ്ങൾ മൽസരാർഥികളെ പോലും അത്ഭുതപ്പെടുത്തിയ മറുപടികളാണ് മരിയ നൽകിയത്. ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു, എനിക്കെന്താണ് അങ്ങനെ ചിന്തിക്കാൻ കഴിയാതിരുന്നതെന്ന്. അന്ന് ആ പരിപാടി കണ്ടവരെല്ലാം പറഞ്ഞു എന്തൊരു പ്രചോദിപ്പിക്കുന്ന പെരുമാറ്റമാണ് മരിയയുടേതെന്ന്. പലർക്കും ഒരാത്മവിശ്വാസമാണ് മരിയയുടെ വിജയം നൽകുന്നത്.

മിസ് മില്ലേനിയൽ നൽകിയ പ്ലാറ്റ്ഫോമിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. മൽസരാർഥികളിൽ പലരും തുടക്കക്കാര്‍ ആയിരുന്നിട്ടു പോലും എന്തൊരു ആത്മവിശ്വാസം ആയിരുന്നെന്നോ...

നാലോളം ബ്യൂട്ടി േകാൺടസ്റ്റുകളിൽ മൽസരിച്ചിട്ടുണ്ട്. അവയിൽ നിന്നൊക്കെ മിസ് മില്ലേനിയലിനെ വ്യത്യസ്തമാക്കുന്നത്?

അത്, വിജയിയെ തിരഞ്ഞെടുത്ത രീതി തന്നെ. മുമ്പു ഞാൻ പങ്കെടുത്ത മൽസരങ്ങളിലൊക്കെ നിറം, ശരീരഘടന, ഉയരം ഉൾപ്പെടെയുള്ള ആകാര സൗന്ദര്യത്തിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ മിസ് മില്ലേനിയലിൽ അങ്ങനെയല്ല, സൗന്ദര്യം ആത്മവിശ്വാസവും പോസിറ്റീവ് എനര്‍ജിയും ധൈര്യവുമൊക്കെയാണെന്നു തെളിയിക്കുകയായിരുന്നു ഈ വേദി. 

മിസ് ഗ്ലോയിങ് സ്കിൻ ടൈറ്റിലും സ്വന്തമാക്കി, എന്താണു സൗന്ദര്യ രഹസ്യം?

എനിക്കു സൗന്ദര്യം ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ അമ്മയ്ക്കാണ്. ആദ്യമൊന്നും ഞാനെന്റെ ചർമത്തെ ഇത്ര സംരക്ഷിക്കുമായിരുന്നില്ല. പിന്നീട് അമ്മ പറഞ്ഞിട്ടാണ് കാരറ്റും ബീറ്റ്റൂട്ടും ജ്യൂസ് അടിച്ച് ദിവസവും കുടിക്കാൻ തുടങ്ങുന്നത്. വെറും ഒരുമാസത്തിനകം തന്നെ എന്റെ ചർമത്തിനു വരുന്ന മാറ്റം അനുഭവിച്ചറിഞ്ഞു. പിന്നീടതു മുടക്കിയിട്ടേയില്ല, ഒപ്പം ഡ്രൈ ഫ്രൂട്ട്സും ശീലമാക്കാറുണ്ട്. അല്ലാതെ ക്രീമും മറ്റുൽപ്പന്നങ്ങളും കൊണ്ടുള്ള സംരക്ഷണം ഒരു പരിധി വരെ മാത്രമേ കഴിയൂ എന്നാണെനിക്കു തോന്നുന്നത്. പിന്നെ മേക്അപ് ചെയ്യാൻ വലിയ താല്‍പര്യം ഇല്ലാത്തയാളാണു ഞാൻ, മറ്റൊന്നും കൊണ്ടല്ല എനിക്കു ചേരാത്തതു കൊണ്ടാണ്. ലിപ്സ്റ്റിക്കും കാജലും മാത്രമാണ് ഒഴിവാക്കാത്തത്.

മേക്അപ് ചെയ്യാൻ വലിയ താല്‍പര്യം ഇല്ലാത്തയാളാണു ഞാൻ, മറ്റൊന്നും കൊണ്ടല്ല എനിക്കു ചേരാത്തതു കൊണ്ടാണ്...

മിസ് മില്ലേനിയൽ നല്‍കിയ അനുഭവങ്ങൾ?

മിസ് മില്ലേനിയൽ നൽകിയ പ്ലാറ്റ്ഫോമിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. മൽസരാർഥികളിൽ പലരും തുടക്കക്കാര്‍ ആയിരുന്നിട്ടു പോലും എന്തൊരു ആത്മവിശ്വാസം ആയിരുന്നെന്നോ. ഞങ്ങളെല്ലാം ആദ്യദിനം മുതൽക്കേ നല്ല കൂട്ടായിരുന്നു, എല്ലാവരും ഒരുപോലെ ടാലന്റ്ഡ് ആയിരുന്നതുകൊണ്ടു തന്നെ നല്ല കോംപറ്റീഷനും കിട്ടിയിരുന്നു. കോറിയോഗ്രാഫർ ആയ ജൂഡ് സാറൊക്കെ നൽകിയ പിന്തുണ വളരെ വലുതായിരുന്നു, ക്ഷമയോടെ ഒ‌ട്ടും ദേഷ്യപ്പെടാതെ ഞങ്ങളെയെല്ലാം ഒരുപോലെ ചേർത്തുനിർത്തി കാര്യങ്ങൾ പറഞ്ഞു തന്നു, അവിടെ വന്നിരുന്ന ഓരോ ഗ്രൂമേഴ്സും അങ്ങിനെതന്നെ. ഇപ്പോൾ ഒരു റാംപ് വാക് ചെയ്യാൻ പറഞ്ഞാലോ ഏതെങ്കിലും കാര്യത്തെക്കുറിച്ചു പത്തു മിനിറ്റു സംസാരിക്കാൻ പറഞ്ഞാലോ കൂളായി ചെയ്യും, അത്രയ്ക്കും ആത്മവിശ്വാസം വന്നു. 

അവതരണരംഗത്തും സജീവമായി ഉണ്ട്?

സത്യം പറഞ്ഞാൽ ആദ്യമൊക്കെ എനിക്ക് ആങ്കറിങ്ങിനെക്കുറിച്ചു വലിയ ധാരണയൊന്നും ഇല്ലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു റിയാലിറ്റി ഷോയിൽ നിന്നും എനിക്ക് അവതരണം അറിയില്ലെന്നു പറഞ്ഞു തിരിച്ചുവിട്ടതാണ്. അന്നൊക്കെ ഒരുപാടുപേർ കളിയാക്കുമായിരുന്നു. അങ്ങനെ ഒരു വാശി കയറിയാണ്, അവതരണ രംഗത്തേക്കു വീണ്ടും വന്നത്. ഇപ്പോൾ കോർപറേറ്റ് ഷോകളും ചാനൽ ഷോകളും ഒക്കെ ചെയ്യുന്നുണ്ട്. 

അഭിനയം ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അമ്മയുടെ കുടുംബത്തിൽ ഭൂരിഭാഗം പേരും കലാപരമായി അടുപ്പമുള്ളവരാണ്. ചെറുപ്പം തൊട്ടുതന്നെ അഭിനയത്തോട് അടങ്ങാത്ത ഇഷ്ടമായിരുന്നു...

അഭിനയത്തിലേക്ക്?

അഭിനയം ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അമ്മയുടെ കുടുംബത്തിൽ ഭൂരിഭാഗം പേരും കലാപരമായി അടുപ്പമുള്ളവരാണ്. ചെറുപ്പം തൊട്ടുതന്നെ അഭിനയത്തോട് അടങ്ങാത്ത ഇഷ്ടമായിരുന്നു. ഇടയ്ക്ക് തമിഴിൽ അട്ട് എന്നൊരു ചിത്രം ചെയ്തിരുന്നു, അതിന് നല്ല പ്രശംസ കിട്ടിയിരുന്നു. നല്ലൊരു കഥാപാത്രം കിട്ടാനായി കാത്തിരിക്കുകയാണ്. 

പഠനം?

ഭാരത്‌മാതാ കോളജിൽ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ ആയിരുന്നു, അവിടുത്തെ അധ്യാപകരുടെ പിന്തുണ ഒരുപാടുണ്ടായിരുന്നു. ഇപ്പോൾ കോഴ്സ് ഒക്കെ കഴിഞ്ഞ് കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇരിക്കുകയാണ്. 

ഇപ്പോൾ ഒരു റാംപ് വാക് ചെയ്യാൻ പറഞ്ഞാലോ ഏതെങ്കിലും കാര്യത്തെക്കുറിച്ചു പത്തു മിനിറ്റു സംസാരിക്കാൻ പറഞ്ഞാലോ കൂളായി ചെയ്യും, അത്രയ്ക്കും ആത്മവിശ്വാസം വന്നു...

കുടുംബത്തെക്കുറിച്ച്?

അച്ഛൻ ആർ രവീന്ദ്രൻ എയറോനോട്ടിക്കൽ എഞ്ചിനീയർ ആണ്, അമ്മ ആശ ഏവിയേഷൻ അക്കാദമിയിൽ ഗ്രൂമിങ് ലെക്ചറർ ആണ്, ചേട്ടൻ അതുൽ സിവിൽ എഞ്ചിനീയർ. 

Read more: Lifestyle Malayalam Magazine