മാധുരിയുടെ ആ മാസ്മരിക സൗന്ദര്യത്തിനു പിന്നിലെ രഹസ്യം

മാധുരി ദീക്ഷിത്

ആ കണ്ണുകളും ചിരിയും നൃത്തവുമൊക്കെ ഒരുകാലത്തെ യുവാക്കളുടെ ഹരമായിരുന്നു. കൊതിപ്പിക്കുന്ന ചുവടുകളും അഭിനയവുമായി പ്രേക്ഷക മനസ്സുകളിൽ കയറിക്കൂടിയ മാധുരി ദീക്ഷിത്, വിവാഹം കഴിച്ചു പോയതോടെ തെല്ലൊന്നുമല്ല േബാളിവുഡ് ലോകം നിരാശപ്പെട്ടത്. പിന്നീ‌ട് ഒരു ഇടവേളയ്ക്കിപ്പുറം ചില റിയാലിറ്റി ഷോകളിലെ അവതാരകവേഷത്തിലാണ് മാധുരിയെ ആരാധകർ വീണ്ടും കണ്ടത്. അന്നും ഇന്നും മാധുരിക്കു കാര്യമായ മാറ്റമൊന്നുമില്ല. പല നടിമാരും വിവാഹിതയും അമ്മയുമൊക്കെയാകുമ്പോൾ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ അൽപം പിന്നോട്ടു പോകുമെങ്കിൽ മാധുരി തിരിച്ചു വന്നപ്പോൾ കൂടുതൽ സുന്ദരിയായിരുന്നു. ഈ പ്രായത്തിലും മാധുരി ഇത്രയും തിളക്കവും സൗന്ദര്യവുമൊക്കെ പിന്തുടരുന്നതിനു പിന്നിലെ രഹസ്യങ്ങളാണ് താഴെ. 

ലാളിത്യമാണ് മാധുരീസ് സ്റ്റൈൽ

നിത്യജീവിതത്തിലായാലും സൗന്ദര്യ സംരക്ഷണ കാര്യങ്ങളിലായാലും എല്ലാം പരമാവധി സിംപിളായിരിക്കാനാണ് മാധുരിക്കിഷ്ടം...

ജീവിതത്തെ അങ്ങേയറ്റം ലളിതമായി സമീപിക്കുക, കാലങ്ങളായി മാധുരി പിന്തുടരുന്നൊരു രീതിയാണിത്. നിത്യജീവിതത്തിലായാലും സൗന്ദര്യ സംരക്ഷണ കാര്യങ്ങളിലായാലും എല്ലാം പരമാവധി സിംപിളായിരിക്കാനാണ് മാധുരിക്കിഷ്ടം. മോയ്സചറൈസിങ് മസ്റ്റാണ് മാധുരിക്ക്, മേക്കപ്പിന്റെ കാര്യത്തിലാണെങ്കിൽ മിനിമൽ ആണു പ്രിയം. ദിവസവും ക്ലെൻസർ ഉപയോഗിച്ചു മുഖം കഴുകുന്നതു മുടക്കാറില്ല. ചില ദിവസങ്ങളിൽ ത്വക്കിന്റെ സ്വഭാവം അനുസരിച്ച് ടോണറും ഉപയോഗിക്കും. നൈറ്റ് ക്രീം പുരട്ടുന്നതും നിർബന്ധമാണ്.

കണ്ണുകളിലാണ് സൗന്ദര്യം

കാഴ്ചയിൽ സുന്ദരനോ സുന്ദരിയോ ആയതുകൊണ്ടു മാത്രം കാര്യമില്ല, വ്യക്തിത്വം കൂടി നന്നായിരുന്നാലേ പൂർണ അർഥത്തിൽ സൗന്ദര്യത്തിനുടമയാകൂ എന്നാണ് മാധുരിയുടെ വാദം...

കാഴ്ചക്കാരന്റെ കണ്ണുകളിലാണ് സൗന്ദര്യത്തിന്റെ അളവുകോൽ എന്നാണ് മാധുരി വിശ്വസിക്കുന്നത്. ഒരാൾ കാഴ്ചയിൽ സുന്ദരനോ സുന്ദരിയോ ആയതുകൊണ്ടു മാത്രം കാര്യമില്ല, വ്യക്തിത്വം കൂടി നന്നായിരുന്നാലേ പൂർണ അർഥത്തിൽ സൗന്ദര്യത്തിനുടമയാകൂ എന്നാണ് മാധുരിയുടെ വാദം. ആരോഗ്യത്തോടെ ഇരിക്കാൻ കൃത്യമായ ഡയറ്റിനൊപ്പം വ്യായാമവും മാധുരി മുടക്കാറില്ല. നൃത്തത്തിന്റെ റാണി കൂടിയായ മാധുരിക്ക് ഏറ്റവും റിലാക്സ്‍ഡ് ആയി തോന്നുന്നത് താൻ നൃത്തം ചെയ്യുമ്പോൾ ആണത്രേ. ഇതെല്ലാം മാധുരിയുടെ തിളക്കമേറിയ ചർമത്തിനു പിന്നിലെ രഹസ്യങ്ങളാണ്. 

ചുരുളൻ മുടിയുടെ സൗന്ദര്യം

നടി ആണെന്നു കരുതി കെമിക്കൽ ഉൽപന്നങ്ങളിലാണു മാധുരി തന്റെ മുടിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതെന്നു കരുതരുതേ...

സൗന്ദര്യ സങ്കൽപത്തിൽ മുടിക്കുള്ള സ്ഥാനം ചെറുതല്ല, ഒരു നടി കൂടിയായ മാധുരി തന്റെ മുടിക്ക് പ്രത്യേകം സംരക്ഷണം നൽകാറുണ്ട്. നടി ആണെന്നു കരുതി കെമിക്കൽ ഉൽപന്നങ്ങളിലാണു മാധുരി തന്റെ മുടിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതെന്നു കരുതരുതേ, നന്നായി എണ്ണതേച്ചു കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂവും പ്രകൃതിദത്തമായ കണ്ടീഷണറുമൊക്കെയാണ് മാധുരിയുടെ മനോഹരമായ ചുരുളൻ മുടിക്കു പിന്നിൽ. പഴങ്ങൾ കൊണ്ടുള്ള കണ്ടീഷണറും ഒലീവ് ഓയിലും ആവണക്കെണ്ണയും ചേർത്തുള്ള മിശ്രിതവുമാണ് മാധുരി കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. 

നൃത്തമില്ലാതെ മാധുരിയില്ല

നൃത്തത്തിന്റെ റാണി കൂടിയായ മാധുരിക്ക് ഏറ്റവും റിലാക്സ്‍ഡ് ആയി തോന്നുന്നത് താൻ നൃത്തം ചെയ്യുമ്പോൾ ആണത്രേ...

ഡയറ്റിനും ഡാൻസിനുമൊപ്പം വർക്കൗട്ടിനും സമയം കണ്ടെത്താറുണ്ട് മാധുരി. ആഴ്ചയിൽ ആറു ദിവവും വ്യായാമം ചെയ്യുന്ന മാധുരി കർശനമായും ഡയറ്റിങ് പാലിക്കാറുണ്ട്. പുകവലിയും മദ്യപാനവും തീരെ ഇഷ്ടമില്ലാത്ത താരത്തിന്റെ മറ്റൊരു സൗന്ദര്യ രഹസ്യം സമാധാനപൂർണമായ ഉറക്കമാണത്രേ. ഫ്രഷ് ആയും പോസിറ്റീവ് ആയും സന്തുഷ്ടയായുമൊക്കെ നിലനിൽക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളെന്നാണ് മാധുരി പറയാറുള്ളത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam