സോനം കപൂർ പണ്ടേ ഫ്രീക്കത്തിയാ.. വൈറലായി ചിത്രം

സോനം കപൂർ

ബോളിവുഡിൽ ഫാഷൻ സെൻസുള്ളവരിൽ ഒന്നാം സ്ഥാനം ആര്‍ക്കെന്നു ചോദിച്ചാൽ തെല്ലും ആലോചിക്കാതെ മറുപടി പറയാൻ കഴിയും അതു നമ്മുടെ സോനം കപൂറിനല്ലേയെന്ന്. റെഡ് കാർപറ്റിലായാലും പുരസ്കാര വേദികളിലായാലും സിനിമാ പ്രൊമോഷനുകൾക്കിടയിലായാലും സോനത്തിനൊരു വ്യത്യസ്ത സ്റ്റൈൽ ഉണ്ടാകും. അതുകൊണ്ടു തന്നെ ചുരുങ്ങിയകാലം കൊണ്ട് ബിടൗണിലെ സ്റ്റൈൽ ഐക്കണായും മാറിയ താരമാണ് സോനം. എന്നാൽ ഈ ഫാഷൻ പ്രേമം താരത്തിനു പണ്ടെയുണ്ടെന്നു  വ്യക്തമാക്കുന്നതാണ് വൈറലാകുന്ന പുതിയൊരു ഫോട്ടോ. 

ഫാഷനും സ്റ്റൈലുമൊക്കെ കുട്ടിക്കാലം തൊട്ടേ പരീക്ഷിക്കാന്‍ തുടങ്ങിയ താരമാണ് സോനം എന്ന് ഫോട്ടോ കണ്ടാൽ തന്നെ പറയും. പത്തുവയസ്സിനുള്ളിൽ പ്രായത്തിലുള്ള ചിത്രമാണ് സോനം പങ്കുവച്ചത്, പ്രിന്റഡ് ടീഷർട്ടും അതിനുചേർന്ന വളയും മനോഹരമായൊരു ഹാൻഡ്ബാഗുമൊക്കെ പിടിച്ച് എങ്ങോട്ടോ പോകാൻ തയാറായി നിൽക്കുന്ന കുഞ്ഞു േസാനമാണ് ചിത്രത്തിലുള്ളത്. 

സോനത്തിനെ ഇത്രയും സുന്ദരിയായി ഒരുക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ അമ്മ സുനിതാ കപൂറിനുള്ളതാണെന്നു പറഞ്ഞുള്ള കമന്റുകൾ ഏറെയുണ്ട്. എന്തായാലും കുട്ടിക്കാലം തൊട്ടേ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെയും അണിഞ്ഞൊരുങ്ങുന്നതിന്റെയും കാര്യത്തിൽ സോനം അത്ര മോശക്കാരിയല്ലെന്നു തെളിയിക്കുന്നതാണ് ചിത്രം. സോനത്തിനും സഹോദരി റിയയ്ക്കും റെസൺ എന്ന പേരിൽ ക്ലോത്തിങ് ബ്രാൻഡും സ്വന്തമായുണ്ട്. എൺപതുകളിലെ ഫാഷനിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള പുത്തൻ സ്റ്റൈലുകളും അടുത്തിടെ റെസൺ പുറത്തിറക്കിയിരുന്നു. 

നേരത്തെ ദീപികാ പദുക്കോണിനു ഫാഷൻ സെൻസില്ലെന്നു പറഞ്ഞയാളാണു സോനം കപൂർ.എന്നാൽ ഇങ്ങനെയൊരു കമന്റ് നടത്താൻ ആർക്കെങ്കിലും അർഹത ഉണ്ടെങ്കിൽ അതു സോനത്തിനു മാത്രമാണെന്നു ഫാഷൻ നിരീക്ഷകരുടെ വാദം. ബോളിവുഡിൽ ഏറ്റവും കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന നടിയാണു സോനം. ഓരോ ദിവസവും ഓരോ ലുക്ക്. ഇന്ന് ട്രഡീഷനലാണെങ്കിൽ നാളെ ഇന്തോ വെസ്റ്റേൺ. മറ്റന്നാൾ റെട്രോ. വസ്ത്രങ്ങൾ മാത്രമല്ല ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഒന്നൊന്നര സെൻസാണ് സോനത്തിന്.

സോനം കപൂർ

ഒരുകാലത്ത് ബോളിവുഡിലെ പലനടിമാരും തന്നെ ഫാഷന്റെ കാര്യത്തിൽ കുറ്റപ്പെടുത്തിയിരുന്നുവെന്നും സോനം പറഞ്ഞിട്ടുണ്ട്. എപ്പോഴും സ്റ്റൈലിഷ് ആയിരിക്കുന്ന ട്രെൻഡ് െകാണ്ടുവന്നതിനാണ് നടിമാര്‍ തന്നെ കുറ്റപ്പെടുത്തിയത്. എന്നാൽ താൻ മറ്റുള്ളവരെപ്പോലെ സ്റ്റൈലിസ്റ്റുകൾക്കായി പണം കളയാറില്ല. തന്റെ സഹോദരിയോ അല്ലെങ്കിൽ താനോ സ്വയം സ്റ്റൈൽ ചെയ്യുകയാണ് പതിവ്. ഒരു ഫാഷനിസ്റ്റ എന്നു കേൾക്കുന്നതിനേക്കാൾ സ്റ്റൈലിഷ് എന്നു വിളിക്കുന്നതു കേൾക്കാനാണ് ഇഷ്ടമെന്നും ഫാഷനബിൾ ആവുകയെന്നതും സ്റ്റൈലിഷ് ആവുകയെന്നതും രണ്ടാണെന്നും സോനം പറഞ്ഞിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam