ഒറ്റ ലോകകപ്പ്, ഇതിനകം നെയ്മര്‍ പരീക്ഷിച്ചത് നാല് ഹെയര്‍ സ്റ്റൈലുകള്‍!

ലോകകപ്പ് തുടങ്ങും മുന്‍പ് തന്നെ ലോകം ആഘോഷിക്കാന്‍ തിരഞ്ഞെടുത്ത മൂന്ന് ഫുട്ബോള്‍ താരങ്ങളായിരുന്നു മെസ്സിയും റൊണാള്‍ഡോയും പിന്നെ നെയ്മറും. മറ്റ് രണ്ട് പേരാക്കാളും കളിക്കളത്തിന് പുറത്തും അകത്തും പല കാരണങ്ങള്‍ കൊണ്ടും കൂടുതല്‍ ശ്രദ്ധ നേടിയത് നെയ്മറായിരിക്കും. കളിക്കളത്തിനകത്ത് ഗോളടിയേക്കാള്‍ ലോകം ചര്‍ച്ച ചെയ്തത് നെയ്മറിന്റെ അഭിനയ പാടവം ആയിരുന്നു എങ്കില്‍ പുറത്ത് ചര്‍ച്ചയാകുന്നത് നെയമറിന്റെ ഹെയര്‍ സ്റ്റൈലാണ്.

ഗ്രൂപ്പ് സ്റ്റേജിലും പ്രീ ക്വാര്‍ട്ടറിലുമായി നാല് മത്സരങ്ങളാണ് ബ്രസീല്‍ ഇത് വരെ കളിച്ചത്. ഈ നാല് കളികളിലും നെയ്മര്‍ പ്രത്യക്ഷപ്പെട്ടത് നാല് രീതിയിലുള്ള ഹെയര്‍ സ്റ്റൈലിലായിരുന്നു. മുടി നീട്ടി വളര്‍ത്തിയതില്‍ നിന്ന് ഏതാണ്ട് പറ്റെ വെട്ടിയ അവസ്ഥയിലാണ് നാലാമത്തെ മത്സരം കഴിഞ്ഞപ്പോള്‍ നെയ്മര്‍. അത് കൊണ്ട് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടുമ്പോള്‍ നെയ്മറിന്റെ തലയില്‍ ഇനി മുടിയുണ്ടാകുമോ എന്നതാണ് സ്വാഭാവികമായും ഉയരുന്ന അടുത്ത ചോദ്യം.

സ്വറ്റ്സര്‍ലണ്ടിനെതിരായ ആദ്യ കളിയില്‍ നീട്ടി വളര്‍ത്തിയ തലമുടിയും ആയാണ് നെയ്മര്‍ പ്രത്യക്ഷപ്പെട്ടത്. തലമുടിയുടെ മദ്ധ്യഭാഗം  ഇളം മഞ്ഞ നറത്തിലായിരുന്നു. കളി സമനിലയിലായതോടെ നെയമറിന്റെ പ്രകടനത്തെെക്കുറിച്ച് മാത്രമല്ല ഹെയര്‍ സ്റ്റൈലിനെക്കുറിച്ച് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്തോ ഈ ഹെയര്‍ സ്റ്റൈല്‍ നെയ്മറിന് ചേരുന്നില്ലെന്ന് കടുത്ത ആരാധകര്‍ പോലും വിലയിരുത്തി. അടുത്ത കളിയില്‍ ഹെയര്‍ സ്റ്റൈല്‍ മാറ്റി എത്തിയപ്പോള്‍ ഈ വിമര്‍ശനം ഫലിച്ചു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നെയ്മറിന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു.

തലയുടെ മദ്ധ്യത്തിലെ ഇളം മഞ്ഞനിറം അതേപോലെ നിലനിര്‍ത്തി, ഇരു വശവും പുറകും പറ്റെ വെട്ടിയാണ് നെയ്മര്‍ രണ്ടാമത്തെ കളിക്ക് ഇറങ്ങിയത്. കോസ്റ്റാറിക്കക്ക് എതിരായ ഈ കളി ബ്രസീല്‍ ജയിച്ചു. ഈ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യജയം. നെയ്മറിന് ആദ്യ ഗോളും. വിജയവും ഗോളും കൊണ്ടുവന്ന കൊണ്ടുവന്ന ഹെയര്‍സ്റ്റൈല്‍ പക്ഷെ നെയ്മര്‍ വീണ്ടും മാറ്റി. സെര്‍ബിയക്കെതിരെ നീണ്ട് നിന്നിരുന്ന മഞ്ഞത്തലമുടികളുടെ നീളം നല്ലവണ്ണം കുറച്ചാണ് നെയ്മര്‍ പ്രത്യക്ഷപ്പെട്ടത്. ഈ കളിയും ബ്രസീല്‍ ‍ജയിച്ചു. ഗോളടിച്ചില്ലെങ്കിലും ഗോളടിപ്പിച്ച് നെയ്മറും താരമായി.

നാലാമത്തെ കളിയില്‍ മെക്സിക്കോയ്ക്കെതിരെ നാലമത്തെ ഹെയര്‍സ്റ്റൈല്‍. തലമുടി മുഴുവന്‍ കറുപ്പിച്ചാണ് ബ്രസീല്‍ സൂപ്പര്‍ താരെ കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റിലാദ്യമായി കളം നിറഞ്ഞ് കളിച്ച നെയ്മര്‍ ഗോളടിച്ചും ഗോളടിപ്പിച്ചും കളിയിലെ താരമായി. ലോകകപ്പിലെ നെയ്മറുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ്. തന്റെ ഏറ്റവുംമികച്ച കളി പുറത്തെടുക്കാന്‍ ഒപ്പമുണ്ടായിരുന്നു ഹെയര്‍സ്റ്റൈല്‍ നെയ്മര്‍ മാറ്റുമോ , അതോ അഞ്ചാമത്തെ കളിയില്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ മുടിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുമോ. ആരാധകര്‍ കാത്തിരിക്കുകയാണ്. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam