നിങ്ങളെ മാറ്റിമറിക്കാൻ കൊച്ചിയിൽ 'തുറക്കുന്നു' ഫാഷന്റെ ‘വാർഡ്രോബ്’

മഴക്കാലത്ത് ഫാഷൻ വസന്തത്തിനു തിരിതെളിക്കാൻ ഒരുങ്ങി 'വാർഡ്രോബ്'. മലയാളിയുടെ സൗന്ദര്യ സങ്കല്പങ്ങൾക്ക് പൂർണത നൽകാൻ സംഘാടകരായ വാർഡ്രോബിനൊപ്പം കൂട്ടുകൂടുന്നത് ലോകപ്രസിദ്ധ ഇന്ത്യൻ ബ്രാന്റുകളായ ‘അമ്രപാളിയും’‘റോ മാൻഗോയും’. കൊതിച്ചിട്ടും ക‌‌‌ണ്ടെത്താനാവാതെ പോയ, മസസ്സിൽ ഒളിച്ച മോഹങ്ങളെ പൂർത്തികരിക്കാൻ പുതുമകള്‍ക്കൊപ്പമാണ് ‘വാർഡ്രോബ്’ തുറക്കുന്നത്.

കയ്യിൽ പിടിക്കുന്ന ഒരു ബാഗായാരിക്കാം ഒരുപക്ഷേ നിങ്ങളുടെ ലുക്കിനെ മാറ്റിമറിക്കുക. ഒരു ചെറിയ മൂക്കുത്തി മതിയായിരിക്കും നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കാൻ. സാരിയിൽ പതിച്ച കല്ലിലായിരിക്കാം നിങ്ങളുടെ രാജകീയത. വൈവിധ്യങ്ങളുടെ ഒരു വലിയ അലമാര തന്നെ വാർഡ്രോബ് കാത്തുവച്ചിരിക്കുന്നുവെന്ന് പറയുന്നു വാർ‍ഡ്രോബിന്റെ സിഇഒ ട്രേസി തോമസ്. 

‘‘അമ്രപാളിയോടും റോ മാൻഗയോടുമൊപ്പമുള്ള വാർഡ്രോബിന്റെ ആദ്യ സംഭരമാണിത്. വിശ്വപ്രസിദ്ധ ബ്രാന്റുകളോടൊപ്പമുള്ള പ്രവർത്തനമായതിനാൽ കഠിന പ്രയത്നം സംഘാടനത്തിന് ആവശ്യമായിരുന്നു. റോ മാൻഗോയുടെ ബൃഹത്തായ  ശേഖരണത്തിൽ നിന്നും പ്രശസ്ത ഡിസൈനർ സഞ്ജയ് ഗാർജിന്റെ തിരഞ്ഞെടുത്ത മോഡലുകളായിരിക്കും പ്രദര്‍ശനത്തിനെത്തുക’’–ട്രേസി പറയുന്നു.

ആഭരണങ്ങളും വസ്ത്രങ്ങളും തമ്മിലുളള രസതന്ത്രത്തെ ആവാഹിക്കാനുള്ള ഡിസൈനർമാരുടെ ശ്രമങ്ങൾ ഇന്നും തുടർന്നു കൊണ്ടിരിക്കുകയാണ്. അനുദിനം മാറി കൊണ്ടിരിക്കുന്ന ഫാഷൻ മേഖലയെ അതിന്റെ സർവ പ്രതാപങ്ങളോടും കൂടിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർഡ്രോബ് കേരളത്തിൽ എത്തിക്കുന്നത്.

ബാഹുബലിയുടെ സ്വന്തം അമ്രപാളി

രാജകീയ നഗരിയായ ജയ്പൂരിൽ നിന്നും വരുന്ന ‘അമ്രപാളി’ ആഭരണങ്ങളിൽ തീർത്ത അത്ഭുതങ്ങൾ ഇന്ത്യയ്ക്ക് മറക്കാനാവില്ല. ബോക്സ് ഓഫീസുകളിൽ പ്രകമ്പനം സൃഷ്ടിച്ച എസ്.എസ് രാജമൗലി ചിത്രം ബാഹുബലിയിൽ അമ്രപാളിയുടെ ആഭരണങ്ങൾ വിസ്മയം തീർത്തു. ആഭരണ ലോകത്തെ വിസ്മയങ്ങൾ കേരളത്തിന്റെ ഇഷ്ടങ്ങളിൽ വിളക്കി ചേർക്കാനാണ് ജയ്പൂരിന്റെ മണ്ണിൽ നിന്നും അമ്രപാളിയെത്തുന്നത്. തനിതങ്കത്തിൽ താമര വിരിയിക്കുന്ന ‘ലോട്ടസ് ലെഗസി’യും ഹാന്റ് കട്ട് ചെയ്തെടുത്ത വജ്രങ്ങളുടെ ‘പോൾക്കി’യും അമ്രപാളി കൊച്ചിയിലെത്തിക്കും. 

പ്രിയങ്കരം വൈവിധ്യം റോ മാൻഗോ

ന്യൂഡൽഹി ആസ്ഥാനമായുള്ള ഗാർമെന്റ് ഡിസൈനറാണ് റോ മാൻഗോ. ഇന്ത്യയുടെ പൗരാണിക ഡിസൈനുകളെ ഇന്നത്തെ സൗന്ദര്യ സങ്കല്പങ്ങളിലേക്ക് ആവാഹിക്കാനുള്ള റോ മാൻഗോയുടെ ശ്രമങ്ങൾ ലോകത്തിന്റെ കയ്യടി നേടിയിട്ടുണ്ട്. ഡിസൈനുകളുടെ പൂർണത ഉറപ്പ് വരുത്താൻ പരമ്പരാഗത നെയ്ത്തു തൊഴിലാളികളുടെ സേവനം ഓരോ നിർമാണശാലകളിലും റോ മാൻഗോ ലഭ്യമാക്കിയിട്ടുണ്ട്. കൊച്ചിയിലെ പ്രദര്‍ശനത്തിന് അഞ്ച് സീരിസ് ഡിസൈനുകളാണ് റോ മാൻഗോയുടേതായുള്ളത്. കൈകൊണ്ടു വരച്ച ചിത്രങ്ങൾ ശുദ്ധമായ പട്ടിൽ ഡിജിറ്റിലായി ആലേഖനം ചെയ്തെടുത്ത ‘മിഡ്നൈറ്റ്’ ചന്ദേരിയുടെ രാജകീയത പട്ടിന്റെയും കല്ലുകളുടേയും മനോഹാരിതയിൽ വിരിയിച്ചെടുത്ത ‘റാസ്’ എന്നിവ അവയിൽ ചിലതു മാത്രം. 

‘വാർഡ്രോബ്’ തുറക്കുന്നത്? 

കൊച്ചിയിലാണ് ഫാഷന്റെ ‘വാർഡ്രോബ്’ തുറക്കുന്നത്. ഹോട്ടൽ അവന്യൂ സെന്ററിൽ ജൂലൈ 28 ന് രാവിലെ 9:30 മുതൽ രാത്രി 7:30 വരെയാണ് പ്രദർശനം.